ആകെ പുറത്തിറക്കിയത് 30 എണ്ണം, പുതുതായി കൊണ്ടുവന്ന എസ്‌യുവി വിറ്റഴിഞ്ഞ സന്തോഷത്തിൽ ജീപ്പ്
ഇന്ത്യക്കാർക്കായി അടുത്തിടെ അവതരിപ്പിച്ച ലിമിഡറ്റ് എഡിഷൻ എസ്‌യുവി പൂർണമായും വിറ്റഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. 73.24 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയ റാങ്‌ലർ വില്ലീസ് '41 സ്പെഷ്യൽ എഡിഷൻ (Jeep Wrangler Willys '41 Edition) മോഡലാണ് വെറും മൂന്ന് ആഴ്ച്ചകൾക്കുള്ളിൽ വിറ്റുതീർന്നിരിക്കുന്നത്. പഴയകാല വില്ലീസിനെ ഓർമപ്പെടുത്തുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഓഫ്-റോഡർ സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാൻ ഇന്ത്യക്കാർ ഓടിയെത്തുകയായിരുന്നുവെന്ന് ഇതിലൂടെ മനസിലാക്കാൻ. ആഭ്യന്തര വിപണിക്കായി വെറും 30 യൂണിറ്റുകൾ മാത്രമായിരുന്നു കമ്പനി നീക്കിവെച്ചിരുന്നതും.
1941 ലെ ഒറിജിനൽ മിലിട്ടറി വില്ലീസിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റാങ്‌ലർ വില്ലീസ് '41 സ്പെഷ്യൽ എഡിഷൻ മോഡൽ പണികഴിപ്പിച്ചത്. ഡിസൈനിലെ ഏറ്റവും വലിയ ഹൈലൈറ്റ് വില്ലീസിനെ ഓർമപ്പെടുത്തുന്ന തരത്തിലുള്ള പഴയ ആ കളർ ഓപ്ഷൻ തന്നെയായിരുന്നു. കൂടാതെ പുതിയ ആക്‌സസറികളും വാഹനത്തിനൊപ്പം കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നു.

ടോപ്പ്-സ്പെക്ക് റൂബിക്കൺ വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയ റാങ്‌ലർ വില്ലീസ് '41 സ്പെഷ്യൽ എഡിഷൻ എക്സ്ക്ലൂസീവ് "41 ഗ്രീൻ" കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഒറിജിനൽ വില്ലീസ് ജീപ്പിന്റെ മിലിട്ടറി ഗ്രീനിനെ അനുസ്മരിപ്പിക്കുന്ന നിറത്തിനോട് ആളുകൾക്ക് പ്രത്യേക ഒരു ഇഷ്‌ടമുണ്ടെന്നതും കമ്പനിക്ക് കൃത്യമായി അറിയാമായിരുന്നു.
മിലിട്ടറി ഗ്രീൻ കളർ ഓപ്ഷനൊപ്പം 1941 എന്ന വർഷത്തെ ഓർമപ്പെടുത്തുന്ന ഡീക്കൽ സ്റ്റാമ്പും എസ്‌യുവിയുടെ ബോണറ്റിൽ പതിപ്പിച്ചിരുന്നു. ജീപ്പിന്റെ യുദ്ധക്കളത്തിലെ തുടക്കങ്ങളെയാണ് ഇതെല്ലാം ഓർമിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു. റാങ്‌ലർ വില്ലീസ് '41 സ്‌പെഷ്യൽ എഡിഷനിൽ പവർഡ് സൈഡ് സ്റ്റെപ്പ്, പുതിയ ഇന്റീരിയർ ഗ്രാബ് ഹാൻഡിലുകൾ, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫ്ലോർ മാറ്റുകൾ, ഫ്രണ്ട്, റിയർ ഡാഷ്‌ക്യാമുകൾ എന്നിവയും ജീപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

4.65 ലക്ഷം അധികം മുടക്കിയാൽ ഉപഭോക്താക്കൾക്ക് സൺറൈഡർ റൂഫ്‌ടോപ്പും റൂഫ് കാരിയറുള്ള സൈഡ് ലാഡറും വാഹനത്തിനൊപ്പം ലഭിക്കും. റാങ്‌ലർ വില്ലീസ് '41 സ്പെഷ്യൽ എഡിഷൻ ക്ലാസിക് ടച്ചിലാണ് വിപണിയിൽ എത്തുന്നതെങ്കിലും മോഡേൺ ഫീച്ചറുകളാൽ എസ്‌യുവി സമ്പന്നമാണ് കേട്ടോ. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, 12 തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സന്നാഹങ്ങളെല്ലാം വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, TPMS, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും പോലുള്ള ഫീച്ചറുകളും ജീപ്പ് റാങ്ലർ സ്പെഷ്യൽ എഡിഷന്റെ ഭാഗമായി ജീപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷന് തുടിപ്പേകുന്നത്.

8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 270 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നാണ് അമേരിക്കൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഒപ്പം ജീപ്പിൻ്റെ സെലക്-ട്രാക്ക് ഫുൾടൈം 4WD സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുള്ളതിനാൽ ഏത് തരം റോഡുകളും അസാമാന്യ പ്രകടനം പുറത്തെടുക്കാൻ എസ്‌യുവിക്കാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








