3.90 ലക്ഷം രൂപ വിലക്കുറവിൽ 7-സീറ്റർ എസ്‌യുവി തരാമെന്ന് കമ്പനി, ഷോറൂം മൊത്തത്തിൽ കാലിയാക്കാൻ ജീപ്പ്
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ ഒരാളാണ് ജീപ്പ്. ഭീമമായ വിൽപ്പന കണക്കുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും മാന്യമായ കച്ചോടവുമായി ആഭ്യന്തര വിപണിയിൽ പിടിച്ചുനിൽക്കാൻ ബ്രാൻഡിനാവുന്നുണ്ട്. അതിന്റെ പ്രധാന കാരണം എല്ലാ മാസവും മോഡൽ നിരയിൽ അവതരിപ്പിക്കുന്ന ഭീകരമായ ഓഫറുകളാണ്. മഴക്കാലമായതിനാൽ ഈ 2025 ജൂൺ മാസത്തിലും കമ്പനി പതിവ് തെറ്റിക്കാതെ രംഗത്തെത്തിയിട്ടുണ്ട്. ബ്രാൻഡിന്റെ വിൽപ്പനയിലെ മാന്ദ്യത്തിനിടയിലും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കോമ്പസ്, ഗ്രാൻഡ് ചെറോക്കി, മെറിഡിയൻ എന്നീ മോഡലുകളിലാണ് അതിഗംഭീരമായ ഓഫറുകൾ അണിനിരത്തിയിരിക്കുന്നത്.
ജൂൺ മാസത്തേക്കായി അമേരിക്കൻ വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് ഒന്ന് നോക്കിയാലോ? കോമ്പസ് വാങ്ങാൻ ആഗ്രഹിക്കുന്നവരേയും കാത്തിരിക്കുന്നത് 2.95 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ് കേട്ടോ. ഇത് വിവിധ തലങ്ങളിലായി വിഭജിച്ചിരിക്കുന്നുവെന്നതും പ്രത്യേകം പറഞ്ഞേക്കാം. അതായത് ഇതിൽ 1.70 ലക്ഷം രൂപ കൺസ്യൂമർ ഓഫറായിട്ടാണ് ജീപ്പ് വാഗ്‌ദാനം ചെയ്യുന്നത്.

കൂടാതെ 1.10 ലക്ഷം രൂപ വരെ നീളുന്ന കോർപ്പറേറ്റ് ആനുകൂല്യവും അതിന് പുറമെ 15,000 രൂപയുടെ അഡീഷണൽ ആനുകൂല്യങ്ങളുമാണ് കമ്പനി കോമ്പസിനൊപ്പം പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്ടർമാർ, ലീസിംഗ് കമ്പനികൾ, ബ്രാൻഡിന്റെ തെരഞ്ഞെടുത്ത പാർട്‌ണർമാർ തുടങ്ങിയ പ്രത്യേക വിഭാഗക്കാർക്ക് മാത്രമേ അഡീഷണൽ ഓഫറുകൾ ഉപയോഗപ്പെടുത്താനാവൂവെന്നും ബ്രാൻഡ് പറയുന്നുണ്ട്.
ജീപ്പിന്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ഗ്രാൻഡ് ചെറോക്കി ഈ മാസം വാങ്ങാനെത്തുന്നവർക്ക് 3 ലക്ഷം രൂപ വിലക്കുറവിൽ വാഹനം വീട്ടിലെത്തിക്കാനാവും കേട്ടോ. 67.50 ലക്ഷം രൂപ വിലയുള്ള ചെറോക്കിയുടെ സ്പെക്ക് ലിമിറ്റഡ് (O) വേരിയന്റിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ഓഫർ സ്റ്റോക്ക് ലഭ്യത, സ്ഥലം, മറ്റ് നിബന്ധനകൾ എന്നിവയ്ക്ക് വിധേയമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

അതേസമയം ടൊയോട്ട ഫോർച്യൂണർ പോലുള്ള രാജ്യത്തെ ഫുൾ-സൈസ് എസ്‌യുവികളുമായി മത്സരിക്കുന്ന ജീപ്പ് മെറിഡിയനാണ് 2025 ജൂൺ മാസത്തിൽ ഏറ്റവും ലാഭകരമായി സ്വന്തമാക്കാനാവുന്നത്. അതായത് മൂന്നുവരി മോഡൽ മൊത്തം 3.90 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളോടെയാണ് കമ്പനി വിറ്റഴിക്കാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 2.30 ലക്ഷം രൂപ വരെ കൺസ്യൂമർ ഓഫറായി ലഭിക്കും.
ബാക്കി വരുന്ന തുകയിൽ 1.30 ലക്ഷം രൂപ വരെ കോർപ്പറേറ്റ് ഓഫറും 30,000 രൂപ വരെ അഡീഷണൽ ആനുകൂല്യങ്ങളും ജീപ്പ് മെറിഡിയൻ വാങ്ങുന്നവരേയും കാത്തിരിപ്പുണ്ട്. ആഭ്യന്തര വിപണിയിൽ ജീപ്പ് മെറിഡിയൻ ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളിലാണ് വിപണനത്തിന് എത്തുന്നത്. ബേസ് വേരിയന്റിന്റെ വില 24.99 ലക്ഷം രൂപയിൽ ആരംഭിച്ച് 38.79 ലക്ഷം രൂപ വരെയാണ് മെറിഡിയനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഒപ്പം 5-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിലും മെറിഡിയൻ സ്വന്തമാക്കാനാവും. മറുവശത്ത് കോമ്പസിന് 18.99 ലക്ഷം മുതൽ 32.41 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 170 bhp പവറിൽ പരമാവധി 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് രണ്ട് മോഡലുകളുടേയും ഹൃദയം. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
അടുത്തിടെ വിപണിയിൽ എത്തിച്ച റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ എസ്‌യുവി പൂർണമായും വിറ്റഴിഞ്ഞ സന്തോഷത്തിലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. 73.24 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയ മോഡലാണ് വെറും മൂന്ന് ആഴ്ച്ചകൾക്കുള്ളിൽ വിറ്റുതീർന്നിരിക്കുന്നത്. പഴയകാല വില്ലീസിനെ ഓർമപ്പെടുത്തുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഓഫ്-റോഡർ ഇന്ത്യക്കാർ ഓടിയെത്തുകയായിരുന്നുവെന്ന് ഇതിലൂടെ മനസിലാക്കാൻ. രാജ്യത്തേക്കായി വെറും 30 യൂണിറ്റുകൾ മാത്രമായിരുന്നു കമ്പനി നീക്കിവെച്ചിരുന്നത്


Click it and Unblock the Notifications








