കോമ്പസും മെറിഡിയനും വാങ്ങാൻ ആളുകൂടും, അമ്മാതിരി വിലക്കുറവുമായി ജീപ്പ്! കൂടുതൽ സന്തോഷം ഡോക്ടർമാർക്ക്
ഇന്ത്യൻ വിപണിയിലെ വിൽപ്പന എങ്ങനെയും വർധിപ്പിക്കാനുള്ള തീവ്രമായ ശ്രമത്തിലായിരുന്നു അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ് (Jeep). കോമ്പസും (Compass SUV) മെറിഡിയനുമെല്ലാം (Meridian SUV) വലിയ ഫാൻബേസുണ്ടെങ്കിലും അതൊന്നും വിൽപ്പന കണക്കുകളിലേക്ക് എത്തിക്കാൻ കമ്പനിക്കാവുന്നുണ്ടായിരുന്നില്ല. എങ്കിലും ഡോക്‌ടർമാർ പോലുള്ളവരുടെ ജനപ്രിയ ബ്രാൻഡായി ജീപ്പിന് തുടരാനാവുന്നുണ്ട്. അടിക്കടി ഓഫറുകളും ആനുകൂല്യങ്ങളുമിട്ട് എസ്‌യുവികൾ വിലക്കുറച്ച് കൊടുക്കാനും ബ്രാൻഡ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ജിഎസ്ടി (GST) നിരക്കുകൾ കുറച്ചതോടെ ജീപ്പ് മോഡലുകൾ ഇനി കുറഞ്ഞ വിലയ്ക്ക് വീട്ടുമുറ്റത്തെത്തിക്കാനാവും.
ജിഎസ്‌ടി പരിഷ്ക്കാരത്തോടെ ജീപ്പ് ഇന്ത്യയുടെ എസ്‌യുവി ശ്രേണിയിൽ 4.80 ലക്ഷം രൂപ വരെ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കോമ്പസ്, മെറിഡിയൻ, റാങ്‌ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ മോഡലുകളുടെ വില ഗണ്യമായി കുറഞ്ഞതോടെ ഇനി ഷോറൂമുകളിലേക്ക് ആളുകൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കുന്നതിന് അനുസൃതമായി 2025 സെപ്റ്റംബർ 22 മുതൽ ജീപ്പിന്റെ പുതിയ വിലകൾ പ്രാബല്യത്തിൽ വരും.

ജിഎസ്ടി 2.0 എല്ലാ സ്ലാബുകളും യുക്തിസഹമാക്കിയിട്ടുണ്ട്. അതായത് 1,200 സിസിയിൽ താഴെയുള്ള എഞ്ചിൻ ഉപയോഗിക്കുന്ന നാല് മീറ്ററിൽ താഴെയുള്ള ചെറിയ പെട്രോൾ മോഡലുകളുടെ നികുതി 29 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. അതേസമയം 1.5 ലിറ്ററിൽ താഴെയുള്ള എഞ്ചിൻ ഉപയോഗിക്കുന്ന നാല് മീറ്ററിൽ താഴെയുള്ള ചെറിയ ഡീസൽ വണ്ടികൾക്ക് ജിഎസ്ടി 31 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു.
മുമ്പ് 45 ശതമാനം നികുതി ഈടാക്കിയിരുന്ന മിഡ്-സൈസ് സെഗ്‌മെന്റ് സെഡാനുകളുടെയും എസ്‌യുവികളുടെയും നികുതി ഇപ്പോൾ 40 ശതമാനത്തിൽ താഴെയാണ്. 48-50 ശതമാനം നികുതി ചുമത്തിയിരുന്ന വലിയ എസ്‌യുവികളും പ്രീമിയം വാഹനങ്ങളും ഇപ്പോൾ 40 ശതമാനമായി കുറച്ചിട്ടുണ്ട്. ജീപ്പിനെ സംബന്ധിച്ചിടത്തോളം റാങ്ലറിന് 4.84 ലക്ഷം രൂപ വരെയാണ് വില കുറയുന്നത്.

അതായത് ജീപ്പ് നിരയിൽ ഏറ്റവും കൂടുതൽ വില കുറയാൻ പോവുന്നത് ഈ ഓഫ്-റോഡർ എസ്‌യുവിക്കാവുമെന്ന് ചുരുക്കം. മറുവശത്ത് ഗ്രാൻഡ് ചെറോക്കിക്ക് 4.50 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും. അതേസമയം കോമ്പസിനും മെറിഡിയനും യഥാക്രമം 2.16 ലക്ഷം രൂപയും 2.47 ലക്ഷം രൂപയും ആനുകൂല്യങ്ങൾ ലഭിക്കുന്നു. ജിഎസ്ടി പരിഷ്ക്കരണം ഉപഭോക്താക്കൾക്ക് വ്യക്തതയും താങ്ങാനാവുന്ന വിലയും നൽകുന്ന ഒരു പരിവർത്തനാത്മക നടപടിയാണെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ ബിസിനസ് ഹെഡും ഡയറക്ടറുമായ കുമാർ പ്രിയേഷ് പറഞ്ഞു.
എന്തായാലും ഡോക്‌ടേഴ്‌സ് കാറുകൾക്ക് വില കുറയുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അടുത്തിടെ ഗ്രാൻഡ് ചെറോക്കിയുടെ സിഗ്നേച്ചർ എഡിഷൻ മോഡൽ ജീപ്പ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ചില അധിക ഫീച്ചറുകളോടെ വരുന്ന എസ്‌യുവിക്ക് ഏകദേശം 1.54 ലക്ഷം രൂപയോളം അധികം മുടക്കേണ്ടിയും വരും. ലിമിറ്റഡ് എഡിഷനായതിനാൽ തന്നെ വളരെ പരിമിതമായ യൂണിറ്റുകളിൽ മാത്രമേ ഫ്ലാഗ്ഷിപ്പ് സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാനും സാധിക്കൂ.

268 bhp കരുത്തിൽ പരമാവധി 400 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ഹൃദയം. സ്റ്റാൻഡേർഡായി 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ QUADRATAC 4x4 സിസ്റ്റവും ലഭ്യമാവും. വരാനിരിക്കുന്ന സിഗ്നേച്ചർ എഡിഷനും ഇതേ സംവിധാനമാണ് കടമെടുത്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








