എർട്ടിഗയുടെ കാര്യം കട്ടപ്പൊക, ആഡംബര വാഹനമായി മാറി കിയയുടെ 7 സീറ്റർ; ജാഡയ്ക്ക് പുതിയ പേരും ഇട്ടിട്ടുണ്ട്
സെവൻ സീറ്റർ എംപിവി സെഗ്മെന്റിൽ മാരുതി സുസുക്കി എർട്ടിഗയുടെ ആധിപത്യം തകർക്കാനായി രൂപമെടുത്ത അവതാരപ്പിറവിയാണ് കിയ കാരെൻസ്. വന്നകാലം മുതൽ ആളുകൾ നെഞ്ചിലേറ്റിയ മോഡലിന് ഇന്ന് 2 ലക്ഷത്തിലധികം ഉടമകളാണുള്ളത്. സെഗ്മെന്റിൽ ഇല്ലാത്ത മോഡേൺ ഫീച്ചറുകളും ഡീസൽ എഞ്ചിനുമെല്ലാം താങ്ങാനാവുന്ന വിലയിൽ വാഗ്‌ദാനം ചെയ്‌തതോടെയാണ് കാരെൻസ് ഇക്കാണുന്ന വളർച്ച നേടിയത്. ഇന്നോവ വാങ്ങാൻ കാശില്ലാത്ത കുറേപ്പേര് കിയയുടെ മൾട്ടി പർപ്പസ് വാഹനം വാങ്ങി ഹാപ്പിയായി ഓടിച്ചുകൊണ്ട് നടക്കുന്നുണ്ട്. ഇപ്പോഴിതാ വിപണിയിലെത്തി മൂന്നാംവർഷമാവുമ്പോഴേക്കും കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും വിപണിയിൽ എത്തിച്ചിരിക്കുകയാണ്.
നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് കാരെൻസിന്റെ മുഖംമിനുക്കിയ മോഡൽ നിരത്തിലേക്ക് എത്തിയിരിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കാരെൻസ് ക്ലാവിസ് എന്ന പുതിയ പേരും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, പുതിയ കിയ കാരൻസ് ക്ലാവിസ് നിലവിൽ വിൽപ്പനയിലുള്ള കാരെൻസിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പ്രീമിയം അപ്പീലിനായി കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യയും കുത്തനിറച്ചാണ് എംപിവി കച്ചോടം പിടിക്കാനായി എത്തുന്നത്. പുതിയ കാരെൻസ് ക്ലാവിസ് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കിയയുടെ ഡീലർഷിപ്പുകളിലും ഓൺലൈനിലും 25,000 രൂപയുടെ ടോക്കൺ തുകയ്ക്ക് വാഹനം ബുക്ക് ചെയ്യാം. പുതുമോഡലിനായുള്ള ബുക്കിംഗ് ഇന്ന് രാത്രി അർദ്ധരാത്രി മുതലായിരിക്കും ആരംഭിക്കുക.
തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അവതരണവും വില പ്രഖ്യാപനവും ഉണ്ടാവും. പുതിയ കാരൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ വേരിയന്റുകളിൽ ലഭ്യമാവുമെന്നാണ് കിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളും മോഡലിന് ഉണ്ടാവും.

പുതിയ ഐവറി സിൽവർ ഗ്ലോസ് കളർ ഓപ്ഷനാണ് കിയ കാരെൻസ് ക്ലാവിസിന്റെ പ്രധാന ഹൈലൈറ്റ്. പുതുതായി ഇതിൽ എന്താണുണ്ടാവുകയെന്ന് ചോദിച്ചാൽ ആദ്യം ഡിസൈനിൽ നിന്നും തുടങ്ങേണ്ടി വരും. കിയയുടെ ആഗോള മോഡലുകളിൽ നിന്നുള്ള സ്റ്റൈലിംഗ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ കിയ കാരൻസ് ക്ലാവിസ് ഒറ്റനോട്ടത്തിൽ ആരുടേയും മനംവരുമെന്ന് ഉറപ്പാണ്.
പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന മുൻഭാഗം എന്നിവ ഉപയോഗിച്ച് മുൻവശം കളറാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിലും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്.

വശക്കാഴ്ച്ചയിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കാര്യമായ അലങ്കോലപണികളൊന്നും ചെയ്യാൻ കിയ തയാറായിട്ടില്ല. അതേസമയം പിൻവശത്ത് ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന ലൈറ്റ്ബാറുള്ള 'സ്റ്റാർമാപ്പ്' എൽഇഡി ടെയിൽലൈറ്റുകൾ ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ എന്നിവയാണ് കിയ കാരെൻസ് ക്ലാവിസിന്റെ അകത്തളത്തിലെ പുത്തൻ വിശേഷങ്ങൾ. ഓഫ്‌സെറ്റ് കിയ ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും അടിപൊളിയാണ്. രണ്ടാം നിരയിൽ വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഉള്ളതിനാൽ മൂന്നാം നിരയിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനും ഒരുക്കിയിട്ടുണ്ട്.

മറ്റ് ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കിയാൽ കാരെൻസ് ക്ലാവിസിന് 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, എല്ലാ വിൻഡോകളും മുകളിലേക്കും താഴേക്കും പ്രവർത്തിക്കുന്ന സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെന്റുകൾ, സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയെല്ലാം എംപിവിയുടെ മൂല്യം കൂട്ടുന്നുണ്ട്.
എംപിവിയിൽ 20-ലധികം ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകൾ കൊണ്ടുവരുന്ന ലെവൽ 2 ADAS സഹിതമാണ് കിയ കാരൻസ് ക്ലാവിസ് വരുന്നത്. അതോടൊപ്പം ആറ് എയർബാഗുകൾ, ESC, റിയർ സീറ്റ് ഒക്കുപെന്റ് അലേർട്ട്, ആകെ 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്. പുതിയ കാരൻസ് ക്ലാവിസിന് കരുത്ത് പകരുന്നത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ തന്നെയാണ് എഞ്ചിൻ ഓപ്ഷനുകൾ.


Click it and Unblock the Notifications








