വിൽപ്പനയിൽ റോക്കറ്റായി കിയയുടെ കുഞ്ഞൻ എസ്‌യുവി; വില 7.30 ലക്ഷമല്ലേയുള്ളൂ പിന്നെങ്ങനെ വാങ്ങാതിരിക്കും
സെൽറ്റോസിൻ്റെ മഹാവിജയത്തിന് ശേഷം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുറത്തിറക്കിയ മെയ്‌ഡ് ഇൻ ഇന്ത്യ മോഡലായിരുന്നു സോനെറ്റ്. ചെറിയ രൂപം കൊണ്ടും മോഡേൺ ഡിസൈൻ കൊണ്ടും ആളുകളെ അമ്പരപ്പിച്ച കുഞ്ഞൻ എസ്‌യുവി ഇന്ന് ബ്രാൻഡിൻ്റെ ടോപ്പ് സെല്ലിംഗ് കാറാണ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെൻ്റിൽ എത്തി അതിവേഗം ഹിറ്റടിക്കാൻ സോനെറ്റിനായത് വലിയ അത്ഭുതമൊന്നും ആയിരുന്നില്ല. ന്യായമായ വിലയ്ക്ക് ഇത്രയും ഫീച്ചറുകൾ കുത്തിനിറച്ച മറ്റൊരു മോഡൽ ഇന്ത്യയിലുണ്ടായിരുന്നില്ല. ഇപ്പോഴും ഈ അവകാശവാദം കിയയ്ക്ക് വേണമെങ്കിൽ ഉന്നയിക്കാവുന്നതാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സോനെറ്റിൻ്റെ വിൽപ്പനയിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. 2025 നവംബർ മാസത്തിൽ കോംപാക്‌ട് എസ്‌യുവിയുടെ 12,051 യൂണിറ്റുകളാണ് കിയ നിരത്തിലെത്തിച്ചത്. 2024 നവംബർ മാസത്തിലെ 9,255 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 2,796 സോനെറ്റുകൾ അധികമായി വിൽക്കാൻ ബ്രാൻഡിനായെന്ന് സാരം. അതായത് വാർഷിക വിൽപ്പനയിൽ കോംപാക്‌ട് എസ്‌യുവിക്ക് 30.21 ശതമാനത്തിൻ്റെ അധിക വർധനവ് നേടായി.

അടുത്തിടെ ജിഎസ്‌ടി കുറച്ചതോടെ സോനെറ്റിന് 69,700 രൂപ മുതൽ 1.64 ലക്ഷം രൂപ വരെ വില കുറയുകയും ചെയ്‌തിരുന്നു. ഇതാവാം വിൽപ്പന ഇത്രയും ഉയരാൻ കാരണമായിരിക്കുന്നത്. നിലവിൽ HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പതോളം വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന കിയയുടെ കുഞ്ഞൻ എസ്‌യുവിക്ക് നിലവിൽ 7.30 ലക്ഷം രൂപ മുതൽ 14.06 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡിസൈനിൽ സെൽറ്റോസിന് സമാനമായ ശൈലിയാണ് പുതിയ സോനെറ്റിലും കാണാനാവുന്നത്. പുതിയ ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റ്, സ്ലീക്ക് എൽഇഡി ഫോഗ് ലൈറ്റുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ പോലുള്ള കാര്യങ്ങളാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ. നിരവധി കളർ ഓപ്ഷനുകളിലും എസ്‌യുവി വാങ്ങാനാവും.

ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് കിയ സോനെറ്റിലെ കളർ ഓപ്ഷനുകൾ. എക്സ്റ്റീരിയർ പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക്കായ ഇൻ്റീരിയറും കിയ സോനെറ്റിനെ ആഡംബരമാക്കുന്ന കാര്യമാണ്.
കറുപ്പിലൊരുങ്ങിയിരിക്കുന്ന ഡാഷ്ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നീ ഫീച്ചറുകളെല്ലാം കിയ സോനെറ്റ് വാങ്ങുന്നവർക്ക് ലഭിക്കും.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാലും ആളൊരു മിടുക്കനാണ് കേട്ടോ. ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള കാര്യങ്ങളെല്ലാം ലഭിക്കും. ADAS ഫീച്ചറാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ എടുത്തു പറയേണ്ട ഘടകം. സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികവിദ്യകളുടെയും ലെവൽ 1 ADAS സ്യൂട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുത്തൻ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്.
1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് കിയ സോനെറ്റിന് തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ മോഡലിലുണ്ട്.


Click it and Unblock the Notifications








