പിന്നിൽ രാജകീയമായി ഇരിക്കാം; കിയയുടെ ഇലക്‌ട്രിക് എംപിവിയിലെ യാത്രാസുഖം കൂടും, ചെയ്യുന്നത് ഈ ടെക്‌നിക്
മൾട്ടി പർപ്പസ് വാഹന വിഭാഗത്തിന്റെ രാശി തെളിഞ്ഞുനിൽക്കുകയാണിപ്പോൾ. മാരുതി സുസുക്കി എർട്ടിഗയും ടൊയോട്ട ഇന്നോവയുമെല്ലാം മാത്രമുണ്ടായിരുന്ന വിപണിയെ മാറ്റിയെടുത്ത മോഡലാണ് കിയ കാരെൻസ്. ഫീച്ചേഴ്‌സും പ്രാക്‌ടിക്കാലിറ്റിയും കിടിലൻ ലുക്കുമെല്ലാമായി എത്തിയ മോഡൽ അതിവേഗം തന്റെ സ്ഥാനം കണ്ടെത്തുകയുണ്ടായി. എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ചിന്തിക്കാനാവാത്ത തലത്തിലേക്ക് നീങ്ങി കാരെൻസിന്റെ ഇലക്ട്രിക് പതിപ്പും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അടുത്തിടെ അവതരിപ്പിക്കുകയുണ്ടായി. 7-സീറ്റർ എംപിവിയുടെ ഇവി പതിപ്പ് ഇതിനോടകം വലിയതോതിൽ ജനശ്രദ്ധയാകർഷിക്കുകയും ചെയ്‌തിട്ടുണ്ട്. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറാണെന്ന പ്രത്യേകതയോടെ എത്തിയ മോഡൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
ഈ മാസം ആദ്യമാണ് 17.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ കിയ ഇന്ത്യ കാരൻസ് ക്ലാവിസ് ഇവിയെ പുറത്തിറക്കുന്നത്. നിലവിൽ 7 സീറ്റർ കോൺഫിഗറേഷനിൽ മാത്രം വിപണിയിലെത്തുന്ന ഇലക്ട്രിക് എംപിവി 6-സീറ്റർ പതിപ്പിൽ കൂടി വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടായിരുന്നിരിക്കും. രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണല്ലോ.

ഈയൊരു കാര്യം ക്ലാവിസ് ഇവിയിൽ അനുഭവിക്കാനാവില്ലല്ലോയെന്ന നിരാശ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കിയ. കാർവാലെയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കിയ കാരെൻസ് ക്ലാവിസ് ഇലക്ട്രിക്കിന്റെ 6-സീറ്റർ പതിപ്പിനെ കമ്പനി ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. പക്ഷേ ആറ് സീറ്റർ മോഡൽ ടോപ്പ്-സ്പെക്ക് HTX+ ER വേരിയന്റിൽ മാത്രമേ ലഭ്യമാകൂവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
സ്ലൈഡ്, റീക്ലൈൻ, ടംബിൾ ഫംഗ്ഷനുകളുള്ള രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകളും ഈ ഓഫറിൽ ഉൾപ്പെടും. മുകളിൽ പറഞ്ഞ സവിശേഷതകൾക്ക് പുറമെ 6-സീറ്റർ കിയ കാരെൻസ് ക്ലാവിസ് ഇവി 7 സീറ്റർ പതിപ്പിന് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വിലയിൽ മാറ്റമുണ്ടാവുമെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന ഇലക്ട്രിക് എംപിവിക്ക് 17.99 ലക്ഷം മുതൽ 24.49 ലക്ഷം വരെയാണ് വില വരുന്നത്.

42kWh അല്ലെങ്കിൽ 51.4kWh ബാറ്ററി പായ്ക്കോടുകൂടി വിപണിയിലെത്തുന്ന കിയ കാരെൻസ് ഇവിക്ക് യഥാക്രമം 404 കിലോമീറ്റർ, 490 കിലോമീറ്റർ എന്നിങ്ങനെയാണ് സിംഗിൾ ചാർജിൽ വാഗ്‌ദാനം ചെയ്യാൻ കഴിയുന്ന റേഞ്ച്. സ്റ്റാൻഡേർഡ് റേഞ്ച് (SR) ബാറ്ററി 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറാണ് ഉപയോഗിക്കുന്നതെങ്കിൽ ലോംഗ് റേഞ്ച് (LR) പായ്ക്ക് കൂടുതൽ ശക്തമായ 171 bhp പവർ നൽകുന്ന മോട്ടോറുമായാണ് വരുന്നത്.
രണ്ട് ഇ-മോട്ടോറുകളും ഫ്രണ്ട് ആക്‌സിലിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ക്ലാവിസ് ഇവി ലോംഗ് റേഞ്ച് മോഡലുകൾ 8.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്. 7.4kW, 11kW AC ചാർജർ ഓപ്ഷനുകളാണ് ഇലക്ട്രിക് എംപിവിക്കൊപ്പം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 11kW യൂണിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 42kWh ബാറ്ററി 4 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാവും.

അതേസമയം ഇലക്ട്രിക് എംപിവിയുടെ 51.4kWh പായ്ക്ക് 4 മണിക്കൂർ 45 മിനിറ്റിനുള്ളിൽ ചാർജാവുമെന്നും കമ്പനി പറയുന്നു.ഈ രണ്ടും 10 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്കുള്ള കണക്കാണ് കേട്ടോ. ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാണ് കിയ കാരെൻസ് ക്ലാവിസ് ഇവി ചാർജ് ചെയ്യുന്നതെങ്കിൽ SR, LR ബാറ്ററികൾ 10-80 ശതമാനത്തിൽ നിന്ന് വെറും 39 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് കിയ അവകാശപ്പെടുന്നു.
ഫ്ലീറ്റ് ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ട് 7 സീറ്റർ ഇലക്ട്രിക് എംപിവിയുടെ ടാക്സി പതിപ്പും പുറത്തിറക്കാനുള്ള ആലോചനയും കിയയ്ക്കുണ്ട്. ജിപിഎസ് ട്രാക്കർ, മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സജ്ജീകരിച്ചിരിക്കുന്ന സ്പീഡ് ഗവർണർ തുടങ്ങിയ അവശ്യ സവിശേഷതകളുള്ള 'HTM' ട്രിമ്മിൽ കാരെൻസ് ക്ലാവിസ് ഇവി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഈ സുരക്ഷാ സവിശേഷതകൾ കൂടാതെ ടാക്സി വേരിയന്റിന് മറ്റ് നിരവധി സുഖസൗകര്യങ്ങളും ലഭിക്കും.


Click it and Unblock the Notifications








