ഡീസലും സിഎൻജിയും വേണ്ടിനി! ടാക്‌സിയോടാൻ 7-സീറ്റർ ഇലക്‌ട്രിക് എംപിവിയുമായി ഹ്യുണ്ടായിയുടെ കസിൻ വരുന്നു
ഇന്ത്യയിൽ ടാക്‌സി കാറുകൾ എല്ലാവർക്കും സുപരിചിതമാണ്. പണ്ട് ടാറ്റ സുമോ, ഷെവർലെ ടവേര, അംബാസിഡർ, ഇൻഡിക്ക തുടങ്ങിയ മോഡലുകളാണ് ടാക്‌സിയായി കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. പിന്നീട് ടൊയോട്ട ഇന്നോവ, മാരുതി എർട്ടിഗ, മാരുതി ഡിസയർ, മാരുതി വാഗൺആർ തുടങ്ങിയ വണ്ടികളിലേക്ക് പറിച്ചുനടുകയും ചെയ്‌തു. എന്നാൽ കാലംമാറിയതോടെ അങ്ങനെ ടാക്‌സിക്കാരുടെ വയറ്റത്തടിച്ച് പെട്രോൾ, ഡീസൽ വിലയെല്ലാം കുത്തനെ ഉയരുകയുണ്ടായി. പ്രത്യേകിച്ച് കൊവിഡിന് ശേഷം പലരും നേരിട്ടൊരു വലിയ ബുദ്ധിമുട്ടായിരുന്നു ഇത്. ഈ അവസരത്തിൽ സിഎൻജി വാഹനങ്ങളും ഇവികളും സജീവമായി തുടങ്ങുകയും ചെയ്‌തു.
ബെംഗളൂരു പോലുള്ള വലിയ നഗരങ്ങളിൽ ഇവി ടാക്‌സികൾ സജീവമാണെങ്കിലും നമ്മുടെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത്തരം വാഹനങ്ങളുടെ സാധ്യതകൾ വളരെ കുറവായിരുന്നു. പക്ഷേ അപ്പോഴും സിഎൻജി നല്ലൊരു ബദലായി നിലകൊള്ളുന്നുണ്ടായിരുന്നു. പക്ഷേ ഡീസലിനോട് ഏകദേശം അടുത്ത് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന്റെ വിലയും എത്തിയതോടെ പലരും നിരാശരാവുകയും ചെയ്‌തു.

അതിനാൽ ടൊയോട്ട ഇന്നോവയെല്ലാം വിപണിയിൽ നിന്നും പണംവാരുകയാണ് ചെയ്‌തത്. എന്നാൽ ഇപ്പോൾ കേരളത്തിലുൾപ്പടെ ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ എന്തുകൊണ്ട് ടാക്‌സിയോടാൻ ഇവി തെരഞ്ഞെടുത്തുകൂടായെന്ന് ഡ്രൈവർ ചേട്ടൻമാർ ആലോചിക്കുന്നുണ്ടാവും. പക്ഷേ ടാക്‌സിയോടാൻ പറ്റിയ നല്ലൊരു 7-സീറ്റർ ഇലക്ട്രിക് വാഹനം ഇവിടെയില്ല എന്നതാണ് സത്യം.
ആകെയുള്ളത് ബിവൈഡിയുടെ ഇമാക്‌സ് 7 എന്ന എംപിവി മാത്രമാണ്. എന്നാൽ ഇപ്പോഴിതാ നമ്മുടെ ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡായ കിയ പുതിയ 7-സീറ്റർ ഇലക്‌ട്രിക് ടാക്‌സി കാർ പുറത്തിറക്കാൻ ആലോചിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവരികയാണ്. അടുത്തിടെ വിപണിയിലെത്തിയ കാരെൻസ് ക്ലാവിസ് ഇവിയുടെ ഫ്ലീറ്റ് വേരിയന്റ് ഉടൻ തന്നെ വിപണിയിലെത്തിയേക്കും.

ഫ്ലീറ്റ് ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ട് 7 സീറ്റർ ഇലക്ട്രിക് എംപിവിയുടെ ടാക്സി പതിപ്പ് വരുമെന്ന സൂചന നൽകിയിരിക്കുന്നത് ടീംബിഎച്ച്പിയാണ്. ജിപിഎസ് ട്രാക്കർ, മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സജ്ജീകരിച്ചിരിക്കുന്ന സ്പീഡ് ഗവർണർ തുടങ്ങിയ അവശ്യ സവിശേഷതകളുള്ള 'HTM' ട്രിമ്മിൽ കാരെൻസ് ക്ലാവിസ് ഇവി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഈ സുരക്ഷാ സവിശേഷതകൾ കൂടാതെ ടാക്സി വേരിയന്റിന് മറ്റ് നിരവധി സുഖസൗകര്യങ്ങളും ലഭിക്കും.
കാരെൻസ് ക്ലാവിസ് ഇവിയുടെ ടാക്‌സി വേരിയന്റ് HTK+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ബ്ലാക്ക് ഹൈ ഗ്ലോസ് എയ്‌റോ അലോയ് വീലുകൾ, ഇലക്ട്രിക് ടംബിൾ ഫംഗ്ഷനോടുകൂടിയ സ്ലൈഡിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റുകൾ, റിയർ എസി വെന്റുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ 12.25 ഇഞ്ച് സ്‌ക്രീനുകൾ എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളുടെ അകമ്പടിയും ഇവിയിലുണ്ടാവും.

മാനുവൽ സ്പീഡ് ലിമിറ്റ് അസിസ്റ്റുള്ള ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, ഐ-പെഡലിനും റീജൻ ബ്രേക്കിനുമുള്ള പാഡിൽ ഷിഫ്റ്ററുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർവ്യൂ ക്യാമറ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, വെർച്വൽ എഞ്ചിൻ സൗണ്ട് നോയ്‌സ് (VESS) തുടങ്ങിയ നൂതന സവിശേഷതകളും കാരെൻസ് ക്ലാവിസ് ഇവിയുടെ HTM വേരിയന്റിന് ലഭിക്കുമെന്നാണ് വിവരം.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കാരെൻസ് ക്ലാവിസ് ഇവിയുടെ കൊമേഴ്‌സ്യൽ വേരിയന്റിന് 42 kWh ബാറ്ററി പായ്ക്കായിരിക്കും ലഭിക്കുക. ഇത് സിംഗിൾ ചാർജിൽ 404 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ യോഗ്യമാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 133 bhp കരുത്തിൽ 255 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. HTM വേരിയന്റിന് 18.19 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








