എണ്ണയടിക്കാതെ കൊണ്ടുനടക്കാം, 490 കി.മീ. റേഞ്ചുള്ള കിയയുടെ 7-സീറ്റർ എംപിവി ദേ കാണ്! വിലയറിയാൻ ദിവസങ്ങൾ മാത്രം
ഇന്ത്യയിലെ 7-സീറ്റർ എംപിവി സെഗ്മെന്റിൽ വെന്നിക്കൊടി പാറിച്ച മോഡലാണ് കിയ കാരെൻസ്. മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും പൊരുതി തന്റേതായ സ്ഥാനം കണ്ടെത്തിയ മൾട്ടി പർപ്പസ് വാഹനം അടുത്തിടെ കാരെൻസ് ക്ലാവിസ് എന്നപേരിൽ മുഖംമിനുക്കി വിപണിയിലെത്തുകയും ചെയ്‌തിരുന്നു. മുമ്പത്തേക്കാൾ പ്രീമിയമായി എത്തിയ കിയയുടെ സെവൻ സീറ്ററിനെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തൊട്ടുപിന്നാലെ കാരെൻസിന്റെ ഇവി പതിപ്പും പുറത്തിറക്കുമെന്ന് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തതോടെ എർട്ടിഗ പോലുള്ള മോഡലുകളുടെ നിലനിൽപ്പ് തന്നെ പ്രശ്‌നത്തിലായി.
ഇപ്പോഴിതാ ഇലക്ട്രിക് എംപിവിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഞെട്ടിച്ചിരിക്കുകയാണ് കിയ. 2025 ജൂലൈ 15-ന് വില പ്രഖ്യാപിക്കാനിരിക്കുന്നതിന് മുന്നോടിയായി കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കിയ അവതരിപ്പിക്കുന്ന ആദ്യത്തെ മാസ്-മാർക്കറ്റ് ഇവി ആയതിനാൽ വണ്ടിയുടെ വിലയറിയാൻ ഏവരും കാത്തിരിക്കുകയാണ്. 20 ലക്ഷത്തിനോട് അടുത്ത് വില പിടിച്ചുനിർത്താനായാൽ സംഭവം ഹിറ്റാവുമെന്ന കാര്യം ഉറപ്പാണ്.

ഡിസൈനിന്റെ കാര്യത്തിൽ കിയ കാരെൻസ് ക്ലാവിസ് ഇലക്ട്രിക് അതിന്റെ ICE മോഡലിന് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ ആർക്കും മനസിലാവും. എങ്കിലും റീസ്റ്റൈൽ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി ഡിസൈൻ ചെയ്‌ത അലോയ് വീലുകൾ, മുൻവശത്ത് ചാർജിംഗ് പോർട്ട് എന്നിവ പോലുള്ള ചില ഇവി നിർദ്ദിഷ്ട നവീകരണങ്ങൾ ഇലക്ട്രിക് എംപിവിയിൽ ഉണ്ടാവും.
ബാറ്ററിയുടെയും ഇലക്ട്രിക് മോട്ടോറുകളുടെയും അധിക ഭാരം ഉൾക്കൊള്ളുന്നതിനായി സസ്‌പെൻഷൻ സജ്ജീകരണം ICE പതിപ്പിൽ നിന്ന് വ്യത്യസ്തമാകാനും സാധ്യതയുണ്ട്. കാരെൻസ് ക്ലാവിസ് ഇവിയുടെ ഇന്റീരിയറും സമാനമായ ശൈലി തന്നെയാവും പിന്തുടരുക. വ്യത്യസ്ത നിറങ്ങളിലുള്ള അപ്ഹോൾസ്റ്ററി ഉപയോഗിക്കുന്നതിനോടൊപ്പം ചില പുതുമകൾ അവതരിപ്പിക്കാനും കിയയ്ക്ക് കഴിഞ്ഞേക്കും.

സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അടങ്ങുന്ന അതേ 12.3 ഇഞ്ച് ട്വിൻ-സ്‌ക്രീൻ സജ്ജീകരണമെല്ലാം ഇലക്ട്രിക് എംപിവിക്ക് മൊഞ്ചേകുന്ന കാര്യങ്ങളാണ്. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, 4-വേ ഇലക്ട്രിക്കൽ അഡ്ജസ്റ്റ്‌മെന്റുള്ള ഡ്രൈവർ സീറ്റ്, എയർ പ്യൂരിഫയർ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് വാഹനത്തിലെ ശ്രദ്ധേയമായ ചില ഫീച്ചേഴ്‌സുകൾ.
സേഫ്റ്റിയിലും കോംപ്രമൈസ് ഉണ്ടാവില്ല. 6-എയർബാഗുകൾ, നാല് ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ട്രാക്ഷൻ കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ അസിസ്റ്റ് കൺട്രോൾ തുടങ്ങിയ മികച്ച സുരക്ഷാ ഉപകരണങ്ങളെല്ലാം കോർത്തിണക്കിയാണ് തങ്ങളുടെ ഏറ്റവും പുതിയ കാരെൻസ് ക്ലാവിസ് ഇവിയെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വിപണിയിലെത്തിക്കുക.

സെവൻ സീറ്റർ ഇലക്ട്രിക് എംപിവിയുടെ ഉയർന്ന വകഭേദങ്ങളിൽ കിയ ലെവൽ 2 ADAS നൽകുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കിയ കാരെൻസ് ക്ലാവിസിന്റെ ICE എഞ്ചിൻ പതിപ്പിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 20 ഓട്ടോണമസ് സുരക്ഷാ സവിശേഷതകളുള്ള ലെവൽ 2 ADAS സ്യൂട്ട് കൊടുത്തിരിക്കുന്നതിനാൽ വൈദ്യുത കാറിലും ഈ സജ്ജീകരണങ്ങളെല്ലാം കൊണ്ടുവന്നാൽ അത് കളറാവും.
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിൽ നിന്ന് 42kWh, 51.4kWh ബാറ്ററി പായ്ക്കുകൾ കടമെടുത്താണ് കാരെൻസ് ക്ലാവിസ് ഇവി വിപണിയിലെത്തിക്കുക. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറായിരിക്കും വണ്ടിക്ക് തുടിപ്പേകുക. പവർ, ടോർക്ക് കണക്കുകൾ ക്രെറ്റ ഇവിക്ക് സമാനമായിരിക്കാം. എന്നിരുന്നാലും ക്രെറ്റ ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ എംപിവിയുടെ നീളം കൂടുതലായതിനാൽ പ്രകടനം ഭാഗികമായി കുറഞ്ഞേക്കാം.
490 കിലോമീറ്റർ റേഞ്ചാണ് വരിനാരിക്കുന്ന കിയ കാരെൻസ് ഇവിയുടെ ക്ലെയിംഡ് റേഞ്ച് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ക്രെറ്റ ഇലക്ട്രിക്കിന്റെ 51.4kWh ബാറ്ററി പായ്ക്ക് പതിപ്പിനേക്കാൾ 17 കിലോമീറ്റർ കൂടുതലാണ്. ക്ലാവിസ് ഇവിയിൽ അധിക സീറ്റിംഗ് നിര വാഗ്ദാനം ചെയ്തിട്ടും കിയ ഈ റേഞ്ച് എങ്ങനെ നേടിയെന്നത് അറിയാൻ ആളുകൾക്ക് ആകാംക്ഷയുമുണ്ടാവും. 42kWh ബാറ്ററി പായ്ക്ക് വേരിയന്റുകൾക്ക് 390 കിലോമീറ്ററായിരിക്കും റേഞ്ച്.


Click it and Unblock the Notifications








