2 ലക്ഷം വീടുകളിൽ സന്തോഷം നിറച്ച് കിയയുടെ 7-സീറ്റർ ഫാമിലി കാർ; എർട്ടിഗയുടെ പിന്നാലെ ചീറിപാഞ്ഞ് കാരെൻസ്
സെൽറ്റോസിലൂടെ ഇന്ത്യൻ വാഹന വിപണിയിലേക്ക് പറന്നിറങ്ങിയവരാണ് കിയ. ഹ്യുണ്ടായിയുടെ കസിനാണെങ്കിലും കെട്ടുപാടുകളൊന്നും പുറമെ കാണിക്കാതെ തന്റേതായ രീതിയിൽ വേറിട്ടുനിൽക്കാൻ ദക്ഷിണ കൊറിയൻ ബ്രാൻഡിന് സാധിച്ചു. മിഡ്-സൈസ് എസ്‌യുവി ഹിറ്റായതോടെ പിന്നാലെ സോനെറ്റും കാരെൻസും പോലുള്ള യൂട്ടിലിറ്റി വാഹനങ്ങൾ കൂടി പുറത്തിറക്കി വേരോട്ടം ആഴത്തിലാക്കാനും കിയയ്ക്ക് സാധിച്ചു. എർട്ടിഗ പോലുള്ള തട്ടുപൊളിപ്പൻ എംപിവികൾ അരങ്ങുവാഴുന്നിടത്തേക്കാണ് കാരെൻസ് (Kia Carens) എന്ന 7 സീറ്റർ മോഡലിനെ കമ്പനി അണിനിരത്തുന്നത്. സെഗ്മെന്റിൽ ഇല്ലാത്ത മോഡേൺ ഫീച്ചറുകളും ഡീസൽ എഞ്ചിനുമെല്ലാമായി വണ്ടി അതിവേഗം ഹിറ്റടിച്ചു.
വിലയിൽ എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലാണ് കാരെൻസിന്റെ സ്ഥാനം. മഹീന്ദ്ര മറാസോ ഫ്ലോപ്പായിടത്ത് വെന്നിക്കൊടി പാറിച്ചത് ഒരു സംഭവം തന്നെയാണ്. ഇപ്പോഴിതാ വിൽപ്പനയുടെ കാര്യത്തിൽ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് വാഹനം. നല്ല ഒന്നാന്തരം ഫീച്ചറുകളും ഇഷ്ടം പോലെ സ്പേസും വ്യത്യസ്‌തമായ ഡിസൈനും എല്ലാം കാരണം ഹിറ്റടിച്ച കിയയുടെ നാലാമന് 2 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

വിപണിയിൽ അവതരിപ്പിച്ച് 3 വർഷം കൊണ്ടാണ് കാരെൻസ് എംപിവി ഈയൊരു നേട്ടത്തിലെത്തിയിരിക്കുന്നത്. മൊത്തം വിൽപ്പനയുടെ 24 ശതമാനവും സംഭാവന ചെയ്യുന്നത് വാഹനത്തിന്റെ ടോപ്പ്-എൻഡ് വേരിയന്റുകളാണെന്നും കമ്പനി അവകാശപ്പെടുന്നത്. കിയ കണക്റ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടി-ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമായതാണ് വില അധികം മുടക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
കൂടാതെ 28 ശതമാനം ഉപഭോക്താക്കളും സൺറൂഫ് ഘടിപ്പിച്ച വകഭേദങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ മൊത്തം വിൽപ്പനയുടെ 58 ശതമാനം പെട്രോൾ വകഭേദങ്ങളാണ്. ബാക്കി 42 ശതമാനം ഡീസൽ മോഡലുകളാണ് കൊണ്ടുവരുന്നത്. ട്രാൻസ്മിഷന്റെ കാര്യത്തിൽ 32 ശതമാനം ആളുകളും കാരെൻസിന്റെ ഓട്ടോമാറ്റിക് അല്ലെങ്കിൽ ഐഎംടി പതിപ്പുകൾ തെരഞ്ഞെടുത്തിരിക്കുന്നതും.

പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ് (O), ഗ്രാവിറ്റി, പ്രസ്റ്റീജ് പ്ലസ്, പ്രസ്റ്റീജ് പ്ലസ് (O), ലക്ഷ്വറി പ്ലസ്, X ലൈൻ എന്നിങ്ങനെ എട്ട് വേരിയൻ്റുകളിലാണ് കിയ കാരെൻസ് തെരഞ്ഞെടുക്കാൻ സാധിക്കുക. ഇന്ത്യയിലേതു പോലെ തന്നെ വിദേശത്തും മെയ്‌ഡ് ഇൻ ഇന്ത്യ കാരെൻസ് ഹിറ്റാണ്. 70-ലധികം രാജ്യങ്ങളിലേക്ക് വാഹനത്തിന്റെ 24,064 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് കിയ കാരെൻസ് ഇന്ത്യയ്ക്ക് പുറത്തും ശ്രദ്ധ നേടിയിട്ടുണ്ട്.
ഇത് ബ്രാൻഡിന്റെ ആഗോള സാന്നിധ്യം വികസിപ്പിക്കാൻ സഹായിച്ചു. ലോഞ്ച് ചെയ്തതിനുശേഷം കിയ ഇന്ത്യയുടെ വിപണി സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ കാരെൻസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ 10.60 ലക്ഷം മുതൽ 19.70 ലക്ഷം രൂപ വരെയാണ് കാരെൻസിന്റെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എംപിവിയുടെ മറ്റൊരു ഹൈലൈറ്റ്.

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകളും കൂടിയാവുമ്പോൾ സംഗതി കളറാണ്. 6,7 സീറ്റർ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവുന്ന എംപിവിയെ ഫീച്ചറുകളുടെ കാര്യത്തിലായാലും യാതൊരു കുറവും വരുത്താതെയാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. സേഫ്റ്റിയിലും കിയയുടെ മൾട്ടി പർപ്പസ് വാഹനം അടിപൊളിയാണ്.
എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം യുവിഒ കണക്ട്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയർലെസ് ചാർജർ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പേൻ സൺറൂഫ്, റൂഫ് മൗണ്ടഡ് റിയർ എസി വെന്റുകൾ, ഡ്രൈവ് മോഡുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് കിയ കാരെൻസിലെ പ്രധാന ഫീച്ചറുകൾ.
6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷൻ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ എന്നിവയാണ് 2 ലക്ഷം യൂണിറ്റ് വിൽപ്പന നേടിയ കാരെൻസിൽ ഒരുക്കിയിരിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ.


Click it and Unblock the Notifications








