രാജ്യം കീഴടക്കാൻ പോവുന്ന കുഞ്ഞൻ എസ്‌യുവി, സിറോസിന്റെ പണിതുടങ്ങി കൊറിയൻ കമ്പനി
ഇന്ത്യൻ വിപണിയിൽ എസ്‌യുവികളിലൂടെ (SUV) കളംനിറഞ്ഞാടുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ (Kia India). സെൽറ്റോസും (Seltos) സോനെറ്റും (Sonet) കാരെൻസും (Carens) തീർത്ത വിപ്ലവം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ മറ്റൊരു കുഞ്ഞൻ എസ്‌യുവി കൂടി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് കിയ ഇപ്പോൾ. ഇന്ത്യയിൽ ടാറ്റയെയും മഹീന്ദ്രയെയും ഒതുക്കി ആളാവാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ രാജ്യം വെട്ടിപ്പിടിക്കാനായി സിറോസ് എന്നൊരു കോംപാക്‌ട് എസ്‌യുവിക്ക് (Compact SUV) രൂപം കൊടുത്തിരിക്കുകയാണ് ബ്രാൻഡ്. അടുത്തിടെ രാജ്യത്തിനായി സമർപ്പിച്ച സിറോസിന്റെ (Syros) കാര്യമാണീ പറഞ്ഞുവരുന്നത്.
സോനെറ്റിന് ശേഷം 4 മീറ്ററിൽ താഴെയുള്ള കിയയുടെ രണ്ടാമത്തെ എസ്‌യുവിയാണ് സിറോസ്. വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഹനത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള കിയയുടെ നിർമാണ കേന്ദ്രത്തിൽ നിന്നും സിറോസിന്റെ ആദ്യ യൂണിറ്റ് ഐശ്വര്യത്തോടെ പണിതിറക്കിയിരിക്കുകയാണിപ്പോൾ.

സോനെറ്റിനും സെൽറ്റോസിനും ഇടയിലായിരിക്കും സിറോസ് സ്ഥാനംപിടിക്കുക. സബ്-4 മീറ്റർ എസ്‌യുവിയുടെ വിലയറിയാൻ കാത്തിരിക്കുന്നവർ ഫെബ്രുവരി ഒന്ന് വരെ കാത്തിരിക്കേണ്ടി വരും. എസ്‌യുവി അടുത്ത് കാണാനായി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ 5 സീറ്റർ മോഡലിനെ പ്രദർശിപ്പിക്കുമെന്നും കൊറിയൻ ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. സിറോസിന് ഇതുവരെ 10,258 പ്രീ-ബുക്കിംഗുകൾ വാരാനും സാധിച്ചിട്ടുണ്ട്.
വില പ്രഖ്യാപനത്തിന് ശേഷം അധികം കാത്തിരുത്തി മുഷിപ്പിക്കാതെ കിയ സിറോസിനായുള്ള ഡെലിവറിയും ഫെബ്രുവരി മാസം തന്നെ ആരംഭിക്കുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. റൈൻഫോഴ്‌സ്ഡ് K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ ആഡംബര കാറുകളെ വരെ നാണിപ്പിക്കുന്ന തരത്തിലുള്ള സവിശേഷതകളാണ് കൊറിയൻ വണ്ടിയിൽ ഒരുക്കിയിരിക്കുന്നത്.

ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ ഇരുപതിലധികം സുരക്ഷാ ഫീച്ചറുകളുടെ വലിയ നിരയും കിയ സിറോസിലുണ്ട്. ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ ലെവൽ 2 ADAS ഫംഗ്‌ഷനുകളും എസ്‌യുവിയുടെ ഭാഗമാവും. ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ഓപ്പോസിറ്റ്സ് യുണൈറ്റഡ് സ്‌റ്റൈലിംഗ് ഫിലോസഫിയെ അടിസ്ഥാനമാക്കി ഒരു ടോൾബോയ് ഡിസൈനാണ് സിറോസ് വഹിക്കുന്നത്.
ടൈഗർ ഫെയ്‌സ് ഫ്രണ്ട് ഗ്രിൽ, 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, സ്‌പോർട്ടി എൽഇഡി ഡിആർഎല്ലുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ. അകത്ത് എസ്‌യുവിയിൽ ഡ്യുവൽ-പാൻ പനോരമിക് സൺറൂഫും സ്ലീക്ക് ഡാഷ്‌ബോർഡും ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ കൺസോൾ, എസി കൺട്രോളുകൾക്കുള്ള ടച്ച് ഡിസ്‌പ്ലേ എന്നിവ അടങ്ങുന്ന 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ പാനലും ഉണ്ട്.

കിയ കണക്റ്റ് 2.0, OTA അപ്‌ഡേറ്റുകൾ, 64 നിറങ്ങളിൽ ആംബിയൻ്റ് മൂഡ് ലൈറ്റിംഗ് എന്നിവയും കൂടിയാവുമ്പോൾ ലക്ഷ്വറി എസ്‌യുവിയുടെ എല്ലാ ടച്ചും സിറോസിൽ കിട്ടും. എല്ലാ യാത്രക്കാർക്കും സെഗ്‌മെന്റ് ഫസ്റ്റ് വെൻ്റിലേറ്റഡ് സീറ്റുകളും റിക്ലൈനും സ്ലൈഡിംഗുമുള്ള റിയർ സീറ്റും കിയയുടെ കുഞ്ഞനിൽ ലഭിക്കും. ആറ് ട്രിം ലെവലുകളിലുടനീളം 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും എസ്‌യുവിക്ക് തുടിപ്പേകാനെത്തുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








