ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് വാങ്ങുന്ന പൈസ മതി, 19.49 ലക്ഷത്തിന് കോമ്പസിന്റെ അഡാറ് മോഡലുമായി ജീപ്പ്
ഇന്ത്യയിൽ നല്ല ഒന്നാന്തരം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പണിതിറക്കുന്ന പ്രീമിയം ബ്രാൻഡാണ് ജീപ്പ് (Jeep). കോമ്പസ് (Compass), മെറിഡിയൻ (Meridian), റാങ്ലർ (Wrangler), ഗ്രാൻഡ് ചെറോക്കി (Grand Cherokee) തുടങ്ങിയ ചെറിയ മോഡൽ നിരയാണ് ഇന്ത്യയിൽ പുറത്തിറക്കുന്നതെങ്കിലും തരക്കേടില്ലാത്ത രീതിയിൽ എല്ലാം വിറ്റഴിയുന്നുമുണ്ട്. വന്നകാലത്ത് കോമ്പസ് ഉണ്ടാക്കിയെടുത്ത ഓളമൊന്നും വേറെ മിടുക്കൻമാർക്ക് ആവർത്തിക്കാനായില്ലെന്നത് അമേരിക്കൻ വാഹന നിർമാതാക്കളെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്. എങ്കിലും ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം വാരിക്കോരി കൊടുത്ത് ആളുകളെ ചാക്കിലാക്കാനുള്ള നീക്കങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുമുണ്ട്.
ഇപ്പോഴിതാ കച്ചോടം പൊടിപൊടിക്കാനായി ജീപ്പ് കോമ്പസിന്റെ ഏറ്റവും പുതിയൊരു വേരിയന്റിനെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. സാൻഡ്‌സ്റ്റോം എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന മോഡൽ ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിരിക്കും. എക്സ്റ്റീരിയർ, ഇന്റീരിയർ, ഫീച്ചറുകൾ എന്നിവയുടെ പട്ടികയിൽ അടിസ്ഥാനപരമായി ചേർക്കുന്ന ഒരു ആക്‌സസറീസ് പാക്കേജാണ് സാൻഡ്‌സ്റ്റോം എഡിഷനായി അവതരിപ്പിച്ചിരിക്കുന്നത്.

കോമ്പസ് സാൻഡ്‌സ്റ്റോം എൻട്രി ലെവൽ സ്‌പോർട്‌സ്, മിഡ്-സ്‌പെക്ക് ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് (O) വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. കോമ്പസിന്റെ അതത് സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ 50,000 രൂപ കൂടുതലാണ് ഈ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനായി മുടക്കേണ്ടി വരിക. അതായത് കോമ്പസ് സാൻഡ്‌സ്റ്റോമിനായി 19.49 ലക്ഷം മുതൽ 27.33 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ഇറങ്ങുകയെന്ന് സാരം.
വില കൃത്യമായി വിശദീകരിച്ചാൽ ജീപ്പ് കോമ്പസ് സാൻഡ്‌സ്റ്റോം എഡിഷൻ സ്പോർട്‌സിന് 19.49 ലക്ഷം, ലോഞ്ചിറ്റ്യൂഡിന് 22.83 ലക്ഷം, ലോഞ്ചിറ്റ്യൂഡ് (O) പതിപ്പിന് 25.33 ലക്ഷം, ലോഞ്ചിറ്റ്യൂഡ് (O) ഓട്ടോമാറ്റിക്കിന് 27.33 ലക്ഷം എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇനി ഡിസൈനിലേക്ക് വന്നാൽ പുതിയ കോമ്പസിന് കസ്റ്റം സ്‌പോർട്‌സ്, ബോണറ്റിലും വശങ്ങളിലും സാൻഡ്‌സ്റ്റോം-തീം ഡീക്കലുകൾ, ഫ്രണ്ട് ഫെൻഡറിന് മുകളിൽ ഒരു സാൻഡ്‌സ്റ്റോം ബാഡ്ജ് എന്നിവയെല്ലാം ലഭിക്കും.

ജീപ്പ് കോമ്പസ് സാൻഡ്‌സ്റ്റോം എഡിഷന്റെ ഇന്റീരിയറിലും ചെറിയ നവീകരണങ്ങളൊക്കെ കൊടുത്തിട്ടുണ്ട്. പുതിയ സീറ്റ് കവറുകൾ, പ്രോഗ്രാമബിൾ ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട്, റിയർ ഡാഷ് ക്യാമുകൾ, പുതിയ ഫ്ലോർ മാറ്റുകൾ, അധിക സാൻഡ്‌സ്റ്റോം ബാഡ്ജ് എന്നിവയെല്ലാം എസ്‌യുവിയെ അടിപൊളിയാക്കുന്ന കാര്യങ്ങളാണ്. 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി റിഫ്ലക്ടർ ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് സ്പോർട്‌സ് വേരിയന്റിൽ ലഭിക്കുന്ന മറ്റ് ഫീച്ചറുകൾ.
അതേസമയം ജീപ്പ് കോമ്പസ് സാൻഡ്‌സ്റ്റോം എഡിഷന്റെ ലോഞ്ചിറ്റ്യൂഡിന് വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ഇൻ-കാർ കണക്റ്റിവിറ്റി സ്യൂട്ട് എന്നിവയെല്ലാം ലഭിക്കുമെന്ന് അമേരിക്കൻ വാഹന നിർമാതാക്കൾ പറയുന്നു. 170 bhp കരുത്തിൽ പരമാവധി 350 Nm ടോർക്ക് നൽകുന്ന കരുത്തുറ്റ 2.0 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എഞ്ചിനുമായാണ് കോമ്പസ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

വ്യത്യസ്ത ഡ്രൈവിംഗ് മുൻഗണനകൾക്ക് അനുയോജ്യമായ വഴക്കം വാഗ്ദാനം ചെയ്യുന്ന 6-സ്പീഡ് മാനുവൽ, 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ഈ എഞ്ചിൻ ലഭ്യമാണ്. കോമ്പസിന്റെ പെട്രോൾ എഞ്ചിൻ മോഡലുകൾ അടുത്തിടെ നിർത്തലാക്കിയതിനാൽ ഓയിൽ ബർണർ യൂണിറ്റിനൊപ്പം മാത്രമേ വാഹനം സ്വന്തമാക്കാനാവൂ. തിരഞ്ഞെടുത്ത വേരിയന്റിനെയും ട്രാൻസ്മിഷൻ ഓപ്ഷനെയും ആശ്രയിച്ച് ജീപ്പ് കോമ്പസ് സ്റ്റാൻഡേർഡ് മോഡലുകളുടെ വില വ്യത്യാസപ്പെടും.
മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾക്ക് 18.99 ലക്ഷം മുതൽ 28.33 ലക്ഷം രൂപ വരെയാണ് വില വരുന്നത്. അതേസമയം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റുകൾക്ക് 24.33 ലക്ഷം മുതൽ 32.41 ലക്ഷം രൂപ വരെയും മുടക്കേണ്ടതായി വരും. കഴിഞ്ഞ മാസം കോമ്പസിന്റെ വിൽപ്പന വെറും 120 യൂണിറ്റായിരുന്നു. പുതിയ പതിപ്പ് പുറത്തിറങ്ങിയതോടെ വരും മാസങ്ങളിൽ കൂടുതൽ വിൽപ്പന കൈവരിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








