ജീപ്പിന്റെ 7-സീറ്റർ എസ്‌യുവിക്ക് പുതിയ മുഖം സമ്മാനിച്ച് കമ്പനി, ഇടിവെട്ട് പേര് മാത്രം ഇന്ത്യക്കില്ല
കോമ്പസിന് ശേഷം ഇന്ത്യയിൽ ജീപ്പിന് കൂടുതൽ കച്ചോടം പിടിച്ചുകൊടുക്കുന്ന മോഡലാണ് മെറിഡിയൻ. 7-സീറ്റർ അല്ലെങ്കിൽ 5-സീറ്റർ പതിപ്പിൽ വാങ്ങാനാവുന്ന എസ്‌യുവി മത്സരിക്കുന്നതാവട്ടെ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് തുടങ്ങിയ വമ്പൻമാരോടാണ്. ഇന്ത്യയിൽ മെറിഡിയൻ എന്ന പേര് സ്വീകരിച്ചപ്പോൾ ബ്രസീൽ പോലുള്ള ആഗോള വിപണികളിൽ കമാൻഡർ എന്ന പേരാണ് വാഹനം സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ കാനറിപ്പടയുടെ നാട്ടിൽ കമാൻഡറിന്റെ പുത്തൻ മോഡൽ അവതരിപ്പിച്ച് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ്.
മെറിഡിയൻ ഇന്ത്യയിൽ എത്തുന്നതിന് തൊട്ടുമുമ്പായി 2021 മുതലാണ് ജീപ്പ് കമാൻഡർ ദക്ഷിണ അമേരിക്കൻ വിപണിയിൽ ലഭ്യമായി തുടങ്ങിയത്. വിപണിയിലെത്തി ഇതാദ്യമായാണ് ഇത്തരത്തിലൊരു മിഡ്-ലൈഫ് നവീകരണം എസ്‌യുവിയിലേക്ക് വരുന്നത്. പുറത്ത് ചെറിയ ഡിസൈൻ മാറ്റങ്ങളും ഇന്റീരിയറിൽ അൽപം കൂടി ഗൌരവകരമായ പരിഷ്ക്കാരങ്ങളുമാണ് മോഡലിൽ എത്തിയിരിക്കുന്നത്. സമാനമായ മാറ്റങ്ങൾ ഇന്ത്യയിലെ മെറിഡിയനിലും ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള ജീപ്പ് മെറിഡിയനുമായി താരതമ്യപ്പെടുത്തുമ്പോൾ 2026 കമാൻഡറിന്റെ ഹെഡ്‌ലൈറ്റുകൾക്ക് കൂടുതൽ കട്ടിയുള്ളതായി തോന്നുന്നുണ്ട്. അതുപോലെ തന്നെ ഐക്കണിക് 7-സ്ലാറ്റ് ഗ്രില്ലിലും ചെറിയ മിനുക്കുപണികൾ ജീപ്പ് ഒരുക്കിയിട്ടുണ്ട് കേട്ടോ. ഹെഡ്‌ലൈറ്റ് യൂണിറ്റുകൾക്കൊപ്പം ഇപ്പോൾ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും കൊടുത്തിരിക്കുന്നതും മനോഹരം തന്നെയാണ്.
മുമ്പ് ഡിആർഎൽ ബമ്പറിലായിരുന്നു ഇടംപിടിച്ചിരുന്നത്. എന്തായാലും ഈയൊരു മാറ്റം എസ്‌യുവിക്ക് വല്ലാത്തൊരു ചന്തം തന്നെയാണ് സമ്മാനിക്കുന്നത്. ഫ്രണ്ട് ബമ്പറും ഫോഗ് ലൈറ്റ് ക്ലസ്റ്ററും ചില പരിഷ്ക്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. കൂടാതെ വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈനും കൂടി എത്തിയതോടെ മൊത്തത്തിൽ ഫ്രഷ്‌നെസ് കൈവരിക്കാൻ ജീപ്പ് കമാൻഡറിന് സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.

ഇന്ത്യ-സ്പെക്ക് മെറിഡിയനിൽ നിന്ന് വ്യത്യസ്തമായി റിയർ ടെയിൽ-ലൈറ്റുകൾ ഒരു എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. ജീപ്പ് കമാൻഡറിന്റെ ടോപ്പ് വേരിയന്റുകളിൽ ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും കാണാൻ സാധിക്കും. ഇന്ത്യയിലെ മെറിഡിയനെപ്പോലെ 5-സീറ്റർ അല്ലെങ്കിൽ 7- സീറ്റ് ലേഔട്ടുകളിലാണ് കമാൻഡർ വാഗ്ദാനം ചെയ്‌തിരുന്നത്. എന്നാൽ കുറഞ്ഞ ഡിമാൻഡ് കാരണം ജീപ്പ് ബ്രസീൽ 5-സീറ്റർ മോഡൽ നിർത്തലാക്കുകയുണ്ടായി.
ടോപ്പ് എൻഡ് വേരിയന്റികളിൽ റോട്ടറി ഗിയർ സെലക്ടറും അപ്ഹോൾസ്റ്ററിയിൽ വരുത്തിയ മാറ്റങ്ങളും ഒഴികെ 2026 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ നിലവിലെ മോഡലിന് സമാനമാണ്. ലെവൽ 2 ADAS സ്യൂട്ട് മുതൽ റേഞ്ച്-ടോപ്പിംഗ് ട്രിമ്മുകളിലെ 360-ഡിഗ്രി ക്യാമറ വരെയുള്ള ഫീച്ചർ പട്ടികയും മാറ്റമില്ലാതെ തുടരുകയാണ്. കമാൻഡറിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ വാങ്ങാനാവും.

പുതിയ ജീപ്പ് കമാൻഡറിലെ എഞ്ചിൻ ഓപ്ഷനുകളിൽ 176 bhp പവറുള്ള 1.3 ലിറ്റർ ടർബോചാർജ്ഡ് ഫ്ലെക്‌സ്-ഫ്യൂവൽ, 272 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ, 200 bhp നൽകുന്ന 2.2 ലിറ്റർ ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്. ഫ്ലെക്‌സ്-ഫ്യൂവൽ എഞ്ചിൻ പ്രവർത്തിപ്പിക്കുന്ന മോഡലുകൾ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫ്രണ്ട് വീൽ ഡ്രൈവുമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി ഫോർവീൽ ഡ്രൈവ് സംവിധാനം നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം അവസാനം ജീപ്പ് മെറിഡിയന് ഒരു ചെറിയ മുഖംമിനുക്കൽ ലഭിച്ചിരുന്നു. അന്നാണ് 5 സീറ്റർ വേരിയന്റും എസ്‌യുവിയിൽ അവതരിപ്പിക്കുന്നത്. ജീപ്പ് ഇന്ത്യ കഴിഞ്ഞ മാസം ഒരു മെറിഡിയൻ ട്രെയിൽ എഡിഷനും പുറത്തിറക്കിയിരുന്നു. ഇത് അടിസ്ഥാനമാക്കിയുള്ള ലിമിറ്റഡ് (O) വേരിയന്റിനേക്കാൾ 48,000 രൂപ കൂടുതലാണ്. മെറിഡിയന് നിലവിൽ 24.99 ലക്ഷം മുതൽ 38.79 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








