രണ്ടാംനിരയിൽ 3 പേർ ഇരുന്നാൽ മതി, എർട്ടിഗയുടെ വില്ലനിൽ ഈയൊരു സംവിധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് കിയ
പുതിയൊരു 7-സീറ്റർ ഇലക്‌ട്രിക് എംപിവിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. മാരുതി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും മത്സരിച്ച് തന്റേതായ സ്ഥാനം കണ്ടെത്തിയ കിയ കാരെൻസിന്റെ ഇവി പതിപ്പാണ് വിപണിയിലേക്ക് എത്തുന്നത് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ വാഹനപ്രേമികൾക്ക് അതൊരു വിരുന്ന് തന്നെയായിരിക്കും. കിയ ഇന്ത്യ തങ്ങളുടെ ആദ്യത്തെ മൂന്നുവരി ഇലക്ട്രിക് മോഡലായ കാരെൻസ് ക്ലാവിസ് ഇവിയെ (Kia Carens Clavis EV) 2025 ജൂലൈ 15-ന് ലോകത്തിനായി സമർപ്പിക്കും. അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ ക്ലാവിസിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്.
അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കാരെൻസ് ക്ലാവിസ് ഇവിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. അതിൽ 7-സീറ്റർ ഓപ്ഷനിൽ മാത്രമേ ഇലക്ട്രിക് എംപിവി ലഭ്യമാവുകയുള്ളൂവെന്ന സുപ്രധാന വെളിപ്പെടുത്തലും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ നടത്തിയിട്ടുണ്ട്. ഇതിനെ സംബന്ധിച്ച വിവരങ്ങൾ കാർദേഖോയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

കിയ കാരെൻസ് ക്ലാവിസ് ഇവി 7-സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ വാഗ്ദാനം ചെയ്യൂ. അതായത് രണ്ടാമത്തെ വരിയിൽ ക്യാപ്റ്റൻ സീറ്റുകൾ ഒരുക്കുന്ന 6-സീറ്റർ പതിപ്പ് ഇലക്ട്രിക് എംപിവിക്ക് ഉണ്ടായിരിക്കില്ലെന്ന് ചുരുക്കം. മൂന്ന്-വരി സജ്ജീകരണം എല്ലാ ട്രിമ്മുകളിലും സ്റ്റാൻഡേർഡ് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്‌തേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
വലിയ 51.4 kWh ബാറ്ററി പായ്ക്കിന് പുറമെ, കൂടുതൽ ചെലവ് കുറഞ്ഞ 42 kWh ബാറ്ററി പായ്ക്കും കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ ഭാഗമാവും. ഇത് കുറഞ്ഞ വിലയിൽ 7-സീറ്റർ ഇലക്ട്രിക് എംപിവി തേടുന്നവരെ ആകർഷിക്കാനും പ്രാരംഭ വില പിടിച്ചുനിർത്താനും കിയയെ സഹായിക്കും. എന്നാൽ ചെറിയ ശേഷിയുള്ള ബാറ്ററി ബേസ് മോഡലുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും.

51.4 kWh ബാറ്ററി പായ്ക്കുള്ള കിയ കാരെൻസ് ക്ലാവിസ് ഇവി ഫുൾ ചാർജിൽ 490 കിലോമീറ്റർ റേഞ്ച് വരെ വാഗ്‌ദാനം ചെയ്യുമെന്നാണ് വിവരം. അതേസമയം ചെറിയ 42 kWh ബാറ്ററി പായ്ക്കുള്ള ഇലക്ട്രിക് എംപിവിക്ക് 390-400 കിലോമീറ്റർ റേഞ്ചായിരിക്കും കമ്പനി അവകാശപ്പെടുക. കിയ ഇതുവരെ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും കാരെൻസിന്റെ വലിപ്പവും സെഗ്‌മെന്റും കണക്കിലെടുക്കുമ്പോൾ അതിൽ ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് (FWD) സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് അനുമാനം. ബാക്കി പവർ കണക്കുകളെല്ലാം എംപിവിയുടെ അവതരണവേളയിൽ അറിയാം. ഡിസൈനിന്റെ കാര്യത്തിൽ കിയ കാരെൻസ് ക്ലാവിസ് ഇലക്ട്രിക് അതിന്റെ ICE മോഡലിന് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ ആർക്കും മനസിലാവും.
പക്ഷേ റീസ്റ്റൈൽ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി ഡിസൈൻ ചെയ്‌ത അലോയ് വീലുകൾ, മുൻവശത്ത് ചാർജിംഗ് പോർട്ട് എന്നിവ പോലുള്ള ചില ഇവി നിർദ്ദിഷ്ട മാറ്റങ്ങളോടെയാണ് കിയ കാരെൻസ് ക്ലാവിസ് ഇവിയെ പണികഴിപ്പിച്ചിരിക്കുന്നത്. അകത്തും മൊത്തത്തിലുള്ള ലേഔട്ട് കാരെൻസ് ക്ലാവിസിന് സമാനമാണ് കേട്ടോ. ഡ്യുവൽ 12.3 ഇഞ്ച് കണക്റ്റഡ് സ്‌ക്രീനുകൾ, ടൂ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സെന്റർ കൺസോളിൽ റോട്ടറി ഗിയർ സെലക്ടർ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്യാബിന് ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള ഡ്യുവൽ-ടോൺ തീമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ കൂടുതൽ പ്രായോഗികതയ്ക്കായി ഫ്രണ്ട് സീറ്റുകൾക്കിടയിൽ ഒരു ഫോൾഡബിൾ-ലിഡ് സ്റ്റോറേജ് കമ്പാർട്ട്‌മെന്റും ഉണ്ടാകും. പനോരമിക് സൺറൂഫ്, മുന്നിലും പിന്നിലും യാത്രക്കാർക്ക് വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ്, പവർഡ് ഡ്രൈവർ സീറ്റ്, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർവ്യൂ മിറർ (IRVM) എന്നീ ഫീച്ചറുകളും ഇവിയുടെ ഭാഗമായേക്കും.
സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് ഉള്ള 360-ഡിഗ്രി ക്യാമറ, ലെവൽ-2 ADAS സ്യൂട്ട് എന്നിവയാണ് സേഫ്റ്റി ഫീച്ചറുകൾ. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഡ്രൈവർ ഡ്രൌസിനെസ് ഡിറ്റക്ഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ നൂതന സവിശേഷതകളാണ് ADAS-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഏകദേശം 18 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വന്നേക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








