കടകാലിയാക്കാൻ ഇറങ്ങിത്തിരിച്ച് ജീപ്പ്, 7 സീറ്റർ എസ്‌യുവിക്ക് 3.60 ലക്ഷം രൂപ വിലക്കുറവ്
ഇന്ത്യൻ വാഹന വിപണിയിൽ എങ്ങനെയും പ്രതാപം നേടിയെടുക്കാനുള്ള പ്രയത്നത്തിലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. നിലവിൽ എണ്ണം പറഞ്ഞ ഒന്നാന്തരം എസ്‌യുവികളാണ് രാജ്യത്തുള്ളതെങ്കിലും അർഹിക്കുന്ന വിജയം നേടാൻ ആർക്കമായിട്ടില്ലെന്നതാണ് സത്യം. കോമ്പസും മെറിഡിയനും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുമുണ്ട്. ഫോർഡിന്റെ അവസ്ഥ വരരുതെന്ന് വാശിയുള്ള കമ്പനി ആളുകളെ എങ്ങനെയും ചാക്കിലാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ഓരോ മാസവും മോഡൽ നിരയിൽ ഗംഭീര ഓഫറുളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യാനും ജീപ്പ് ശ്രമിക്കാറുണ്ട്. 2025 മെയ് മാസത്തേക്കായുള്ള ഡിസ്‌കൗണ്ട് കേട്ടാൽ ആർക്കായാലും ജീപ്പ് വാങ്ങാൻ തോന്നും.
കോമ്പസ്, മെറിഡിയൻ അല്ലെങ്കിൽ ജീപ്പിന്റെ പ്രീമിയം ഗ്രാൻഡ് ചെറോക്കി വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്നവർക്ക് കൈവന്നിരിക്കുന്നത്. ഇനി ഇങ്ങനെ ഒരു ഉഗ്രൻ ഓഫർ കിട്ടിയില്ലെങ്കിൽ പിന്നീട് നിരാശ വരെ തോന്നിയേക്കാം കേട്ടോ. മെയ് മാസത്തേക്കായി മൊത്തം 3.60 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് ജീപ്പ് ഒരുക്കിവെച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ തുക മോഡലിനേയും വേരിയന്റിനെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് കേട്ടോ.

ആയതിനാൽ കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ജീപ്പ് ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. കോമ്പസിന് ഈ മാസം 2.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ വിഭാഗത്തിൽ 1.70 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ആളുകൾക്ക് ഉപയോഗപ്പെടുത്താനാവുക. ഡോക്ടർമാർ, ലീസിംഗ് സ്ഥാപനങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥർ, ജീപ്പ് ബ്രാൻഡുമായി ബന്ധപ്പെട്ടവർ എന്നിവരുൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്കായി അധികമായി 1.10 ലക്ഷം രൂപയുടെ ഓഫറും നേടാനാവും.
ഈ ഓഫറുകൾ പ്രധാനമായും ജീപ്പ് കോമ്പസിന്റെ 2024 മോഡലുകൾക്കാണ് ലഭ്യമാകുന്നത് എന്നതും പ്രത്യേകം ഓർമിക്കേണ്ട സംഗതിയാണ്. കൂടാതെ ഡീലർമാർ, സംസ്ഥാനം, സ്ഥലം സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞ തുകയിലും വ്യത്യാസങ്ങളുണ്ടായിരിക്കാം. ഇനി ജീപ്പ് മെറിഡിയൻ എസ്‌യുവിയുടെ കാര്യത്തിലേക്ക് വന്നാൽ 2025 മെയ് മാസത്തേക്കായി ഒരുക്കിയിരിക്കുന്ന ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ട് ഈ എസ്‌യുവിലാണ് ലഭിക്കുക.

അമേരിക്കൻ വാഹന നിർമാതാക്കളുടെ മൂന്ന് നിര എസ്‌യുവി ഇപ്പോൾ 3.60 ലക്ഷം രൂപ വരെ വിലവരുന്ന ആനുകൂല്യങ്ങളോടെയാണ് വിറ്റഴിക്കുന്നത്. വാങ്ങുനെത്തുന്നവരുടെ പ്രൊഫൈലും സ്റ്റോക്ക് ലഭ്യതയും അനുസരിച്ച് മെറിഡിയനിൽ 2.30 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും കൂടാതെ 1.30 ലക്ഷം രൂപ അധികമായി പ്രത്യേക ഓഫറും ലഭ്യമാണ്. മെറിഡിയന് 24.99 ലക്ഷം മുതൽ 38.79 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്.
ഈ വിലയിൽ നിന്നും വലിയൊരു സംഖ്യ കുറയുന്നതിനാൽ മെറിഡിയൻ വാങ്ങാൻ ഏറ്റവും പറ്റിയ സമയമാണിതെന്ന് പറയാം. ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ, നിസാൻ X-ട്രെയിൽ തുടങ്ങിയ വമ്പൻമാരുമായാണ് ജീപ്പിന്റെ 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനം മാറ്റുരയ്ക്കുന്നത്. അടുത്തിടെ മോഡലിന്റെ 5-സീറ്റർ പതിപ്പിനേയും ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

ജീപ്പ് ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്രാൻഡ് ചെറോക്കി വാങ്ങാനിരിക്കുന്നവർക്കും സന്തോഷിക്കാനുള്ള വകയുണ്ടേ. ടോപ്പ് എൻഡ് വേരിയന്റായ ലിമിറ്റഡ് (O) പതിപ്പിൽ മാത്രം വിൽക്കുന്ന ഗ്രാൻഡ് ചെറോക്കി ഇപ്പോൾ 3 ലക്ഷം രൂപ വരെയുള്ള ഓഫറുകളോടെയാണ് വിപണിയിലെത്തുന്നത്. 67.50 ലക്ഷം രൂപയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഓഫ്-റോഡ് കിങായ റാങ്ലറിനെ ഡിസ്‌കൗണ്ട് ഓഫറുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അടുത്തിടെ റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ എന്നൊരു ലിമിറ്റഡ് എഡിഷൻ മോഡലിനെ കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. പരിമിതമായ യൂണിറ്റുകളിൽ മാത്രം നിർമിക്കുന്ന വാഹനത്തിന്റെ വെറും 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വാങ്ങാനാവുക. 1941 ലെ ഒറിജിനൽ മിലിട്ടറി വില്ലീസിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വില്ലീസ് 41 നിർമിച്ചിരിക്കുന്നത്.

73.16 ലക്ഷം രൂപയാണ് മോഡലിനായി മുടക്കേണ്ടി വരിക. അതായത് റാങ്ലർ റൂബിക്കൺ പതിപ്പിനേക്കാൾ ഏകദേശം 1.51 ലക്ഷം കൂടുതലായിരിക്കുമെന്ന് സാരം. റൂബിക്കോണിന് 71.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷന് തുടിപ്പേകുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ 270 bhp കരുത്തിൽ പരമാവധി 400 Nm torque ഉത്പാദിപ്പിക്കും.


Click it and Unblock the Notifications








