ആളുകൾ ചോദിച്ചു, കമ്പനി ഇറക്കി... സുഖമായി എവിടെയും പോകാവുന്ന 7-സീറ്റർ എസ്‌യുവിയുടെ ആ കുറവും നികത്തി ജീപ്പ്
ഇന്ത്യയിൽ എങ്ങനെയും വിൽപ്പന പിടിക്കാനുള്ള അവസരങ്ങൾ തേടുകയാണ് അമേരിക്കൻ എസ്‌യുവി വാഹന നിർമാതാക്കളായ ജീപ്പ്. വന്നകാലത്ത് കോമ്പസിന് കിട്ടിയ സ്വീകാര്യത പതിയെ ഇല്ലാണ്ടായെങ്കിലും എപ്പോൾ വേണമെങ്കിലും ക്ലച്ചുപിടിക്കാനുള്ള അസ്ത്രങ്ങളാണ് ജീപ്പിന്റെ ഇന്ത്യൻ നിരയിലുള്ളത്. കോമ്പസിന് പുറമെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് മെറിഡിയൻ എന്ന 7-സീറ്റർ മോഡലാണ്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടി തകർക്കുന്ന മോഡൽ അടുത്തിടെ 5-സീറ്റർ ഓപ്ഷനിലും ജീപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 2024 ഒക്ടോബറിൽ പുതുമകളോടെ എത്തിയ മെറിഡിയന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു.
ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നീ നാല് വേരിയന്റുകളിലാണ് എസ‌്‌യുവിയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. ആദ്യ മൂന്ന് ട്രിമ്മുകൾ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ 4x2 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. അതേസമയം 4x4 കോൺഫിഗറേഷൻ ടോപ്പ്-എൻഡ് ഓവർലാൻഡ് വേരിയന്റിനായി നീക്കിവെക്കുകയായിരുന്നു കമ്പനി. പക്ഷേ ഇത് പല ആരാധകരേയും നിരാശപ്പെടുത്തുന്ന തീരുമാനമായിരുന്നുവെന്ന് വേണം പറയാൻ.

ഷോറൂമിലെത്തി നിരാശരായി പലരും മടങ്ങുകയും ചെയ്‌തു. എന്നാൽ ഇപ്പോഴിതാ ആളുകളുടെ ആവശ്യപ്രകാരം മെറിഡിയൻ എസ്‌യുവിയുടെ മിഡിൽ വേരിയന്റായ ലിമിറ്റഡ് (O) പതിപ്പിലേക്ക് 4x4 ഓട്ടോമാറ്റിക് സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് ജീപ്പ്. 36.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മെറിഡിയൻ ലിമിറ്റഡ് (O) 4x4 ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ തന്നെ 4x2 പതിപ്പിനേക്കാൾ ഏകദേശം 2.30 ലക്ഷം രൂപ കൂടുതലാണെങ്കിലും മെറിഡിയന്റെ പുതിയ 4x4 പതിപ്പിന് ഷോറൂമിലേക്ക് ആളെ എത്തിക്കാനാവുമെന്നാണ് വിലയിരുത്തൽ. ഇതുകൂടാതെ ജീപ്പ് ഇന്ത്യ 2025 മോഡൽ മെറിഡിയന് ഒരു ഓപ്ഷണൽ ആക്സസറി പാക്കേജും അവതരിപ്പിച്ചിട്ടുണ്ട്. ഈ പാക്കേജിൽ ഹുഡ്, സൈഡ് പ്രൊഫൈൽ, ഹെഡ്‌ലൈറ്റുകൾ എന്നിവയ്ക്കുള്ള ഡീക്കലുകളും കസ്റ്റമൈസ് ചെയ്യാനാവുന്ന ആംബിയന്റ് ലൈറ്റിംഗുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ലിമിറ്റഡ് (O) 4x4 ഓട്ടോമാറ്റിക് വേരിയന്റും ഓപ്ഷണൽ ആക്സസറി പാക്കേജും ഉൾപ്പെടെ പരിഷ്ക്കാരിയാക്കിയ ജീപ്പ് മെറിഡിയന്റെ ബുക്കിംഗുകൾ ഇന്ത്യയിലുടനീളമുള്ള ജീപ്പ് ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞതു പോലെ ടൊയോട്ട ഫോർച്യൂണറിന്റെ മെയിൻ എതിരാളിയായ മെറിഡിയൻ ഇപ്പോൾ 5, 7 സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 5 സീറ്റർ ഓപ്ഷൻ ബേസ് ലോഞ്ചിറ്റ്യൂഡ് ട്രിമ്മിൽ മാത്രമായിട്ടാണ് പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് മാത്രം.
അതേസമയം 7 സീറ്റർ ലേഔട്ട് മറ്റ് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഫീച്ചറുകളുടെ കാര്യത്തിലൊന്നും യാതൊരുവിധ കുറവുകളും വരുത്താതെ പണികഴിപ്പിച്ചിരിക്കുന്ന എസ്‌യുവിയിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ, ഒരു പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി സവിശേഷതകൾ കമ്പനി ഒരുക്കിയിട്ടുണ്ട്.

മെറിഡിയൻ എസ്‌യുവിയുടെ ടോപ്പ് എൻഡ് ഓവർലാൻഡ് മോഡലിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 168 bhp പവറിൽ 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് മെറിഡിയന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് മെറിഡിയനിലുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








