ഇനി വെറും 7.30 ലക്ഷം മതി, ലക്ഷ്വറി ഫീലുള്ള കിയയുടെ കുഞ്ഞൻ എസ്‌യുവിയുടെ പുതിയ വില അറിഞ്ഞോ
ഇന്ത്യയിലെ ചെറു എസ്‌യുവി സെഗ്മെന്റിൽ വെന്നിക്കൊടി പാറിച്ച മോഡലാണ് കിയ സോനെറ്റ്. ഹ്യുണ്ടായി വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും സ്റ്റൈലിംഗിൽ തന്റേതായ അഡ്രസുണ്ടാക്കിയെടുക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സബ്-4 മീറ്റർ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് എളുപ്പത്തിൽ സാധിച്ചിട്ടുണ്ട്. ഡിസൈനും ഫീച്ചറുകളും തന്നെയാണ് കിയ കാറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പിന്നെ സാധാരണക്കാർക്കും താങ്ങാനാവുന്ന വില നിർണയവും മികച്ച സർവീസും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. ഇപ്പോഴിതാ ജിഎസ്‌ടി പരിഷ്ക്കരണത്തിന്റെ ഭാഗമായി മോഡൽ നിരയിൽ വില കുറച്ചിരിക്കുകയാണ് കമ്പനി.
സർക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്ക്കാരങ്ങൾക്ക് അനുസൃതമായി കിയ ഇന്ത്യ അവരുടെ ജനപ്രിയ സബ് 4 മീറ്റർ എസ്‌യുവിയായ കിയ സോനെറ്റിന്റെ വിലയും പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും കാര്യമായ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത് എന്നത് എസ്‌യുവി പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന സംഗതിയാണ്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 69,700 രൂപ മുതൽ 1.64 ലക്ഷം രൂപ വരെ വിലക്കുറവിലാണ് കിയ സോനെറ്റ് ഇപ്പോൾ എത്തുന്നത്. ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO എന്നിവയോട് മത്സരിക്കുന്ന കോംപാക്‌ട് എസ്‌യുവി ഇനി മുതൽ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് ഉറപ്പാണ്. കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള പുതിയ വിലകൾ എങ്ങനെയാണെന്ന് നോക്കിയാലോ?
ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന സോനെറ്റ് വേരിയന്റുകൾക്കാണ് ജിഎസ്ടി പരിഷ്ക്കാരങ്ങളിലൂടെ ഏറ്റവും കൂടുതൽ വിലക്കുറവ് സംഭവിച്ചിരിക്കുന്നത്. വകഭേദങ്ങൾക്ക് 1.01 ലക്ഷം മുതൽ 1.64 ലക്ഷം രൂപ വരെ വിലക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ഈ ക്രമീകരണം ഡീസൽ സോനെറ്റിനെ സെഗ്‌മെന്റിലെ ഏറ്റവും വാല്യു ഫോർ മണി ഓഫറുകളിൽ ഒന്നാക്കി മാറ്റുന്നുണ്ട്. പ്രത്യേകിച്ച് കാര്യക്ഷമതയും ദീർഘദൂര ഉപയോഗക്ഷമതയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് ഗുണം ചെയ്യും.

നേരത്തെ 9.99 ലക്ഷം രൂപ വിലയുണ്ടായിരുന്ന കിയ സോനെറ്റ് ഡീസൽ HTE (O) വേരിയന്റ് ഇനി മുതൽ 8.98 ലക്ഷം രൂപ എക്സ്ഷോറൂം വില കൊടുത്താൽ സ്വന്തമാക്കാനാവും. 1,01,491 രൂപയാണ് എസ്‌യുവിയുടെ ഡീസൽ ബേസ് മാനുവൽ പതിപ്പിന് കുറഞ്ഞിരിക്കുന്നത്. അതുപോലെ HTK (O) മാവുവലിന് 11.09 ലക്ഷമായിരുന്നത് ഇപ്പോൾ 9.93 ലക്ഷമായി മാറിയിട്ടുണ്ട്. HTK+ മാനുവലാണെങ്കിൽ 10.29 ലക്ഷമാണ് പുതുക്കിയ വില.
അങ്ങനെ സോനെറ്റ് ഡീസൽ മാനുവൽ വേരിയന്റുകൾക്ക് 11.24 ലക്ഷം വരെയാണ് മുടക്കേണ്ടത്. ഓട്ടോമാറ്റിക്കാണെങ്കിൽ മുമ്പ് 13.42 ലക്ഷം മുതൽ 15.73 ലക്ഷം വരെയായിരുന്നു വിലയെങ്കിൽ ജിഎസ്‌ടി പരിഷ്ക്കാരത്തോടെ 12.02 ലക്ഷം മുതൽ 14.09 ലക്ഷം വരെയായി എക്സ്ഷോറൂം വില കുറഞ്ഞിട്ടുണ്ട്. 1.0 ലിറ്റർ ടർബോ പെട്രോൾ വേരിയന്റുകൾക്കും ശ്രദ്ധേയമായ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. 86,700 രൂപ മുതൽ 1.34 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ ഈ പതിപ്പുകൾക്ക് കുറഞ്ഞിരിക്കുന്നത്.

സോനെറ്റ് ടർബോ ബേസ് HTK ഐഎംടിക്ക് 9.65 ലക്ഷം രൂപയായിരുന്നത് 8.79 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. മുമ്പ് 14.99 ലക്ഷമായിരുന്ന പ്രീമിയം X-ലൈൻ ഡിസിടി ടോപ്പ് എൻഡ് ടർബോ വേരിയന്റിന് ഇപ്പോൾ 13.65 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. സോനെറ്റ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന എൻട്രി ലെവൽ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ വേരിയന്റുകൾക്ക് 69,763 രൂപ മുതൽ 94,626 രൂപ വരെ കുറച്ചിട്ടുണ്ട്.
അടിസ്ഥാന HTE വേരിയന്റിന് 7.99 ലക്ഷം രൂപയായിരുന്ന എക്സ്ഷോറൂം വില ഇപ്പോൾ 7.30 ലക്ഷം രൂപയായിട്ടാണ് കുറഞ്ഞിരിക്കുന്നത്. 1.2 പെട്രോളിലെ ടോപ്പ് എൻഡ് വേരിയന്റായ HTK+(O) വേരിയന്റിന് മുമ്പ് 10.53 ലക്ഷം രൂപയായിരുന്ന വില ഇപ്പോൾ 9.59 ലക്ഷം രൂപയായി കുറയുകയും ചെയ്‌തിട്ടുണ്ട്. ഇനി കോംപാക്‌ട് എസ്‌യുവി നിരയിലെ മത്സരം കൂടുതൽ കടുക്കുമെന്ന് ഉറപ്പാണ്. പ്രീമിയം ഹാച്ച്ബാക്കുകൾക്ക് മുടക്കുന്ന വിലയുണ്ടെങ്കിൽ ഇനി എസ്‌യുവി മുതലാളിയാവാമെന്നത് ആരേയും കൊതിപ്പിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








