ഒറ്റയടിക്ക് കൂട്ടിയത് 1.25 ലക്ഷം രൂപ, എന്നിട്ടും ഹൈലക്‌സിനേക്കാൾ വില കുറവ്! 5 പേർക്ക് സുഖമായി എവിടെയും പോവാം
ഇന്ത്യക്കാർക്ക് അത്ര പിടുത്തമില്ലാത്ത സെഗ്മെന്റായിരുന്നു ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. ക്യാമ്പിംഗ് പോലുള്ള ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ആദ്യ കാഴ്ച്ചയിൽ പലർക്കും ദഹിച്ചിരുന്നില്ല. അങ്ങനെ ടാറ്റയും മഹീന്ദ്രയും വരെ തോറ്റ് പിൻമാറിയ സെഗ്മെന്റിൽ വെന്നിക്കൊടി പാറിച്ചത് ജാപ്പനീസ് വാഹന നിർമാതാക്കാളായ ഇസൂസുവായിരുന്നു. ഡി-മാക്‌സ് സീരീസിലൂടെ രാജ്യം വെട്ടിപ്പിടിക്കാനും കമ്പനിക്കായി. അങ്ങനെ തങ്ങളുടേതായ അഡ്രസുണ്ടാക്കിയെടുത്ത ബ്രാൻഡ് ഇന്നും വിപണിയിലെ നിറസാന്നിധ്യമാണ്. ഉയർന്ന വിലയും മറ്റ് പ്രീമിയം എസ്‌യുവികളോടുള്ള ആളുകളുടെ പ്രണയവും കാരണം വമ്പൻ വിൽപ്പന കണക്കുകൾ ഒന്നും പറയാനില്ലെങ്കിലും ഇസൂസു നല്ല വിറ്റുവരവ് തന്നെയാണ് ഇവിടുന്ന് നേടിയെടുക്കുന്നത്.
പാസഞ്ചർ കാർ വിപണിയേക്കാൾ കൂടുതൽ ലാഭം കമ്പനിക്ക് നേടിക്കൊടുക്കുന്നത് വാണിജ്യ മോഡലുകളാണെന്ന് പറയാം. എസ്-ക്യാബുകളെല്ലാം രാജ്യത്ത് ചൂടപ്പംപോലെയാണ് വിറ്റഴിയുന്നത്. എങ്കിലും പാസഞ്ചർ വാഹന വിഭാഗത്തിൽ ഇസൂസു ഡി-മാക്‌സ് വി-ക്രോസിന് പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. ഒപ്പം ടൊയോട്ട ഫോർച്യൂണർ പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടാൻ MU-X ഫുൾ-സൈസ് എസ്‌യുവിയേയും ബ്രാൻഡ് വിപണനം ചെയ്യുന്നുണ്ട്.

ഇസൂസു പ്രേമികളെ സങ്കടപ്പെടുത്തുന്നൊരു വാർത്തയാണ് ഇപ്പോൾ കമ്പനിയിൽ നിന്നും പുറത്തുവരുന്നത്. മറ്റൊന്നുമല്ല, ഇസൂസു ഇന്ത്യ MU-X, വി-ക്രോസ് ശ്രേണികളിലുടനീളം വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണിപ്പോൾ. രണ്ട് മോഡലുകളുടെയും നിരയിലെ എല്ലാ വകഭേദങ്ങളിലും വില പരിഷ്ക്കാരം നടപ്പിലാക്കിയിട്ടുണ്ടെന്നാണ് കാർവാലെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വി-ക്രോസിന്റെ പുതിയ വില എങ്ങനെയാണെന്ന് വിശദമായി നോക്കിയാലോ?
ഹൈ-ലാൻഡർ, 2WD ഓട്ടോമാറ്റിക്, 4WD മാനുവൽ, 4WD മാനുവൽ പ്രസ്റ്റീജ്, 4WD ഓട്ടോമാറ്റിക് പ്രസ്റ്റീജ് എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വേരിയന്റുകളിലാണ് പിക്കപ്പ് ട്രക്ക് വരുന്നത്. ഇസൂസു വി-ക്രോസിന്റെ മിഡ്-സ്പെക്ക് Z 4x4 മാനുവൽ വേരിയന്റിന് 1.25 ലക്ഷം രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. അതേസമയം Z പ്രസ്റ്റീജ് 4x4 മാനുവൽ, ഹൈ-ലാൻഡർ വേരിയന്റുകൾക്കും മുമ്പത്തെ വിലയേക്കാൾ യഥാക്രമം 99,700 രൂപയും 59,900 രൂപയുമാണ് ഇനി മുതൽ അധികം മുടക്കേണ്ടതായി വരിക.

മറുവശത്ത് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ Z4 പ്രസ്റ്റീജ് 4x4 ഓട്ടോമാറ്റിക്, Z4x2 ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 50,400 രൂപയും 19,900 രൂപയും വില വർധിച്ചുവെന്നും കമ്പനി അറിയിച്ചു. അങ്ങനെ ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഹൈലക്‌സിന്റെ എതിരാളിയായ മോഡലിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 21.80 ലക്ഷം രൂപ മുതൽ 31.46 ലക്ഷം രൂപ വരെയാണ് വരുന്നത്.
വില വർധനവ് ലഭിച്ചിട്ടുണ്ടെങ്കിലും വാഹനത്തിന് മെക്കാനിക്കലായോ കോസ്മെറ്റിക്കായോ പരിഷ്ക്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. മുമ്പുണ്ടായിരുന്ന അതേ 1.9 ലിറ്റർ, ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് ഇസൂസു ഡി-മാക്‌സ് വി-ക്രോസിന് തുടിപ്പേകാൻ എത്തുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 163 bhp കരുത്തിൽ പരമാവധി 360 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

ഏതുതരം റോഡിലും മിന്നുന്ന പെർഫോമൻസ് പുറത്തെടുക്കാൻ കഴിയുന്ന 4x2, 4x4 പതിപ്പുകൾക്കുള്ള ഓപ്ഷനുകളും ലൈഫ് സ്റ്റൈൽ പിക്കപ്പിലുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4WD സിസ്റ്റം, 6 എയർബാഗുകൾ എന്നിവയാണ് വി-ക്രോസിന്റെ ഇന്റീരിയറിനെ കിടിലമാക്കുന്നത്.
ഇതുകൂടാതെ റിയർ സീറ്റുകൾക്ക് ക്രമീകരിക്കാവുന്ന റിക്ലൈൻ ഫംഗ്‌ഷനും ലഭിക്കുന്നതിനാൽ യാത്രകളെല്ലാം മടുപ്പില്ലാത്തതാണ്. എയർബാഗിന് പുറമെ ട്രാക്ഷൻ കൺട്രോൾ, ESC, HDC, HSA, പിന്നിലെ യാത്രക്കാർക്കുള്ള ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, പിൻസീറ്റ് ഒക്യുപൻ്റ് ഡിറ്റക്ഷൻ സെൻസറുകൾ പോലുള്ള സേഫ്റ്റി ഫീച്ചറുകളും കോർത്തിണക്കിയാണ് ഏറ്റവും പുതിയ ഇസൂസു വി-ക്രോസ് വിപണിയിലെത്തുന്നത്. വിലയിലെ വർധനവ് വിൽപ്പനയെ ബാധിക്കുമോയെന്ന കാര്യം വരും ദിവസങ്ങളിൽ കണ്ടറിയാം.


Click it and Unblock the Notifications








