ജീപ്പിന്റെ പുതിയ 5-സീറ്റർ എസ്‌യുവി വരുന്നു ഗയ്‌സ്! ഥാറിന്റെ എതിരാളിയാണോയെന്ന് ഫാൻസ്, ടീസർ കണ്ടാൽ കാര്യം അറിയാം
ആളുകളെ എങ്ങനെയും കൈയിലെടുക്കാനായുള്ള തീവ്രപരിശ്രമത്തിലാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് (Jeep). കോമ്പസും മെറിഡിയനും റാങ്ലറും ഗ്രാൻഡ് ചെറോക്കിയും അണിനിരക്കുന്ന മോഡൽ നിര പഴയതു പോലെ കച്ചോടം പിടിക്കുന്നില്ലാത്ത് കമ്പനിക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ തരക്കേടില്ലാതെ പണംവാരാൻ വാഹനങ്ങൾക്ക് സാധിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. തുടർച്ചയായി മോഡൽ നിര പുതുക്കിയും ലിമിറ്റഡ് എഡിഷൻ വാഹനങ്ങൾ അവതരിപ്പിച്ചും പിടിച്ചുനിൽക്കുന്ന ബ്രാൻഡ് അടുത്തതായി ഒരു 7-സീറ്റർ എസ്‌യുവിയെ ആയിരിക്കും ഇന്ത്യൻ വിപണിക്കായി സമ്മാനിക്കുക. പക്ഷേ പുതുപുത്തൻ വണ്ടിയൊന്നുമല്ല ഇങ്ങ് കൊണ്ടുവരുന്നതെന്ന് ആദ്യമേ പറയാം.
ഗ്രാൻഡ് ചെറോക്കി 5-സീറ്റർ എസ്‌യുവിയുടെ പുതിയ മോഡലിനെയാണ് ജീപ്പ് ഇന്ത്യക്കായി അവതരിപ്പിക്കാൻ പോവുന്നത്. ഇക്കാര്യം പറഞ്ഞുവെക്കുന്ന ടീസർ വീഡിയോയും ചിത്രങ്ങളും കമ്പനി സോഷ്യൽ മീഡിയ പേജുകൾ വഴി വെളിപ്പെടിത്തിയിട്ടുമുണ്ടേ. ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പിനെ സിഗ്നേച്ചർ എഡിഷൻ എന്നായിരിക്കും വിളിക്കുക. കൂടാതെ ആഡംബര ഓഫ്-റോഡറിന്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ഒന്നിലധികം പരിഷ്ക്കാരങ്ങളും ഇതിലുണ്ടാവും.

ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക ആക്‌സസറികൾ എടുത്തുകാണിച്ചിട്ടുണ്ടാണ് ടീസർ വീഡിയോ അമേരിക്കൻ വാഹന നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. റിയർ സീറ്റ് ഐപാഡ് ഹോൾഡർ, ഡാഷ്‌ക്യാം, സൈഡ് സ്റ്റെപ്പുകൾ എന്നിവയാണ് അധിക ആക്‌സസറികളിൽ വാഗ്‌ദാനം ചെയ്യുക. 2022-ൽ ഇന്ത്യക്കായി അവതരിപ്പിച്ച എസ്‌യുവിക്ക് ഇതാദ്യമായാണ് ഇത്തരത്തിലൊരു നവീകരണം ലഭിക്കുന്നത്.
ജീപ്പിന്റെ സിഗ്നേച്ചർ ഐറ്റമായ സെവൻ സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, ക്ലാംഷെൽ ബോണറ്റ്, ബോക്സി രൂപഘടന, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പമുള്ള അഴകുറ്റ ഡിസൈൻ അതേപടി നിലനിർത്തിക്കൊണ്ടാണ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷനും പണികഴിപ്പിച്ചിരിക്കുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ് എന്നിവയാണ് എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ.

ഇതുകൂടാതെ മുൻവശത്തെ യാത്രക്കാർക്കായി പ്രത്യേക ഡിജിറ്റൽ ഡിസ്‌പ്ലേയും സുഷിരങ്ങളുള്ള കാപ്രി ലെതറിൽ അപ്‌ഹോൾസ്റ്റേറി ചെയ്തിരിക്കുന്ന സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വോയ്‌സ് കമാൻഡ്, 9-സ്പീക്കർ ഓഡിയോ സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ യൂണിറ്റ് എന്നിവയും ഗ്രാൻഡ് ചെറോക്കിയുടെ മൊഞ്ചേകാനായി കൊടുത്തിരിക്കുന്ന പ്രധാന ഫീച്ചറുകളാണ്.
സുരക്ഷയുടെ കാര്യത്തിൽ വേറെ ലെവലായിരിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. 8 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, TCS, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, TPMS, ADAS എന്നിവ പോലുള്ള അത്യാധുനിക സേഫ്റ്റി ഫീച്ചറുകളാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും ലോഡുചെയ്‌ത ലിമിറ്റഡ് O വേരിയന്റിലും മാത്രമേ എസ്‌യുവി ഇന്ത്യയിൽ ലഭ്യമാകൂ.

268 bhp കരുത്തിൽ പരമാവധി 400 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ഹൃദയം. സ്റ്റാൻഡേർഡായി 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ QUADRATAC 4x4 സിസ്റ്റവും ലഭ്യമാവും. വരാനിരിക്കുന്ന സിഗ്നേച്ചർ എഡിഷനും ഇതേ സംവിധാനമായിരിക്കും മുമ്പോട്ടുകൊണ്ടുപോവുക.
5 സീറ്റർ എസ്‌യുവിയായാണ് ഗ്രാൻഡ് ചെറോക്കി വാങ്ങാനാവുക എന്നതും പ്രത്യേകം ഓർമിക്കേണ്ട സംഗതിയാണ് കേട്ടോ. ഗ്രാൻഡ് ചെറോക്കി പ്രാദേശികമായി കൂട്ടിച്ചേർക്കുന്ന വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ വിപണിയാണ് ഇന്ത്യ. നിലവിൽ 67.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ആശാൻ വിപണത്തിന് എത്തുന്നത്. എസ്‌യുവിയുടെ പുതിയ സിഗ്നേച്ചർ എഡിഷന് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ വില കൂടുതലായിരിക്കുമെന്നതും ഊഹിക്കാമല്ലോ.


Click it and Unblock the Notifications








