8.99 ലക്ഷത്തിന്റെ എസ്‌യുവിയുടെ വരവ് മൈലേജായി, കഴിഞ്ഞ സാമ്പത്തിക വർഷം 2.55 ലക്ഷം കാറുകൾ വിറ്റഴിച്ച് കിയ
ഇന്ത്യൻ വിപണിയിലേക്ക് ഒരു അതിഥിയായി കടന്നുവന്ന് ജനഹൃദയങ്ങൾ കീഴടക്കി ജനങ്ങളിൽ ഒരുവനായി മാറിയ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളാണ് കിയ (Kia). സെൽറ്റോസ് (Seltos), സോനെറ്റ് (Sonet) തുടങ്ങിയ തട്ടുപൊളിപ്പൻ എസ്‌യുവികളിലൂടെ രാജ്യത്ത് പ്രവർത്തനം ആരംഭിച്ച കമ്പനി പിന്നീട് പുതുമയാർന്ന മോഡലുകളിലൂടെ എല്ലാത്തരം ആളുകളിലേക്കും ഇറങ്ങിച്ചെല്ലുകയായിരുന്നു. കാരെൻസ്, സിറോസ് തുടങ്ങിയവരും തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയപ്പോൾ ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡിനെ ഇന്ത്യക്കാർ ഹൃദയത്തിൽ കുടിയിരുത്തി. നല്ല ഡിസൈനും, ആധുനിക ഫീച്ചറുകളും, സേഫ്റ്റിയുമെല്ലാം കോർത്തിണക്കിയാണ് കിയ കാറുകൾ വിപണിയിലേക്ക് വരുന്നത്.
2025 മാർച്ചിൽ കിയ ഇന്ത്യ 25,525 കാറുകളുടെ ആഭ്യന്തര വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോയ വർഷത്തെ ഇതേ സമയത്തെ കണക്ക് പരിശോധിക്കുമ്പോൾ വാർഷിക വിൽപ്പനയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് 19.3 ശതമാനം വളർച്ച കൈവരിക്കാനായിട്ടുണ്ടെന്ന് മനസിലാക്കാം. 2024 മാർച്ചിൽ വിൽപ്പന കണക്കുകൾ 21,400 യൂണിറ്റായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പന 2,55,207 യൂണിറ്റുകളാണെന്നും കമ്പനി പറയുന്നു.

ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. മൊത്തം വിൽപ്പനയുടെ 30 ശതമാനം പ്രതിനിധീകരിച്ച് സോനെറ്റ് മുൻനിരയിൽ തുടർന്നു. സെൽറ്റോസ്, കാരെൻസ്, സിറോസ് എന്നിവ യഥാക്രമം 26 ശതമാനം, 22 ശതമാനം, 20 ശതമാനം വിൽപ്പനയുമായി തൊട്ടുപിന്നിലെയുണ്ട്. കുറഞ്ഞ വിലയും അടിപൊളി ഡിസൈനും ഡീസൽ എഞ്ചിൻ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുടെ നിരയുമാണ് സോനെറ്റിനെ ഇത്രയും ജനപ്രിയമാക്കിയത്.
കമ്പനിയുടെ വിൽപ്പനയിലെ വർധനവ് ത്രൈമാസ വിൽപ്പന കണക്കുകളിലും പ്രകടമാണ്. ഇക്കാലയളവിൽ 75,576 കാറുകളാണ് കിയ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 65,369 യൂണിറ്റുകളിൽ നിന്ന് 15.6 ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്. കൂടാതെ, കിയ ഇന്ത്യ 2,55,207 യൂണിറ്റുകളുടെ വാർഷിക വിൽപ്പനയും റിപ്പോർട്ട് ചെയ്‌തു. 2023-24 സാമ്പത്തിക വർഷത്തിൽ വിറ്റ 2,45,634 യൂണിറ്റുകളിൽ നിന്ന് 4 ശതമാനം വർധനവാണ് 2024-25 കാലഘട്ടത്തിൽ നേടിയെടുക്കാനായത്.

കയറ്റുമതിയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കിയ 26,892 യൂണിറ്റുകൾ അന്താരാഷ്ട്ര വിപണികളിലേക്ക് വിജയകരമായി കയറ്റിയയച്ചു. ഇത് ആഗോളതലത്തിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ഉറപ്പിച്ചു. സിറോസ് പുതിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ വരവാണ് കിയയുടെ ഇന്ത്യയിലെ വിൽപ്പനയ്ക്ക് ബൂസ്റ്റായത്. ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും സൌകര്യങ്ങളുള്ള മറ്റൊരു വണ്ടിയുണ്ടോയെന്ന് വരെ സംശയമാണ്.
വിപണിയിലെത്തിയതിന് ശേഷം കിയ സിറോസ് 15,986 യൂണിറ്റ് വിൽപ്പന നേടിയിട്ടുണ്ട്. ബ്രാൻഡിന്റെ വാഹന നിരയിൽ സോനെറ്റിനും സെൽറ്റോസിനും ഇടയിലാണ് സിറോസ് സ്ഥാനം പിടിച്ചിരിക്കുന്നത്. HTK, HTK (O), HTK+, HTX, HTX+, HTX+ (O) എന്നിങ്ങനെ 6 വേരിയന്റുകളിൽ എത്തുന്ന കോംപാക്‌ട് എസ്‌യുവിക്ക് 9 ലക്ഷം മുതൽ 17.80 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

സോനെറ്റിൽ കാണുന്ന അതേ 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കിയ സിറോസിലെ പെട്രോൾ എഞ്ചിൻ 120 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന സിറോസിലെ ഡീസൽ എഞ്ചിൻ 115 bhp പവറിൽ 250 Nm torque ആണ് നൽകുന്നത്. മൈലേജിന്റെ കാര്യത്തിലും ആള് മോശക്കാരനല്ല കേട്ടോ. പെട്രോൾ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 18.2 കിലോമീറ്റർ മൈലേജ് പറയുമ്പോൾ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

അതേസമയം ഡീസൽ വേരിയന്റ് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി 20.75 കിലോമീറ്റർ മൈലേജും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 17.65 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നുവെന്നും കിയ പറയുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്ന 30 ഇഞ്ച് പനോരമിക് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് കിയ സിറോസിന്റെ അകത്തളത്തിലെ ഏറ്റവും വലിയ പ്രത്യേകത.
മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ, സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എഞ്ചിൻ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ, യുഎസ്ബി സി കണക്ഷനുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പനോരമിക് സൺറൂഫ് എന്നീ സജ്ജീകരണങ്ങളും കിയയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്.
സേഫ്റ്റി ഫീച്ചറുകളുടെ കാര്യമെടുത്താൽൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി 16 അഡാപ്റ്റീവ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലെവൽ 2 സാങ്കേതികവിദ്യയും കിയ സിറോസിന്റെ ഭാഗമാണ്. ഇതൊരു ഓപ്ഷണൽ എക്സ്ട്രയായി അവതരിപ്പിച്ചിരിക്കുന്നതിനാൽ ADAS വേണമെന്നുള്ളവർക്ക് എക്സ്ഷോറൂം വിലയിൽ നിന്നും അധികമായി 80,000 രൂപ മുടക്കേണ്ടി വരും.
ഒരു പ്രീമിയം കോംപാക്‌ട് എസ്‌യുവി എന്നുവേണമെങ്കിൽ സിറോസിനെ വിശേഷിപ്പിക്കാം. അത്രയധികം ഫീച്ചറുകൾ കുത്തിനിറച്ചാണ് കിയ തങ്ങളുടെ ടോൾബോയ് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആഗോള വിപണികളിലെ കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ EV9, EV3 എന്നിവയിൽ നിന്നാണ് സിറോസിന്റെ ഡിസൈൻ കടമെടുത്തിരിക്കുന്നത്. പുതുക്കി പണിത കിയയുടെ K1 പ്ലാറ്റ്‌ഫോമിലാണ് സിറോസ് പണികഴിപ്പിച്ചിരിക്കുന്നത്.
കിയയുടെ ഉൽപ്പന്നങ്ങളിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസത്തിനും ലോകോത്തര മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും തെളിവാണ് ശക്തമായ വിൽപ്പന വളർച്ചയെന്ന് കിയ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ അഭിപ്രായപ്പെട്ടു. സിറോസ് പുറത്തിറങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ ലഭിച്ച മികച്ച പ്രതികരണം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകളെക്കുറിച്ചുള്ള കിയയുടെ ധാരണയെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നവീകരണം, ഗുണനിലവാരം, ഉപഭോക്തൃ സംതൃപ്തി എന്നിവയിലാണ് ഇപ്പോൾ കിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഈ ആക്കം കൂട്ടിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വാഹന ബ്രാൻഡുകളിലൊന്നായി കിയയുടെ സ്ഥാനം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








