വെറുതേയല്ല ഡോക്‌ടർമാർ കോമ്പസും മെറിഡിയനും വാങ്ങിക്കൂട്ടുന്നത്, 3.90 ലക്ഷം രൂപ വിലക്കുറവിൽ വിറ്റഴിക്കാൻ ജീപ്പ്
ഇന്ത്യയിലെ വിൽപ്പന എങ്ങനെയും ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ്. കോമ്പസും (Jeep Compass) മെറിഡിയനുമെല്ലാം തരക്കേടില്ലാതെ വിറ്റഴിയുന്നുണ്ടെങ്കിലും അമേരിക്കൻ ബ്രാൻഡ് കൂടുതൽ ജനകീയമാവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി അടുത്തകാലത്ത് സമാനതകളില്ലാത്ത ഓഫറുകളുമായി കമ്പനി രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇതെല്ലാം വായിച്ചറിഞ്ഞ വണ്ടിഭ്രാന്തൻമാരെല്ലാം വണ്ടറടിക്കുകയും ചെയ്‌തിരുന്നു. 2025 ജൂലൈ മാസത്തിലും ഷോറൂം കാലിയാക്കാൻ തീരുമാനിച്ചുറച്ച് ഇറങ്ങിയിരിക്കുകയാണ് ജീപ്പ്. ഉപഭോക്താക്കളെ ചാക്കിലാക്കാനായി കോമ്പസ്, ഗ്രാൻഡ് ചെറോക്കി, മെറിഡിയൻ എന്നീ മോഡലുകളിൽ അതിഗംഭീരമായ ഡീലുകളാണ് അണിനിരത്തിയിരിക്കുന്നത്.
അതിന്റെ വിശദാംശങ്ങൾ എന്തെല്ലാമെന്ന് നമുക്കൊന്ന് നോക്കിയാലോ. കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നീ മൂന്ന് മോഡലുകൾ വേരിയന്റിനെയും മറ്റ് നിബന്ധനകളേയും ആശ്രയിച്ച് 3.90 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ ഈ മാസം സ്വന്തമാക്കാനാവും. ഡോക്ടർമാരും ലീസിംഗ് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ചില പ്രത്യേക വിഭാഗക്കാർക്ക് ജീപ്പ് കോർപ്പറേറ്റ് സ്‌കീമുകളും ഇത്തവണ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഈ ആനുകൂല്യങ്ങൾ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് മാത്രമേ ബാധകമാകൂവെന്ന കാര്യവും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ജീപ്പിന്റെ സി-സെഗ്മെന്റ് എസ്‌യുവിയായ കോമ്പസിന് നിലവിൽ 2.80 ലക്ഷം രൂപ വരെ കൺസ്യൂമർ, കോർപ്പറേറ്റ് ഡിസ്കൗണ്ടോടെയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മെഡിക്കൽ മേഖലയിലെ പ്രൊഫഷണലുകൾക്കും തിരഞ്ഞെടുത്ത കോർപ്പറേറ്റ്, ലീസ് പാർട്ണർമാർക്കും അധികമായി 15,000 രൂപ ബോണസും ഉപയോഗപ്പെടുത്താനാവും.
അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ മൂന്നുവരി 7 സീറ്റർ എസ്‌യുവിയായ മെറിഡിയനിൽ മൊത്തം 2.30 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 1.30 ലക്ഷം രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവും ഈ മാസം ഉപയോഗപ്പെടുത്താനാവുമെന്നും കമ്പനി പറയുന്നു. അങ്ങനെ മൊത്തത്തിൽ 3.60 ലക്ഷം രൂപ വിലക്കുറവിൽ മെറിഡിയൻ സ്വന്തമാക്കാനുള്ള അവസരമാണ് ആളുകൾക്ക് കൈവന്നിരിക്കുന്നത്.

ഡോക്‌ടർമാർക്ക് സ്പെഷ്യൽ കോർപ്പറേറ്റ് ആനുകൂല്യമായി 30,000 രൂപ ഓഫറും ജീപ്പ് മെറിഡിയനിലൂടെ സ്വന്തമാക്കാനാവും. അങ്ങനെ 3.90 ലക്ഷത്തിന്റെ ഡിസ്കൗണ്ടിൽ 7-സീറ്റർ വീട്ടിലെത്തിക്കാനാവും. ജീപ്പ് ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്രാൻഡ് ചെറോക്കി വാങ്ങാനിരിക്കുന്നവരെ 3 ലക്ഷം രൂപയുടെ ഓഫറുകളാണ് കാത്തിരിക്കുന്നത്. ലിമിറ്റഡ് (O) എന്ന ഒറ്റ വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് നിലവിൽ 67.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഇതുകൂടാതെ ജീപ്പ് വേവ് എന്നറിയപ്പെടുന്ന ജീപ്പിന്റെ പ്രീമിയം ഓണർഷിപ്പ് പ്രോഗ്രാമും ജൂലൈ ഓഫറിന്റെ ഭാഗമായി ലഭ്യമാണ്. ഈ ആനുകൂല്യങ്ങളെല്ലാം പരിമിതമായ സമയത്തേക്ക് മാത്രമേ സാധുതയുള്ളൂവെന്ന് കമ്പനി പ്രത്യേകം പറയുന്നുണ്ടേ. കൂടാതെ വേരിയന്റ് ലഭ്യത, ഡീലർഷിപ്പ് നിബന്ധനകൾ, സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കി ഓഫറിലും വ്യത്യാസങ്ങൾ വരാം. ആയതിനാൽ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള ജീപ്പ് ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഓഫറുകൾ സ്ഥിരീകരിക്കേണ്ടതാണ്.

ഓഫർ കൂടാതെ ജീപ്പ് മെറിഡിയന്റെ വില 24.99 ലക്ഷം മുതൽ 38.79 ലക്ഷം രൂപ വരെയാണ്. 5-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിലും എസ്‌യുവി വാങ്ങാനാവും. മറുവശത്ത് കോമ്പസിന് 18.99 ലക്ഷം മുതൽ 32.41 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് രണ്ട് മോഡലുകളിലും ലഭിക്കുക.
അടുത്തിടെ ഗ്രാൻഡ് ചെറോക്കിയുടെ സിഗ്നേച്ചർ എഡിഷൻ മോഡലിനെയും ജീപ്പ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ചില അധിക ഫീച്ചറുകളോടെ വരുന്ന എസ്‌യുവിക്ക് ഏകദേശം 1.54 ലക്ഷം രൂപയോളം അധികം മുടക്കേണ്ടിയും വരും. ലിമിറ്റഡ് എഡിഷനായതിനാൽ തന്നെ വളരെ പരിമിതമായ യൂണിറ്റുകളിൽ മാത്രമേ ഫ്ലാഗ്ഷിപ്പ് സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാനും സാധിക്കൂ. അതിനാൽ താത്പര്യമുള്ളവർ വേഗം ഷോറൂമിലേക്ക് വിടുന്നതാണ് നല്ലത്.


Click it and Unblock the Notifications








