ഇന്നോവ വാങ്ങുന്ന പൈസ വേണ്ട, കറണ്ടിലോടുന്ന കിയ എംപിവിക്ക് 2 പുത്തൻ വേരിയന്റുകൾ കൂടി; വില 20 ലക്ഷത്തിൽ താഴെ
എംപിവി സെഗ്മെന്റിൽ ഡിസൈൻ കൊണ്ടും ഫീച്ചറുകൾ കൊണ്ടും പ്രായോഗിക കൊണ്ടും തന്റേതായ സ്ഥാനം കണ്ടെത്തിയ വാഹനമായിരുന്നു കിയ കാരെൻസ്. 7-സീറ്റർ സെഗ്മെന്റ് അരങ്ങുവാണിരുന്ന മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും പടവെട്ടിയാണ് കാരെൻസ് അതിവേഗം അഡ്രസുണ്ടാക്കിയെടുത്തത്. അടുത്തിടെ കാരെൻസ് ക്ലാവിസിന്റെ ഇലക്‌ട്രിക് പതിപ്പും പുറത്തിറക്കി കിയ ഇവി വിഭാഗത്തിലേക്കും പടവെട്ടാനിറങ്ങി. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറാണെന്ന പ്രത്യേകതയോടെ എത്തിയ മോഡൽ അതിവേഗം വിജയം കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇലക്ട്രിക് എംപിവിയിലേക്ക് പുത്തൻ 2 വേരിയന്റിനെ കൂടി അവതരിപ്പിച്ച് ശക്തിയാർജിക്കുകയാണ് ബ്രാൻഡ്.
ഉത്സവ സീസൺ കൊടിയേറിയിരിക്കുന്ന സമയത്ത് കിയ ഇന്ത്യ കാരെൻസ് ക്ലാവിസ് ഇവി നിരയിലേക്ക് പുതുവേരിയന്റുകൾ കൊണ്ടുവന്നത് എന്തായാലും ഗുണംചെയ്യും. HTX E, HTX E [ER] എന്നിവയാണ് ഇലക്ട്രിക് എംപിവിയിലേക്ക് എത്തിയിരിക്കുന്ന പുതുപുത്തൻ വേരിയന്റുകൾ. ഇവയ്ക്ക് യഥാക്രമം 19.99 ലക്ഷം രൂപയും 21.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

ഇലക്ട്രിക് എംപിവി നിര വിപുലീകരിക്കാനുള്ള ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ശ്രമമാണ് പുതുവേരിയന്റുകളിലൂടെ സാധ്യമാക്കിയിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വിപണിയിൽ എത്തിയതിനുശേഷം കിയ കാരെൻസ് ക്ലാവിസ് ഇവി ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്. HTX E വേരിയന്റിന് 42 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
അതേസമയം കിയ കാരെൻസ് ക്ലാവിസ് ഇവി HTX E [ER] പതിപ്പിന് 51.4 kWh പായ്ക്ക് ഉണ്ട്. ഇവ സിംഗിൾ ചാർജിൽ യഥാക്രമം 404 കിലോമീറ്ററും 490 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള HTK+, HTX മോഡലുകൾക്ക് ഇടയിലാണ് രണ്ട് ട്രിമ്മുകളും ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് നിരകളിലും പനോരമിക് സൺറൂഫ്, എൽിഡി ലാമ്പുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളും കമ്പനി ചേർത്തിട്ടുണ്ട്.

ഇതുകൂടാതെ എല്ലാ വിൻഡോകളിലും വിൻഡോ ഓട്ടോ അപ്/ഡൗൺ, വയർലെസ് ചാർജർ, ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണത്തോടുകൂടിയ ഡ്യുവൽ-ടോൺ സ്റ്റിയറിംഗ് വീൽ എന്നിവയാണ് കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ HTX E, HTX E [ER] വേരിയന്റുകളിലെ മറ്റ് പ്രധാന സവിശേഷതകൾ. ലെതറെറ്റ് സീറ്റുകൾ, വൈറസ് സംരക്ഷണമുള്ള എയർ പ്യൂരിഫയർ, ഫുട്‌വെൽ ഇല്യൂമിനേഷനോടുകൂടിയ മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ് സജ്ജീകരണം, സീറ്റ്-ബാക്ക് ഫോൾഡിംഗ് ടേബിൾ, സോളാർ ഗ്ലാസ് എന്നിവയും ഇവയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
26.6 ഇഞ്ച് ഡ്യുവൽ പനോരമിക് ഡിസ്‌പ്ലേയാണ് കിയയുടെ ഇലക്ട്രിക് എംപിവിയുടെ അകത്തളത്തിലെ മറ്റൊരു പ്രത്യേകത. ഇതിൽ ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡ്രൈവർ ഡിസ്‌പ്ലേയായുമാണ് പ്രവർത്തിക്കുന്നത്. 90 കണക്റ്റഡ് കാർ ഫംഗ്‌ഷനുകൾ, ലെവൽ 2 ADAS സവിശേഷതകളുടെ ഒരു സ്യൂട്ട് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളും ഈ ഇവിയിൽ ഉൾപ്പെടുന്നു.

കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ സ്റ്റാൻഡേർഡ് റേഞ്ച് (SR) ബാറ്ററി 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറാണ് ഉപയോഗിക്കുന്നതെങ്കിൽ ലോംഗ് റേഞ്ച് (LR) പായ്ക്ക് കൂടുതൽ ശക്തമായ 171 bhp പവർ നൽകുന്ന മോട്ടോറുമായാണ് വരുന്നത്. രണ്ടിലും ടോർക്ക് 255 Nm ആണ്. രണ്ട് ഇ-മോട്ടോറുകളും ഫ്രണ്ട് ആക്‌സിലിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ക്ലാവിസ് ഇവി ലോംഗ് റേഞ്ച് മോഡലുകൾ 8.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്.
7.4kW, 11kW AC ചാർജർ ഓപ്ഷനുകളാണ് ഇലക്ട്രിക് എംപിവിക്കൊപ്പം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 11kW യൂണിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 42kWh ബാറ്ററി 4 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാവും. പുതുതായി കൊണ്ടുവന്ന രണ്ട് വേരിയന്റുകളും വെറും 39 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ഫാസ്റ്റ് ചാർജിംഗ് ശേഷി സപ്പോർട്ടുമായാണ് വരുന്നത്.
സുരക്ഷയുടെ കാര്യത്തിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മറ്റ് 18 നൂതന സവിശേഷതകൾ എന്നിവയും ഇലക്ട്രിക് എസ്‌യുവിയിൽ കിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മൈകിയ ആപ്പിലെ കെ-ചാർജ് പ്ലാറ്റ്‌ഫോം വഴി 11,000-ത്തിലധികം ചാർജിംഗ് പോയിന്റുകൾ, ലൈവ് ചാർജർ ലഭ്യത, റൂട്ട് പ്ലാനിംഗ്, ഇന്ത്യയിലുടനീളമുള്ള 250-ലധികം ഇവി-റെഡി വർക്ക്‌ഷോപ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഇവി ഇക്കോസിസ്റ്റത്തിന്റെ പിന്തുണയും കാരെൻസ് ഇവിയിലുണ്ട്.


Click it and Unblock the Notifications








