ഒറ്റയടിക്ക് 1.64 ലക്ഷം വില കുറഞ്ഞതല്ലേ, ബ്രെസയേക്കാൾ കച്ചോടം പിടിച്ച് കിയയുടെ 7.30 ലക്ഷത്തിൻ്റെ എസ്‌യുവി
ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെൻ്റിൽ ഫീച്ചറുകൾക്കൊണ്ടും ലുക്ക് കൊണ്ടും തരംഗമായി മാറിയ മോഡലാണ് കിയ സോനെറ്റ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലെത്തി ഹിറ്റടിക്കാൻ ചെറിയ റേഞ്ച് ഒന്നും മതിയാവില്ലെന്ന് അറിയാമല്ലോ. മിക്കവർക്കും കൊറിയൻ ബ്രാൻഡിന്റെ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിനെ ഭയങ്കര കാര്യമാണ്. ഒതുക്കമുള്ള രൂപവും കുറഞ്ഞ വിലയുമെല്ലാമാണ് മോഡലിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്. അടുത്തിടെ ജിഎസ്‌ടി കുറച്ചതോടെ 69,700 രൂപ മുതൽ 1.64 ലക്ഷം രൂപ വരെ വില കുറയുകയും ചെയ്‌തിരുന്നു. കൂട്ടിന് ഉത്സവ സീസൺ കൂടിയെത്തിയതോടെ സംഗതി ഉഷാറായി.
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സാക്ഷാൽ മാരുതി ബ്രെസയേക്കാൾ വിൽപ്പന വാരിയാണ് കിയ സോനെറ്റ് മാസ് കാട്ടിയിരിക്കുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ 12,745 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പോയമാസം നിരത്തിലെത്തിച്ചത്. 2024 ഒക്ടോബറിലെ 9,699 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 31.41 ശതമാനത്തിൻ്റെ വർധനവാണ് കമ്പനി നേിയെടുത്തിരിക്കുന്നത്.

ഏകദേശം 3,046 സോനെറ്റുകളാണ് അധികമായി വിൽക്കാൻ കിയയ്ക്ക് സാധിച്ചത്. ജിഎസ്‌ടി വെട്ടിക്കുറച്ചതോടെ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ സൺറൂഫുള്ള വേരിയൻ്റ് വരെ സ്വന്തമാക്കാൻ ആളുകൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പതോളം വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന കിയ സോനെറ്റിന് നിലവിൽ 7.30 ലക്ഷം രൂപ മുതൽ 14.06 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് കിയ സോനെറ്റിന് തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും കോംപാക്‌ട് എസ്‌യുവിയുടെ പ്രധാന ശക്തിയാണ്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ആദ്യത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിന് 82 bhp കരുത്തിൽ 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോളാണ് വാങ്ങുന്നതെങ്കിൽ 118 bhp പവറിൽ 172 Nm ടോർക്ക് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.5 ലിറ്റർ ഡീസലിലേക്ക് വന്നാൽ 114 bhp കരുത്തിൽ 250 Nm ടോർക്ക് ഉത്പാദിപ്പിക്കാനാണ് ഇതിനാവുന്നത്.
ഫീച്ചറുകളുടെ കാര്യത്തിൽ സെഗ്മെൻ്റിലെ തന്നെ ഏറ്റവും സമ്പന്നമായ എസ്‌യുവി മോഡലുകളിൽ ഒന്നാണ് സോനെറ്റ്. സെൽറ്റോസിനെ അനുസ്മരിപ്പിക്കുന്ന കറുപ്പിലൊരുങ്ങിയിരിക്കുന്ന ഡാഷ്ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നിവയെല്ലാം സ്റ്റാൻഡേർഡായി ലഭിക്കും.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗ് ഒന്നും അവകാശപ്പെടാനില്ലെങ്കിലും ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള കാര്യങ്ങളെല്ലാം ലഭിക്കും. ADAS ഫീച്ചറാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ എടുത്തു പറയേണ്ട ഘടകം. സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികവിദ്യകളുടെയും ലെവൽ 1 ADAS സ്യൂട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുത്തൻ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്.
ഫ്രണ്ട് കൊളിഷൻ വാണിംഗ് (FCW), കാറുകൾക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് ഡി വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയാണ് സോനെറ്റിലെ ADAS ടെക്കിൽ ഉൾപ്പെടുന്നത്.


Click it and Unblock the Notifications








