പെട്രോളടിക്കാതെ 'ചാർജ്' ചെയ്‌ത് പോവാം, 17.99 ലക്ഷത്തിന് 490 KM റേഞ്ചുള്ള ഇലക്ട്രിക് 7-സീറ്റർ എംപിവിയുമായി കിയ
എംപിവി സെഗ്മെന്റിൽ ഡിസൈൻ കൊണ്ടും ഫീച്ചറുകൾ കൊണ്ടും പ്രായോഗിക കൊണ്ടും തന്റേതായ സ്ഥാനം കണ്ടെത്തിയ വാഹനമായിരുന്നു കിയ കാരെൻസ്. 7-സീറ്റർ സെഗ്മെന്റ് അരങ്ങുവാണിരുന്ന മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും പടവെട്ടിയാണ് കാരെൻസ് അതിവേഗം അഡ്രസുണ്ടാക്കിയെടുത്തത്. മഹീന്ദ്ര മറാസോയ്ക്ക് നേടിയെടുക്കാനാവാതെ പോയ സൗഭാഗ്യങ്ങളാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് സെഗ്മെന്റിൽ വാരിക്കൂട്ടിയത്. അടുത്തിടെ കാരെൻസ് ക്ലാവിസ് (Kia Carens Clavis) എന്നപേരിൽ മുഖംമിനുക്കി എംപിവി വിപണിയിലെത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ICE എഞ്ചിൻ ഊരിവെച്ച് ഇലക്‌ട്രിക് ഹൃദയം വെച്ചുപിടിപ്പിച്ചിരിക്കുകയാണ് ആശാൻ.
കൺഫ്യൂഷനായോ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കിയ കാരെൻസ് ക്ലാവിസ് ഇവി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്നേ ഉദ്ദേശിച്ചുള്ളൂ കേട്ടോ. നാലോളം വേരിയന്റുകളിൽ എത്തുന്ന ഇലക്ട്രിക് 7-സീറ്ററിന് 17.99 ലക്ഷം മുതൽ 24.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, എക്സ്റ്റെൻഡ് റേഞ്ച് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് എംപിവിയെ തംരംതിരിച്ചിരിക്കുന്നത്.

ഇതിൽ സ്റ്റാൻഡേർഡ് റേഞ്ച് HTK പ്ലസിന് 17.99 ലക്ഷം, HTX മോഡലിന് 20.49 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം കിയ കാരെൻസ് ക്ലാവിസ് ഇവിയിലെ എക്സ്റ്റെൻഡ് റേഞ്ച് HTX വേരിയന്റിന് 22.49 ലക്ഷവും HTX പ്ലസിന് 24.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഹ്യുണ്ടായിയുടെ പ്രാദേശികവൽക്കരിച്ച E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണിതിറക്കിയിരിക്കുന്നത്.
കൂടാതെ അടുത്തിടെ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റഡ് കാരൻസ് ക്ലാവിസുമായി ഡിസൈനും ഫീച്ചറുകളുമെല്ലാം കടമെടുക്കുകയും ചെയ്യുന്നു. പുതിയ ഇലക്ട്രിക് പീപ്പിൾ മൂവർ അതേ സുഖസൗകര്യങ്ങളും പ്രീമിയം ക്യാബിൻ അനുഭവവും വാഗ്ദാനം ചെയ്യുന്നുവെന്ന് കിയ പറയുന്നു. കിയ കാരെൻസ് ക്ലാവിസ് ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് 2025 ജൂലൈ 22-ന് ആരംഭിക്കുമെന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.

മുമ്പ് പറഞ്ഞതുപോലെ കാഴ്ച്ചയിൽ സമാനമാണ് കാരെൻസ് ക്ലാവിസ് ഇവി. എങ്കിലും ചില ഇലക്ട്രിക്-നിർദ്ദിഷ്ട മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തുന്നത്. മുൻവശത്ത് ചാർജിംഗ് പോയിന്റ് സ്ഥാപിച്ചിരിക്കുന്നത് ഈ നവീകരണങ്ങളിൽ ആദ്യത്തേത്. ഒപ്പം മുൻവശത്തെ എൽഇഡി ഡിആർഎല്ലുകളും ഇലക്ട്രിക് എംപിവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ രൂപം സമ്മാനിക്കാനായി പുതിയ 17 ഇഞ്ച് എയ്‌റോ അലോയ് വീലുകളും ഇലക്ട്രിക് എംപിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒപ്പം അടിതട്ടാതിരിക്കാൻ ഗ്രൗണ്ട് ക്ലിയറൻസ് 5 മില്ലീമീറ്ററോളം വർധിപ്പിച്ചിട്ടുണ്ടെന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് പറയുന്നു. അങ്ങനെ ഇവി മോഡലിന് മൊത്തത്തിൽ 200 mm ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുക. അധിക സുരക്ഷക്കായി അണ്ടർബോഡി കവറും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയെല്ലാം ICE എഞ്ചിൻ കാരെൻസ് ക്ലാവിസിന് സമാനമാണ്. ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നോക്കേണ്ടി വരും.

പരമ്പരാഗത ഷിഫ്റ്ററിന് പകരം ഗിയർ ഷിഫ്റ്റർ സ്റ്റിയറിംഗ് കോളത്തിലേക്ക് നീക്കി കിയ കൂടുതൽ സ്ഥലം സ്വതന്ത്രമാക്കിയത് ഞെട്ടിക്കുന്ന സംഗതിയാണ്. ഡിജിറ്റൽ കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന 26.6 ഇഞ്ച് പനോരമിക് ഡിസ്‌പ്ലേയാണ് ഇലക്ട്രിക് എംപിവിയിൽ ഒരുക്കിയിരിക്കുന്നത്. പിന്നെ ആധുനിക കാലത്തിനിണങ്ങുന്ന ഒരുലോഡ് ഫീച്ചറുകളും വണ്ടിയിലുണ്ട്.
ലെവൽ 2 ADAS, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വൺ-ടച്ച് ടംബിൾ-ഡൗൺ രണ്ടാം നിര സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. 169 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വികസിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് കാരൻസ് ക്ലാവിസ് ഇവിക്ക് കരുത്ത് പകരുന്നത്.

42 kWh, 51.4 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ എംപിവി തെരഞ്ഞെടുക്കാനാവും. ചെറിയ ബാറ്ററിയുമായി വരുന്ന 7-സീറ്റർ പൂർണ ചാർജിൽ 404 കിലോമീറ്റർ (ARAI) റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത് വലിയ ബാറ്ററി ഉപയോഗിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 490 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനാവുമെന്നാണ് കിയ പറയുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 8.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് എംപിവിക്ക് കഴിയും.
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന മൂന്ന്-വരി ഇലക്ട്രിക് കാറാണ് കിയ കാരെൻസ് ക്ലാവിസ് ഇവി. അതിനാൽ തന്നെ വലിയ ചലനങ്ങൾ തന്നെ വിപണിയിലുണ്ടാക്കാനാവുമെന്നാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ വിശ്വാസം. മുമ്പത്തേക്കാൾ പ്രീമിയമായി എത്തിയ കാരെൻസിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇവിയേയും ഇതേ ആവേശത്തിൽ ഇന്ത്യക്കാർ നെഞ്ചിലേറ്റുമെന്നാണ് വിശ്വാസം.


Click it and Unblock the Notifications








