സ്നേഹിച്ച് കാശുണ്ടാക്കാൻ ജീപ്പ്, കോമ്പസിനൊക്കെ എന്താ ഓഫർ; ഇപ്പോൾ വാങ്ങിയാൽ 3 ലക്ഷം വരെ പോക്കറ്റിൽ ഇരിക്കും
സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ അപ്പൻതമ്പുരാനാണ് അമേരിക്കൻ ബ്രാൻഡായ ജീപ്പ് (SUV). വിപണിയിൽ കാര്യമായ വിൽപ്പന കണക്കുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇവരുടെ മോഡലുകളെ കുറിച്ച് ആർക്കും പരാതിയൊന്നും പറയാനുണ്ടാവില്ല. പ്രീമിയം എസ്‌യുവികളായതിനാൽ തന്നെ വാങ്ങാൻ ആളുകൾ എത്തുന്നത് കുറവാണെങ്കിലും ജീപ്പിന്റെ ഇമേജ് അന്നും ഇന്നും ഒരുപോലെയാണ്. കോമ്പസ് (Compass), മെറിഡിയൻ (Meridian), ഗ്രാൻഡ് ചെറോക്കി (Grand Cherokee), റാങ്‌ലർ തുടങ്ങിയ വമ്പൻ മോഡലുകളാണ് ഇന്ത്യൻ വിപണിക്കായി ജീപ്പ് എത്തിച്ചിരിക്കുന്നത്. തുടക്കകാലത്ത് കോമ്പസിന് നല്ലതുപോലെ കച്ചോടം പിടിക്കാനായിരുന്നുവെങ്കിലും പിന്നീട് പതിയെ ഇടിയുന്നതാണ് കാണാനായത്.
ഇതിനെല്ലാം പരിഹാരമായി കമ്പനി അടിക്കടി ഓഫറുകളും ആനുകൂല്യങ്ങളും നൽകാറുമുണ്ട്. ഇപ്പോഴിതാ സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഭാഗമായി കിടിലൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് ജീപ്പ്. അതും 3 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് അമേരിക്കൻ ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇതിനൊപ്പം ചെറിയ ഓട്ടങ്ങൾക്കായി ചെറിയൊരു സെക്കൻഡ് ഹാൻഡ് കാറും കൂടി വാങ്ങിച്ചിടാൻ പറ്റും.

എന്തായാലും 2025 മാർച്ച് മാസത്തേക്കായി ജീപ്പ് കൊണ്ടുവന്നിരിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി നോക്കിയാലോ? പക്ഷേ അതിന് മുമ്പായി മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് കേട്ടോ. ഡിസ്‌കൗണ്ട് ഓഫർ ലഭ്യമായ സ്റ്റോക്കിന്റെയും സംസ്ഥാനത്തേയും നഗരത്തേയും എല്ലാം അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടേക്കാം. കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ അടുത്തുള്ള ജീപ്പിന്റെ പ്രാദേശിക ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഏറ്റവും ഉചിതം.
ജീപ്പ് കോമ്പസ് വാങ്ങാൻ എത്തുവർക്കായി 2.70 ലക്ഷം രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. ഇതിൽ ചില ഡീലർഷിപ്പുകളിൽ സ്റ്റോക്കുള്ള എസ്‌യുവിയുടെ 2024 മോഡലുകൾക്ക് 1.0 ലക്ഷം രൂപ വിലമതിക്കുന്ന കോർപ്പറേറ്റ് ബെനഫിറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ജീപ്പ് കോമ്പസിന്റെ ഈ പരിമിതകാല ഓഫർ തെരഞ്ഞെടുത്ത വകഭേദങ്ങളിൽ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഡോക്ടർമാർ, ലീസിംഗ് കമ്പനികൾ തുടങ്ങിയവർക്കായി ജീപ്പ് ഇന്ത്യ ഈ മാസം കോമ്പസിൽ 15,000 രൂപയുടെ പ്രത്യേക ഓഫറുകളും നൽകിവരുന്നുണ്ട്. നിലവിൽ 18.99 ലക്ഷം മുതൽ 32.41 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് കോമ്പസിന്റെ ഹൃദയം.
ഇനി മെറിഡിയൻ വാങ്ങാനെത്തുന്നവർക്ക് കമ്പനി 2.30 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് ഒരുക്കിവെച്ചിരിക്കുന്നത്. എസ്‌യുവിയുടെ വേരിയന്റിനെ ആശ്രയിച്ച് 2024 മോഡലുകളിൽ 1.30 ലക്ഷം രൂപയുടെ കോർപ്പറേറ്റ് ഓഫറുകളും ലഭിക്കും. ജീപ്പിന്റെ 7 സീറ്റർ എസ്‌യുവിയിൽ ഡോക്ടർമാർക്കും മറ്റുമായി 30,000 രൂപയുടെ പ്രത്യേക ഓഫറും കമ്പനി നൽകുന്നുണ്ട്. 24.99 ലക്ഷം മുതൽ 38.79 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ നിലവിലെ എക്സ്ഷോറൂം വില.

ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നീ മെറിഡിയന്റെ നാല് വേരിയന്റുകളിലെത്തുന്ന മെറിഡിയൻ 5-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിൽ സ്വന്തമാക്കാനുമാവും. കോമ്പസിലെ അതേ 2.0 ലിറ്റർ, ഫോർ സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനുമായി വരുന്ന വാഹനത്തിന് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമുണ്ട്.
ജീപ്പ് ഗ്രാൻഡ് ചെറോക്കിയിലേക്ക് വന്നാൽ ആഡംബര എസ്‌യുവിക്ക് പരമാവധി 3 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് വർഷത്തെ സമഗ്ര വാറണ്ടിയും വേഗത്തിലുള്ള സർവീസ് സമയവും നൽകുന്ന ജീപ്പ് വേവ് എക്സ്ക്ലൂസീവ് പാക്കേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാങ്ലർ എസ്‌യുവിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗ്രാൻഡ് ചെറോക്കിക്ക് 67.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.


Click it and Unblock the Notifications








