ക്യാ കിയ... പുതിയ ജിഎസ്‌ടി കാരണം കുറയുന്നത് 4.50 ലക്ഷം രൂപ വരെ, കിയ കാറുകളുടെ പുതിയ വില അറിയണ്ടേ
സെൽറ്റോസിലൂടെ ഇന്ത്യക്കാർക്കിടയിൽ ഫേമസായവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ (Kia India). ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡ് ആണെങ്കിലും ഇരുവരും ബന്ധുക്കളാണെന്ന് കാഴ്ച്ചയിലൊന്നും അങ്ങനെ മനസിലാക്കാനാവില്ല എന്നതായിരുന്നു കിയയുടെ വിജയം. ആദ്യ വാഹനമായ സെൽറ്റോസ് പ്രതീക്ഷിച്ചതിലും വലിയ വിജയം ആയപ്പോൾ പിന്നാലെയെത്തിയത് കാർണിവൽ, സോനെറ്റ്, കാരെൻസ് തുടങ്ങിയ വമ്പൻമാരായിരുന്നു. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളിലൂടെ പരീക്ഷണത്തിനും കമ്പനി തയാറായി. ഇക്കഴിഞ്ഞ ദിവസം ജിഎസ്‌ടി പുതുക്കി നിശ്ചയിച്ചതോടെ കിയ കാറുകൾക്കും വില കുറച്ച് അതിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ് ബ്രാൻഡ്.
കഴിഞ്ഞയാഴ്ച്ച കാറുകളുടെ ജിഎസ്ടി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് കിയ തങ്ങളുടെ മോഡലുകളിൽ 4.50 ലക്ഷം രൂപ വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ നികുതി പരിഷ്ക്കാരത്തിന്റെ മുഴുവൻ ആനുകൂല്യവും കമ്പനി ഉപഭോക്താക്കൾക്ക് കൈമാറും. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഇന്ത്യൻ നിരയിലെ എൻട്രി ലെവൽ മോഡലായ സോനെറ്റിന് കുറയാൻ പോവുന്നത് 1,64,471 രൂപയാണ്.

മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3XO പോലുള്ള കോംപാക്‌ട് എസ്‌യുവികളോട് മത്സരിക്കുന്ന കിയ സോനെറ്റിന് നിലവിൽ 7,99,900 രൂപ മുതൽ 15,63,900 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നാണ് 1.64 ലക്ഷം രൂപയോളം വില കുറയാൻ പോവുന്നത്. ബ്രാൻഡിന്റെ മറ്റൊരു സബ്-4 മീറ്റർ എസ്‌യുവിയായ സിറോസിന് വലിയ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത്.
പ്രീമിയം സബ്-4 മീറ്ററിൽ താഴെയുള്ള എസ്‌യുവിക്ക് 9,49,900 രൂപ മുതൽ 17,79,900 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ജിഎസ്ടി 18 ശതമാനമാക്കിയതോടെ സിറോസിന് 1,86,003 രൂപ വരെ വില കുറയും. ജൂലൈയിൽ സോനെറ്റ് 7,627 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയപ്പോൾ സിറോസ് വാങ്ങാനെത്തിയത് വെറും 834 പേരായിരുന്നു. അധികം കച്ചോടമില്ലാതിരിക്കുന്ന സിറോസിന് വലിയ രീതിയിൽ വില കുറയുന്നത് മൈലേജാവുമെന്നതിൽ സംശമൊന്നും വേണ്ട.

കിയയുടെ ജനപ്രിയ മോഡലായ സെൽറ്റോസിന്റെ കാര്യത്തിലേക്ക് വന്നാൽ എസ്‌യുവിക്ക് 75,372 രൂപ വരെ വിലക്കുറവ് ലഭിക്കും. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ ഒഴികെ 4 മീറ്ററിൽ കൂടുതൽ നീളമുള്ള എല്ലാ കാറുകൾക്കും കേന്ദ്ര സർക്കാർ കാര്യമായ നികുതിയിളവ് നൽകിയിട്ടില്ല. യുക്തിരഹിതമായി അവയെയെല്ലാം ആഡംബര വസ്തുക്കളായി തരംതിരിക്കുന്നുവെന്ന് പറയാം. ഇത്തരം മോഡലുകളുടെ ജിഎസ്‌ടി 45-50 ശതമാനത്തിൽ നിന്ന് 40 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്.
നിലവിൽ സെൽറ്റോസിന്റെ വില 11,18,900 രൂപയിൽ നിന്ന് ആരംഭിച്ച് 20,55,900 രൂപ വരെയാണ് ഉയരുന്നത്. നിലവിൽ ദക്ഷിണ കൊറിയൻ മിഡ്-സൈസ് എസ്‌യുവിയുടെ പുതുതലമുറ ആവർത്തനത്തെ ഇന്ത്യയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിലോ ന്യൂ ജെൻ സെൽറ്റോസ് വിപണനത്തിന് എത്തുന്നതായിരിക്കും.

കിയ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാരെൻസിന് 48,513 രൂപ വരെ വില കുറയും. എംപിവിയുടെ പെട്രോൾ മോഡലുകൾക്ക് 11,40,900 രൂപ മുതലും ഡീസലിന് 13,25,900 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. ഈ എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പായ കാരെൻസ് ക്ലാവിസിന് 11,49,900 മുതൽ 21,49,900 രൂപ വരെയാണ് നിലവിലെ വില. പുതിയ ജിഎസ്ടി പ്രകാരം മോഡലിന്റെ വില 78,674 രൂപ വരെ കുറയുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ ജിഎസ്ടി 5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ കാരെൻസ് ഇവിയുടെ വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ല. ഇലക്ട്രിക് എംപിവിക്ക് 17.99 ലക്ഷം മുതൽ 24.49 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതുപോലെ പുതിയ EV6 ഇവിയുടെ വില 65,96,638 രൂപയായി തുടരും. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കാർണിവലിനാണ് ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുക. നിലവിൽ 63,91,000 രൂപ വിലയുള്ള ആഡംബര എംപിവിക്ക് 4,48,542 രൂപയാണ് കുറയാൻ പോവുന്നത്.


Click it and Unblock the Notifications








