ഡീസലല്ല, കറണ്ട് മതി! സിംഗിൾ ചാർജിൽ 263 KM ഓടിക്കാം; ഡി-മാക്‌സ് ഇലക്‌ട്രിക് പിക്കപ്പ് യാഥാർഥ്യമാക്കി ഇസൂസു
ഇന്ത്യയിൽ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയെ ജനകീയരാക്കിയ വാഹന നിർമാതാക്കളാണ് ഇസൂസു. ടാറ്റയും മഹീന്ദ്രയും വരെ തോറ്റ് പിൻമാറിയ സെഗ്മെന്റിൽ ജാപ്പനീസ് ബ്രാൻഡ് വെന്നിക്കൊടി പാറിച്ചത് ഡി-മാക്‌സ് സീരീസിലൂടെയായിരുന്നു. വാണിജ്യ വാഹന രംഗത്തും പാസഞ്ചർ കാർ വിപണിയിലും ഒരുപോലെ ഹിറ്റായ മോഡലുകൾക്ക് ഇന്നും ആവശ്യക്കാർ ഏറെയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ടൊയോട്ട ഹൈലക്‌സ് എന്ന ഭീമനുമായി വരുന്നതും. അതുകൊണ്ട് പിക്കപ്പ് ട്രക്ക് എന്നുകേൾക്കുമ്പോഴേ നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും ഇസൂസു ഡി-മാക്സ് വി-ക്രോസിന്റേത്.
എന്നാൽ വാഹന വിപണിയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണെന്നതാണ് സത്യം. ഇവികൾ ലോകം കീഴടക്കുമ്പോൾ ഇസൂസുവും ട്രെൻഡിനൊപ്പം ചേരാൻ മടികാട്ടിയില്ല. പ്രധാന എതിരാളികൾ മാനത്ത് കാണുന്നതിനു മുമ്പേ തന്നെ തങ്ങളുചെ പിക്കപ്പിനെ വൈദ്യുതീകരിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾ മുമ്പേ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇസൂസുവിന്റെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പ്രൊഡക്ഷൻ രൂപത്തിൽ ഡി-മാക്‌സ് ഇവിയെ അവതരിപ്പിച്ചിരിക്കുകയാണ് ഇസൂസു. NEC ബർമിംഗ്ഹാമിൽ നടന്ന 2025 കൊമേഴ്‌സ്യൽ വെഹിക്കിൾ ഷോയിലാണ് (CV Show) കമ്പനി പൂർണ ഇലക്ട്രിക് ഡി-മാക്‌സിന്റെ പ്രൊഡക്ഷൻ പതിപ്പിനെ അനാച്ഛാദനം ചെയ്‌തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആദ്യം യൂറോപ്യൻ വിപണികളിലാവും മോഡൽ എത്തുകയെന്നാണ് വിവരം.
ഡി-മാക്സ് ഇവിയുടെ എക്സ്റ്റീരിയർ ഡിസൈൻ നിലവിലെ ICE എഞ്ചിൻ മോഡലിന് സമാനമാണെന്ന് വേണം പറയാൻ. കൺസെപ്റ്റ് പതിപ്പ് ഒരു ക്ലോസ്ഡ്-ഓഫ് ഗ്രിൽ ഡിസൈൻ, പുതിയ ലൈറ്റിംഗ് പോലുള്ള ഘടകങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. കൺസെപ്റ്റിനൊപ്പം സ്‌പോർട്ടിയർ ഡ്യുവൽ-ടോൺ അലോയ് വീലുകളും പണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ ബർമിംഗ്ഹാമിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രൊഡക്ഷൻ മോഡലിൽ ഇതൊന്നും കാണാനാവില്ല.

ഗ്രില്ലും മറ്റ് കാര്യങ്ങളുമെല്ലാം ICE എഞ്ചിൻ പതിപ്പിന് സമാനമായിരുന്നു. വൈദ്യുതീകരിച്ച മോഡൽ കരുത്തുറ്റ ഡി-മാക്സ് പ്ലാറ്റ്‌ഫോമിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള ഡി-മാക്സ് DL40, വി-ക്രോസ് ഡീസൽ വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ള രണ്ട് ട്രിമ്മുകളിലാണ് ഡി-മാക്സ് ഇവി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് ഡി-മാക്സിനൊപ്പം എക്സ്റ്റെൻഡഡ് ക്യാബ്, ഡബിൾ ക്യാബ് ഓപ്ഷനുകൾ ലഭ്യമാകും.
66.9 kWh ഹൈ-പെർഫോമൻസ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇസൂസു ഡി-മാക്സ് ഇവിയുടെ ഹൃദയം. ഡീസൽ ഹൃദയവുമായി ഓടുന്ന മോഡലുകളുടെ അതേ ഹെവി-ഡ്യൂട്ടി പെർഫോമൻസ് ഇലക്ട്രിക് ഡി-മാക്‌സ് നൽകുന്നുവെന്ന് അതിലെ നൂതന ഇലക്ട്രിക് ഡ്രൈവ്‌ട്രെയിൻ ഉറപ്പാക്കുന്നു. ഇരട്ട മോട്ടോറുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ ഇവിക്ക് 190 bhp കരുത്തിൽ 325 Nm torque വരെ നിർമിക്കാനാവും.

ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ നിലവിലുള്ള 1.9 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിലെ 164 bhp, 360 Nm torque എന്നിവയുമായി ഇത് താരതമ്യപ്പെടുത്താവുന്നതാണ്. മറ്റ് പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത 10.1 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഡി-മാക്‌സ് ഇവിക്ക് സാധിക്കും. പരമാവധി വേഗത മണിക്കൂറിൽ 128 കിലോമീറ്ററാണെന്നും ഇസൂസു പറയുന്നു.
WLTP മാനദണ്ഡങ്ങൾ അനുസരിച്ച് ഇസൂസു ഡി-മാക്‌സ് ഇവിക്ക് സിംഗിൾ ചാർജിൽ 263 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. ഇസുസു ഡി-മാക്സ് ഇവിയുടെ 4×4 കോൺഫിഗറേഷൻ 1 ടൺ പേലോഡ് ശേഷിയും 3.5 ടൺ ടോവിംഗ് ശേഷിയും ഉൾക്കൊള്ളുന്നതാണ്. റേഞ്ച് വർധിപ്പിക്കുന്നതിന് ഇക്കോ മോഡും ഉണ്ടെന്നതിനാൽ ആശങ്കകളൊന്നും വേണ്ട. അഡ്വാൻസ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗും റേഞ്ച് മെച്ചപ്പെടുത്താൻ സഹായിക്കും.


Click it and Unblock the Notifications








