20.75 കിലോമീറ്റർ മൈലേജുള്ള കുഞ്ഞൻ ഡീസൽ എസ്‌യുവി, 8 ലക്ഷത്തിന് കിട്ടിയാൽ എല്ലാരും വാങ്ങും!
ഇന്ത്യൻ വിപണിയിലെ എസ്‌യുവി വാഹനങ്ങളുടെ മുഖംമാറ്റാൻ ഒരുങ്ങുകയാണ് കിയ സിറോസ് എന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം. പ്രീമിയം കാറുകളോട് കിടപിടിക്കുന്ന ഫീച്ചറുകളും ബോക്‌സി ഡിസൈനുമെല്ലാമായി വണ്ടി ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 19-നാണ് സിറോസിന്റെ രാജ്യാന്തര അരങ്ങേറ്റം നടന്നത്. സബ്-4 മീറ്റര്‍ വിഭാഗത്തില്‍ സോനെറ്റിനു പിന്നാലെ വരുന്ന രണ്ടാമത്തെ കിയ എസ്‌യുവിയുടെ വിലയറിയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.
പക്ഷേ ആളുകൾ കാത്തിരിക്കുന്നത് കിയ സിറോസിന്റെ വിലയറിയാനാണ്. വില എത്രയായാലും ഇന്ത്യക്കാർ ചോദിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. മറ്റൊന്നുമല്ല, ഇതിന് എത്ര കിട്ടും മൈലേജ് എന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ആറ് ട്രിം ലെവലുകളിലുടനീളം 1.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും എസ്‌യുവിക്ക് തുടിപ്പേകാനെത്തുക.

ഇതിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന സിറോസിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 120 bhp കരുത്തിൽ 172 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെ വരുന്ന 1.5 ലിറ്റർ ഡീസൽ 115 bhp പവറിൽ 250 Nm torque ആണ് നൽകുക.
ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് വന്നാൽ കിയ സിറോസ് ഡീസൽ മാനുവലിന് 17.65 കിലോമീറ്റർ വരെ മൈലേജാണ് നൽകാനാവുക. അതേസമയം ഓട്ടോമാറ്റിക്കാണെങ്കിൽ ലിറ്ററിന് 20.75 കിലോമീറ്റർ മൈലേജും സമ്മാനിക്കുമെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. അതുപോലെ, ടർബോ പെട്രോൾ മാനുവൽ ട്രാൻസ്‌മിഷനുമായി വരുന്ന സിറോസിന് 18.20 കിലോമീറ്ററാണ് ഇന്ധനക്ഷമതയായി പറയുന്നത്.

കോംപാക്‌ട് എസ്‌യുവിയുടെ ടർബോ പെട്രോൾ ഡിസിടി ഓട്ടോമാറ്റിക്കിന് ലിറ്ററിന് 17.68 കിലോമീറ്റർ വരെ മൈലേജ് നൽകാനാവുമെന്നും കിയ അവകാശപ്പെടുന്നു. ഈ കണക്കുകൾ ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വില പ്രഖ്യാപനത്തിന് ശേഷം അധികം കാത്തിരുത്തി മുഷിപ്പിക്കാതെ കിയ സിറോസിനായുള്ള ഡെലിവറിയും ഫെബ്രുവരി മാസം തന്നെ ആരംഭിക്കുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. റൈൻഫോഴ്‌സ്ഡ് K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.
സിറോസിനായി ഇതുവരെ 10,258 യൂണിറ്റ് ബുക്കിംഗുകൾ നേടാനുമായിട്ടുണ്ടെന്ന് കിയ ഇന്ത്യ അടുത്തിടെ അറിയിച്ചിരുന്നു. ഇതിൽ ടർബോ പെട്രോൾ മോഡലുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളതെന്നും കമ്പനി പറയുന്നു. ഫ്രോസ്റ്റ് ബ്ലൂ, പ്യൂറ്റർ ഒലിവ്, അറോറ ബ്ലാക്ക് പേൾ, ഇൻ്റെൻസ് റെഡ്, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ 8 നിറങ്ങളാണ് സിറോസിനൊപ്പം തെരഞ്ഞെടുക്കാനാവുന്നത്.

ടോൾബോയ് ഡിസൈൻ, ലംബമായി അടുക്കിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎൽ, കോൺട്രാസ്റ്റിംഗ് സിൽവർ ട്രിം, ചങ്കി പ്ലാസ്റ്റിക് ക്ലാഡിംഗ്, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, 3-പെറ്റൽ ഡിസൈനുള്ള 17 ഇഞ്ച് അലോയ് വീലുകൾ, ഹൈ-മൌണ്ടഡ് L-ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് കിയയുടെ പുതിയ സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ പുറംകാഴ്ച്ചയിൽ അഴകുറ്റതാക്കുന്നത്.
ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ് പാഡ്, ആംബിയൻ്റ് ലൈറ്റിംഗ്, ഇൻ-കാർ കണക്റ്റിവിറ്റി ടെക്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, 8-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ചാരിയിരിക്കാവുന്നതും സ്ലൈഡുചെയ്യാവുന്നതുമായ രണ്ടാം നിര സീറ്റുകൾ, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് ഫംഗ്‌ഷൻ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിലുള്ളത്.


Click it and Unblock the Notifications








