എർട്ടിഗയുടെ കച്ചോടം പൂട്ടും, 16 ലക്ഷത്തിന്റെ 7-സീറ്റർ ഇലക്‌ട്രിക് എംപിവിയുമായി ഹ്യുണ്ടായിയുടെ കസിൻ വരുന്നെടാ
ഇലക്‌ട്രിക് വാഹനങ്ങൾ നമ്മുടെ നിരത്തുകൾക്ക് സുപരിചിതമായിക്കഴിഞ്ഞു. പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് നിശബ്‌ദമായി ചീറിപ്പായുന്ന ഇവികൾ പ്രകൃതിക്ക് മാത്രമല്ല, നമ്മുടെ പോക്കറ്റിനും ഒരു വരദാനമാണെന്ന് വേണം പറയാൻ. പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്നും വൈദ്യുത കാറുകളിലേക്ക് മാറാൻ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് മലയാളികളാണ്. ടിയാഗോ ഇവിയും കോമെറ്റ് ഇവിയുമെല്ലാം നഗരവീഥികൾ കീഴടക്കി മുന്നേറുന്നത് കാണുമ്പോൾ നമുക്കും ഒരു വൈദ്യുത കാർ വാങ്ങിയാലെന്താണെന്ന് ആലോചിക്കുന്നവരുടെ എണ്ണവും ഇപ്പോൾ കൂടുതലായിരിക്കും. എന്നാൽ ഇതെല്ലാം 5-സീറ്റർ ഗണത്തിൽ പെടുന്നതിനാൽ എർട്ടിഗ പോലുള്ള 7 സീറ്റർ ഫാമിലി കാറുകൾ വാങ്ങുന്നവർക്ക് അധികം ഓപ്ഷനുകളൊന്നുമില്ലാത്തത് നിരാശപ്പെടുത്തുന്ന കാര്യമാണ്.
ആകെ ബിവൈഡി ഇമാക്‌സ് 7 മാത്രമാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. പക്ഷേ ജൂലൈ 15 മുതൽ മറ്റൊരു മോഡൽ കൂടി ഈ വിഭാഗത്തിലേക്ക് എത്താൻ ഒരുങ്ങുകയാണ് കേട്ടോ. മറ്റാരുമല്ല, സെൽറ്റോസ്, സോനെറ്റ് തുടങ്ങിയ തട്ടുപൊളിപ്പൻ എസ്‌യുവികളിലൂടെ നമുക്ക് പ്രിയങ്കരനായ കിയയാണ് പുത്തൻ കാറുമായി വരുന്നത്.

ഏതാണെന്നല്ലേ, നമ്മുടെ സ്വന്തം കാരെൻസ് ക്ലാവിസ് ഇവി പതിപ്പാണ് ഇന്ത്യയിലേക്ക് എൻട്രി കൊടുക്കാൻ ഒരുങ്ങുന്നത്. ഇതോടെ ഇന്നോവയും എർട്ടിഗയും പോലുള്ള ICE എഞ്ചിൻ വാഹനങ്ങളുടെ വിൽപ്പനയുടെ കാര്യത്തിലും ഒരു തീരുമാനമാവും. ക്ലാവിസിന്റെ ഇലക്ട്രിക്കിന്റെ വരവ് പ്രതീക്ഷിച്ചതിലും വേഗത്തിലായത് ആളുകളിലും ആവേശം സൃഷ്‌ടിക്കാൻ കാരണമായേക്കും.
ക്ലാവിസ് ഇവിയുടെ വിലകളും ജൂലൈ 15-ന് തന്നെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ കിയ കാരെൻസ് ക്ലാവിസ് ഇവി പെട്രോൾ പതിപ്പിനോട് വളരെ സാമ്യമുള്ളതായിരിക്കുമെന്നാണ് ആദ്യ നിഗമനം. എന്നിരുന്നാലും ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചില ഡിസൈൻ മാറ്റങ്ങൾ വരുത്തിയായിരിക്കും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തങ്ങളുടെ 7 സീറ്റർ എംപിവിയെ പുറത്തിറക്കുക.

വാഹനം ചാർജ് ചെയ്യാനുള്ള ചാർജിംഗ് പോർട്ട് ഫ്രണ്ട് ഫാസിയയുടെ മധ്യഭാഗത്തായി ഇടംപിടിക്കുമെന്ന് സ്പൈ ചിത്രങ്ങൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കിയ കാരെൻസ് ക്ലാവിസിന്റെ ICE പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രണ്ട് ബമ്പർ ഡിസൈനിലും അല്പം മാറ്റങ്ങൾ വരുത്തിയേക്കാം. എന്നാൽ നിലവിലുള്ള ബ്ലാങ്ക്ഡ് ഓഫ് ഗ്രില്ലും ആംഗുലർ എൽഇഡി ഹെഡ്‌ലൈറ്റുകളും നിലനിർത്തിയാവും മോഡലിനെ പരുവപ്പെടുത്തിയെടുക്കുക.
വശങ്ങളിൽ നിന്ന് നോക്കുമ്പോൾ കാരെൻസ് ക്ലാവിസ് ഇവിയിൽ പുതിയ അലോയ് വീലുകൾ ലഭിക്കും. മികച്ച എയറോഡൈനാമിക് കാര്യക്ഷമതയ്ക്കായി എയറോ-സ്റ്റൈൽ കവറുകളും കമ്പനി സമ്മാനിച്ചേക്കുമെന്നാണ് വിവരം. അതോടൊപ്പം റൂഫ് റെയിലുകൾ, ബോഡി-കളർഡ് റിയർവ്യൂ മിററുകൾ, വശങ്ങളിലെ റഗ്ഗഡ് ക്ലാഡിംഗ് തുടങ്ങിയ സവിശേഷതകളെല്ലാം ICE എഞ്ചിൻ മോഡലിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കാം.

പിന്നിലേക്ക് വന്നാൽ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ലൈറ്റ് ബാർ, ഇവി-നിർദ്ദിഷ്ട ബാഡ്ജിംഗ്, കാരെൻസ് ക്ലാവിസിൽ നിന്ന് വേറിട്ടുനിർത്താൻ റീഡിസൈൻ ചെയ്‌ത ബമ്പർ തുടങ്ങിയ കാര്യങ്ങളും ഇലക്ട്രിക് എംപിവിയുടെ ഭാഗമായേക്കും. അതോടൊപ്പം തന്നെ എക്സ്റ്റീരിയർ കളർ ഓപ്ഷനിലും മാറ്റങ്ങളുണ്ടായേക്കാം. ഇന്റീരിയറിലേക്ക് കയറിയാൽ നിലവിലെ കാരെൻസ് ക്ലാവിസിലെ അതേ ഡാഷ്‌ബോർഡ് ലേഔട്ടായിരിക്കും ഇലക്ട്രിക് പതിപ്പിലുണ്ടാവുക.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം, ലെവൽ 2 ADAS ഫങ്ഷണാലിറ്റികൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും ഉണ്ടായിരിക്കും. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6-സീറ്റർ ലേഔട്ടും ബെഞ്ച് സീറ്റുകളുള്ള 7-സീറ്റർ ലേഔട്ടും ഇവിയിൽ വാഗ്ദാനം ചെയ്താൽ ആളുകൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാനുള്ള പ്രായോഗികതയും ലഭിക്കും.

ഡിജിറ്റൽ കീ, ബോസ് മോഡുള്ള പവർ-അഡ്ജസ്റ്റബിൾ കോ-ഡ്രൈവർ സീറ്റ് തുടങ്ങിയ ചില പുതിയ സവിശേഷതകൾ ക്ലാവിസ് ഇവിയിൽ അവതരിപ്പിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ക്യാപ്റ്റൻ സീറ്റുകളുള്ള വേരിയന്റിൽ വെന്റിലേറ്റഡ് സീറ്റുകളും ലഭിച്ചേക്കാം. ഒരു ഇവി എന്ന നിലയിൽ വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗ് സപ്പോർട്ട് പോലുള്ള ഇലക്ട്രിക് വാഹന-നിർദ്ദിഷ്ട സവിശേഷതകളും കിയ വാഗ്‌ദാനം ചെയ്‌തേക്കും.
കൃത്യമായ ബാറ്ററി പായ്ക്ക് വിശദാംശങ്ങളൊന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സിംഗിൾ ചാർജിൽ 600 കിലോമീറ്ററിലധികം റേഞ്ച് മോഡൽ നൽകിയേക്കാൻ സാധ്യതയുണ്ട്. സിംഗിൾ മോട്ടോർ സജ്ജീകരണത്തോടൊപ്പം ഒന്നിലധികം ബാറ്ററി പായ്ക്കുകൾ ഇലക്ട്രിക് എംപിവിയിൽ സജ്ജീകരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഏകദേശം 16 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില തുടങ്ങിയാൽ സംഗതി കളറാവും.


Click it and Unblock the Notifications








