അമേരിക്കയിൽ ട്രക്ക് വാങ്ങിയാലും ആചാരം വിട്ടൊരു കളിയില്ല, ഭാര്യയുടെ കാൽപാദം ബോണറ്റിൽ പതിപ്പിച്ച് ഇന്ത്യക്കാരൻ
സ്വന്തമായൊരു വാഹനം വാങ്ങുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ് അല്ലേ. അതിപ്പോൾ കാറായാലും ബൈക്കായാലും ലോറിയായാലും ബസായാലും ഓട്ടോറിക്ഷയായാലും അതെല്ലാം വല്ലാത്തൊരു ഫീലാണ് തരുന്നത്. നാരങ്ങവെച്ചും അമ്പലത്തിൽ അല്ലെങ്കിൽ പള്ളിയിൽ പോയി പൂജിക്കുന്നതുമെല്ലാം വണ്ടി കൈയിൽ കിട്ടിയാൽ പൊതുവേ നമ്മൾ ഇന്ത്യക്കാർ ചെയ്യുന്ന കാര്യമാണ്. ഇപ്പോൾ കുടിയേറ്റം കൂടുതൽ നടക്കുന്നതിനാൽ ഏത് രാജ്യത്ത് വാഹനം വാങ്ങിയാലും ഇന്ത്യക്കാർക്ക് ആചാരം വിട്ടൊരു കളിയുമില്ലെന്നതാണ് സത്യം. അതിന് ഉദാഹരണമായി പുത്തനൊരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത്തരം വിശ്വാസങ്ങൾക്ക് അവിടെ യാതൊരു വിധ വിലക്കുമില്ല താനും.
യുഎസിൽ പുതുതായി ട്രക്ക് വാങ്ങിയ ദമ്പദികളുടേതാണ് വീഡിയോ. പുതിയ സെമി-ട്രക്ക് സ്വന്തമാക്കിയ ഇന്ത്യക്കാരൻ മതപരമായ ആചാരങ്ങൾ നടത്തുന്നതാണ് കാണാനാവുക. പക്ഷേ ഇതിലെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചാൽ ഉടമയുടെ ഭാര്യയുടെ കാൽപാദം കുങ്കുമത്തിൽ പതിപ്പിച്ചതിന് ശേഷം എടുത്ത് പൊക്കി ബോണറ്റിൽ കാൽപാദം പതിപ്പിക്കുന്നത് കാണാം. നീരവ് റാവു എന്ന വ്യക്തിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സംഗതി എന്തായാലും ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുണ്ടെന്നതാണ് രസകരമായ വിഷയം. ചിലർ അദ്ദേഹത്തെ അനുകൂലിച്ച് മുമ്പോട്ട് വന്നപ്പോൾ ചിലർ വിമർശനങ്ങളാണ് കമ്റ് ബോക്‌സിലൂടെ തൊടുത്തുവിട്ടിരിക്കുന്നത്. അടുത്തിടെ വാങ്ങിയ ട്രക്കിന്റെ വലിപ്പവും കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഉടമ തന്റെ പുതിയ ട്രക്കിന് ബ്ലൂ വെയിൽ എന്നാണ് പേരിട്ടിരിക്കുന്നത്.
പെട്ടെന്ന് ഈ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ വരുന്ന പേര് കുട്ടികളുടെ ജീവനെടുത്ത ഗെയിം ആയിരിക്കും. എന്തായാലും ട്രക്കിന്റെ കളർ കാരണമായിരിക്കാം നീരവ് റാവു ഈ പേര് നൽകിയിരിക്കുന്നതെന്നാണ് സൂചന. ഫ്രൈറ്റ്‌ലൈനർ ബ്രാൻഡിൽ നിന്നുള്ള സെമി ട്രക്കാണ് ഇത്. സെമിയുടെ വാതിലിൽ റാവു ട്രാൻസ്‌പോർട്ട് എന്ന സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെത്തിയാലും ആചാരങ്ങൾ മറന്നില്ലല്ലോയെന്നാണ് കൂടുതൽ ആളുകളുടേയും കമന്റ്.

ഇന്ത്യയിൽ വിലകൂടിയതും വിദേശീയവുമായ കാറുകൾ സ്വന്തമാക്കിയ നിരവധി കോടീശ്വരന്മാർ സമാനമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഡീലർഷിപ്പുകൾക്ക് പുറത്ത് ലംബോർഗിനി ഹുറാക്കൻ പോലുള്ള ആഡംബര കാറുകളിൽ ആളുകൾ മതപരമായ ചടങ്ങുകൾ നടത്തുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ച്ചയാണ്. ആയതിനാൽ വിദേശികൾക്ക് ഇതെല്ലാം ചിലപ്പോൾ ഒരു തമാശയായി തോന്നിയേക്കാം.
ബോയിൻപള്ളി ശ്രീനിവാസ് റാവു എന്ന വലിയ വ്യവസായി പുതിയ എയർബസ് ഹെലികോപ്റ്റർ വാങ്ങിയപ്പോൾ പോലും അമ്പലത്തിൽ എത്തിച്ച് പൂജ നടത്തിയിട്ടുള്ള നാടാണ് നമ്മുടെ ഇന്ത്യ. ഏകദേശം 50 കോടി രൂപ വിലയുള്ള എയർബസ് ACH-135 ഹെലികോപ്റ്ററാണ് ഇത്തരത്തിൽ മതപരമായ ആചാരങ്ങൾക്ക് വിധേയമായത്. ഇതെല്ലാം ആളുകളുടെ വിശ്വാസത്തിന് അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളായതിനാൽ അതിലൊന്നും ഇടപെടാതിരിക്കുന്നതാണ് നല്ലത്.

മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ശരിയായ നടപടിയുമല്ല. ഇനി വീഡിയോയിലുള്ള ട്രക്കിന്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഡെയ്ംലർ ട്രക്ക് കമ്പനിയുടെ നോർത്ത് അമേരിക്കയുടെ ബ്രാൻഡാണ് ഫ്രൈറ്റ്‌ലൈനർ. കാസ്‌കാഡിയ, M2 മോഡലുകൾ പോലുള്ള ഹെവി-ഡ്യൂട്ടി ട്രക്കുകൾക്ക് പേരുകേട്ട ഒരു മുൻനിര അമേരിക്കൻ സെമി-ട്രക്ക് നിർമാതാക്കളാണിവർ. കൂടാതെ ഇലക്ട്രിക്, ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








