എർട്ടിഗയുടെ കട്ടപൊഹ കണ്ടേ അടങ്ങൂ, 21,000 ബുക്കിംഗ് വാരി കിയയുടെ 7-സീറ്റർ എംപിവി; ഇവിയും വാങ്ങാൻ ആളുണ്ട്
ചെറിയ നാളുകൾകൊണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയ്ക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ് നേടിയെടുക്കാനായിരിക്കുന്നത്. സെൽറ്റോസിൽ നിന്നും തുടങ്ങിയ യുദ്ധം ഇന്ന് കാരെൻസ് ക്ലാവിസ് ഇവി വരെ എത്തിനിൽക്കുകയാണ്. മാരുതി സുസുക്കി എർട്ടിഗയും ടൊയോട്ട ഇന്നോവയുമെല്ലാം അരങ്ങുവാഴുന്ന 7-സീറ്റർ എംപിവി വിഭാഗത്തിലേക്കാണ് കാരെൻസ് എന്ന മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. വലിയ വിജയമായ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയാണ് കിയ അടുത്തിടെ വിപണിയിൽ എത്തിച്ചിരുന്നത്. ഒപ്പം കാരെൻസ് ക്ലാവിസ് എന്ന ഇടിവെട്ട് പേരും കൊടുത്തു. പെട്രോളിലും ഡീസലിലും മാത്രമല്ല, ഇവിയിലും കക്ഷിയെ ഇപ്പോൾ സ്വന്തമാക്കാനാവും.
അടുത്തിടെ പുറത്തിറക്കിയ കാരൻസ് ക്ലാവിസും കാരൻസ് ക്ലാവിസ് ഇവിയും അരങ്ങേറ്റം കുറിച്ച് നാല് മാസത്തിനുള്ളിൽ 21,000-ത്തിലധികം ബുക്കിംഗുകളോളം വാരിയെന്ന് അറിയിച്ചിരിക്കുകയാണ് കിയ. കാരെൻസ് ക്ലാവിസ് ICE വേരിയന്റുകൾക്കായി 20,000-ത്തിലധികം ഓർഡറുകളും ക്ലാവിസ് ഇവിക്ക് 1,000-ത്തിലധികം ബുക്കിംഗുകളുമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് പതിപ്പുകൾക്കും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

വലിയ കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു എംപിവി മോഡലായാണ് കാരെൻസ് ക്ലാവിസ് സ്ഥാനം പിടിച്ചിരിക്കുന്നത്. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം ലഭിച്ച മോഡൽ ഇപ്പോൾ കാഴ്ച്ചയിൽ ആഡംബര കാറുകളെ വരെ തോൽപ്പിക്കുന്ന സ്റ്റൈലിലാണ് വരുന്നത്. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിൽ സ്വന്തമാക്കാനാവും.
പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണം. പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിലും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കാര്യമായ അലങ്കോലപണികളൊന്നും ചെയ്യാൻ കിയ തയാറായിട്ടില്ല.

അതേസമയം പിൻവശത്ത് ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന ലൈറ്റ്ബാറുള്ള 'സ്റ്റാർമാപ്പ്' എൽഇഡി ടെയിൽലൈറ്റുകൾ ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. അവയിൽ ശ്രദ്ധേയമായത് ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജിന്റെ കൂട്ടിച്ചേർക്കലാണ്, 18 പാസിവ് സേഫ്റ്റി മെഷറോടെയാണ് എംപിവി ഇപ്പോൾ നിരത്തിലെത്തുന്നത്.
അവയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ സീറ്റ് യാത്രക്കാർക്കുള്ള അലേർട്ടുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഫാമിലി കാറായതിനാൽ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന കൊടുത്തിരിക്കുന്നത് ശ്രദ്ധേയമാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് അകത്തളത്തിലെ പ്രധാന ആകർഷണം.

രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, എല്ലാ വിൻഡോകളും മുകളിലേക്കും താഴേക്കും പ്രവർത്തിക്കുന്ന സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെന്റുകൾ, സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം കാരെൻസ് ക്ലാവിസിലുണ്ട്.
കിയയുടെ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ക്ലാവിസ് ഇവി. 42 kWh, 51.4 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ എംപിവി തെരഞ്ഞെടുക്കാനാവും. ചെറിയ ബാറ്ററിയുമായി വരുന്ന 7-സീറ്റർ പൂർണ ചാർജിൽ 404 കിലോമീറ്റർ (ARAI) റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത് വലിയ ബാറ്ററി ഉപയോഗിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 490 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനാവുമെന്നാണ് കിയ പറയുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 8.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് എംപിവിക്ക് കഴിയും. ICE എഞ്ചിൻ വേരിയന്റിലേക്ക് വന്നാൽ പുതിയ കിയ കാരൻസ് ക്ലാവിസിന് കരുത്ത് പകരുന്നത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ്. മൊത്തത്തിൽ ഒരു പ്രീമിയം എംപിവിയായി കാരെൻസ് മാറിയിട്ടുണ്ടെന്ന് പറയാം.


Click it and Unblock the Notifications








