നടുക്ക് മുട്ടിയിരുന്ന് പോവേണ്ട, ഫാമിലി കാറിലേക്ക് കൂടുതൽ 6-സീറ്റർ വേരിയന്റുകൾ അവതരിപ്പിച്ച് കിയ
സെവൻ സീറ്റർ എംപിവി സെഗ്മെന്റിൽ മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും പടവെട്ടി തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാരെൻസ്. ഈയടുത്ത് കൂടുതൽ സ്റ്റൈലിഷായി പേരിനൊപ്പം ക്ലാവിസ് എന്നുകൂടി ചേർത്ത വാഹനം നിലവിൽ നല്ലൊരു ഫാമിലി കാർ നോക്കിനടക്കുന്നവരുടെ പ്രിയങ്കരനാണ്. വൈവിധ്യമാർന്ന വേരിയന്റ് നിരയും എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളുമെല്ലാം നൽകുന്ന മറ്റൊരു എംപിവി ഇവിടെയുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഉപഭോക്താക്കളെ മനസിലാക്കാനും അവരിൽ നിന്ന് അഭിപ്രായം തേടി വേണ്ട മാറ്റങ്ങൾ തങ്ങളുടെ മോഡലുകളിൽ നടപ്പിലാക്കുകയും ചെയ്യുന്നവരാണ് കിയ.
ഇപ്പോഴിതാ പല ഉപഭോക്താക്കളും ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം മോഡലിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. കാരെൻസ് ക്ലാവിസ് നിരയിലേക്ക് പുതിയ വകഭേദങ്ങൾ ചേർത്തുകൊണ്ടാണ് എംപിവിയെ കൂടുതൽ ആകർഷകമാക്കിയിരിക്കുന്നത്. കിയ കാരെൻസ് ക്ലാവിസ് ഇപ്പോൾ പുതിയ HTX (O) വേരിയന്റിൽ ലഭ്യമാണ. 19.27 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ എത്തുന്ന ഈ പതിപ്പിൽ കൂടുതൽ ഫീച്ചറുകളാണ് ഒരുക്കിവെച്ചിട്ടുള്ളത്.

മാത്രമല്ല, HTK+, HTK+ (O), HTX (O) ട്രിമ്മുകളിൽ 6 സീറ്റർ ഓപ്ഷനുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കിയ ഇന്ത്യ പറയുന്നു. പുതിയ ട്രിമ്മും വകഭേദങ്ങളും 2025 ഒക്ടോബർ 13 മുതൽ എല്ലാ ഷോറൂമുകളിലും ലഭ്യമാകും. പുതിയ കിയ കാരെൻസ് ക്ലാവിസ് HTX (O) വേരിയന്റിൽ 8 സ്പീക്കറുകളുള്ള പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം പോലുള്ള സവിശേഷതകളുള്ളതിനാൽ യാത്രകൾ ആനന്ദകരമാവും.
ഈയൊരു ഫീച്ചർ മുമ്പ് HTK+ ട്രിമ്മിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇക്കോ, നോർമൽ, സ്‌പോർട് എന്നിവയ്ക്കായുള്ള ഡ്രൈവ് മോഡ് സെലക്ട്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ സവിശേഷതകളും എംപിവിയുടെ 7-സ്പീഡ് ഡിസിടി പതിപ്പിൽ ചേർത്തിട്ടുണ്ട്. പുതിയ കാരെൻസ് ക്ലാവിസ് HTX (O) അതിന്റെ HTX+ ട്രിമ്മിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്.

6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ എംപിവിയുടെ പുത്തൻ വേരിയന്റുകൾ വാങ്ങാനുമാവും. 7-സ്പീഡ് ഡിസിടിയുമായി ജോടിയാക്കിയ 1.5 ലിറ്റർ ടർബോചാർജ്ഡ് സ്മാർട്ട്സ്ട്രീം പെട്രോൾ എഞ്ചിനിലും ഇത് പ്രത്യേകമായി ലഭ്യമാകും. മാത്രമല്ല കാരെൻസ് ക്ലാവിസിന് ഇപ്പോൾ HTK+ (G1.5T 7DCT & D1.5 6AT), HTK+(O) (G1.5T 7DCT) ട്രിമ്മുകളിൽ 6 സീറ്റർ വകഭേദങ്ങൾ ലഭിക്കുന്നുമുണ്ട് എന്നതിനാൽ ആളുകൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാനുള്ള സൌകര്യവും ലഭ്യമാവും.
കിയ കാരെൻസ് ക്ലാവിസിലെ മറ്റ് സവിശേഷതകളിൽ രണ്ടാം നിരയിലെ സ്ലൈഡിംഗ്, റീക്ലൈനിംഗ്, വൺ-ടച്ച് ഇലക്ട്രിക് ടംബിൾ സീറ്റുകളും ഉൾപ്പെടുന്നുണ്ട്. മൂന്നാം നിരയിലേക്ക് തടസമില്ലാതെ പ്രവേശിക്കാൻ ഇവയെല്ലാം സഹായിക്കുന്നു. 26.6 ഇഞ്ച് ഡ്യുവൽ പനോരമിക് ഡിസ്പ്ലേ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഇൻഫോടെയ്ൻമെന്റ്-ടെമ്പറേച്ചർ കൺട്രോൾ സ്വാപ്പ് സ്വിച്ച് എന്നിവയും എംപിവിയിൽ ഇപ്പോഴുണ്ട്.

മെക്കാനിക്കലി മാറ്റമൊന്നുമില്ലാത്തതിനാൽ കാരെൻസ് ക്ലാവിസിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. സേഫ്റ്റിയിലും ആള് മിടുക്കനാണെന്ന് പറയേണ്ടതില്ലല്ലോ. എംപിവിയിൽ 6 എയർബാഗുകൾ, ഇഎസ്‌സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ ഒക്യുപന്റ് അലേർട്ട്, റോൾഓവർ സെൻസറുകൾ എന്നിവയും അതിലേറെയും കാര്യങ്ങൾ കിയ ഒരുക്കിയിട്ടുണ്ട്.
എംപിവിയുടെ ടോപ്പ് വേരിയന്റുകളിൽ 20 ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS ഫീച്ചറുകളും ലഭിക്കും. കാരെൻസ് ക്ലാവിസ് ഇപ്പോൾ HTE, HTE (O), HTK, HTK+, HTK+ (O), HTX, HTX+ എന്നിങ്ങനെ മൊത്തത്തിൽ 8 ട്രിമ്മുകളിൽ ലഭ്യമാകും. വിലയുടെ കാര്യം നോക്കിയാൽ 11.08 ലക്ഷം രൂപ മുതൽ 20.71 ലക്ഷം വരെയാണ് കിയയുടെ 7-സീറ്റർ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








