ഇലക്‌ട്രിക്കിലും പെട്രോളിലും ഓടിക്കാം, പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാറുമായി ലംബോർഗിനി; വില 6 കോടി രൂപ
അന്താരാഷ്‌ട്ര വിപണികളെ ഇളക്കിമറിച്ച ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയുടെ ടെമെറാരിയോ (Lamborghini Temerario) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ബ്രാൻഡ്. 6 കോടി രൂപയോളം വില വരുന്ന മോഡൽ ഐതിഹാസിക ഹുറാക്കന്റെ പകരക്കാരനായാണ് നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ലംബോർഗിനി ടെമെറാരിയോ വെറും 8 മാസത്തിനുള്ളിലാണ് ഇന്ത്യയിലേക്കും കാലുകുത്തിയിരിക്കുന്നത്. ഇതൊരു ഹൈ-പെർഫോമൻസ് പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാറാണെന്നതാണ് (Plug-in Hybrid Supercar) ഏറ്റവും വലിയ പ്രത്യേകത. മിന്നുന്ന പെർഫോമൻസും ഇവിയുടെ കാര്യക്ഷമതയും സംയോജിച്ച് വരുമ്പോൾ സംഗതി ഉഷാറാവും.
ഡിസൈനിന്റെ കാര്യത്തിൽ ടെമെറാരിയോ പുതുമയുള്ളതും സ്പോർട്ടിയറുമായ ശൈലിയാണ് അവതരിപ്പിക്കുന്നത്. ഷാർക്ക് ഫിൻ സ്റ്റൈലുള്ള മുൻവശം, ലോവർ ലിപ് സ്‌പോയിലർ, ഹെക്‌സഗണൽ എൽഇഡി ഡിആർഎൽ എന്നിവയെല്ലാമാണ് കാറിന്റെ മുൻവശത്തെ മൊത്തത്തിൽ കളറാക്കുന്നത്. പിന്നിൽ ഹെക്‌സഗണൽ-തീം ടെയിൽലൈറ്റുകൾ, മധ്യഭാഗത്തായി ഘടിപ്പിച്ച എക്‌സ്‌ഹോസ്റ്റ്, എയറോഡൈനാമിക് ഒആർവിഎമ്മുകൾ എന്നിവ ലംബോർഗിനിയുടെ സിഗ്നേച്ചർ ഡിസൈൻ സൂചകങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.

20 ഇഞ്ച് ഫ്രണ്ട്, 21 ഇഞ്ച് റിയർ വീലുകളിലാണ് സൂപ്പർകാർ നിരത്തിലേക്ക് ഓടിയെത്തുന്നത്. ലൈറ്റ്‌വെയ്റ്റ് കാർബൺ-ഫൈബർ വീലുകൾ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. അലുമിനിയം സ്‌പേസ്ഫ്രെയിം ഷാസിയിലാണ് ലംബോർഗിനി ടെമെറാരിയോയുടെ നിർമാണം. 10-പിസ്റ്റൺ കാലിപ്പറുകളുള്ള 410 mm ഫ്രണ്ട് ഡിസ്കുകളിൽ നിന്നും നാല് പിസ്റ്റൺ കാലിപ്പറുകളുള്ള 390 mm പിൻ ഡിസ്കുകളിൽ നിന്നുമാണ് ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്.
റിവൽറ്റോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഫൈറ്റർ ജെറ്റ് ശൈലിയിലുള്ള കോക്ക്പിറ്റാണ് ടെമെറാരിയോയുടെ ഇൻ്റിരീയറിലെ ഹൈലൈറ്റ്. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8.4 ഇഞ്ച് വെർട്ടിക്കൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 9.1 ഇഞ്ച് കോ-ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയാണ് പ്ലഗ്-ഇൻ സൂപ്പർകാറിലെ പ്രധാന സവിശേഷതകൾ. വെന്റിലേറ്റഡ്, ഹീറ്റഡ് ഫീച്ചറുകളുള്ള ഇലക്ട്രിക്കലി അഡ്‌ജസ്റ്റബിൾ സീറ്റുകൾ, ഫിസിക്കൽ ബട്ടണുകളുള്ള മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകൾ.

സിറ്റ, സ്ട്രാഡ, സ്പോർട്ട്, കോർസ തുടങ്ങിയ സ്റ്റാൻഡേർഡ് മോഡുകൾ ഉൾപ്പെടെ 13 ഡ്രൈവ് മോഡുകളും റീചാർജ്, ഹൈബ്രിഡ്, പെർഫോമൻസ് പോലുള്ള ഹൈബ്രിഡ്-നിർദ്ദിഷ്ട മോഡുകളും ടെമെറാരിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് ലെവലുകളുള്ള ഒരു ഡെഡിക്കേറ്റഡ് ഡ്രിഫ്റ്റ് മോഡ് ഉപയോക്താക്കളെ കൺട്രോൾഡ് ഡ്രിഫ്റ്റുകൾ നടത്താൻ അനുവദിക്കുന്നു. ഓൺബോർഡ് ടെലിമെട്രി, ഡാഷ്‌ക്യാം, ഓഗ്‌മെന്റഡ് റിയാലിറ്റി നാവിഗേഷൻ എന്നിവയും ഉണ്ട്.
ഹുറാക്കാനേക്കാൾ കൂടുതൽ ലഗേജ് വഹിക്കാനുള്ള ശേഷി ടെമെറാരിയോയ്ക്കുണ്ടെന്നാണ് കമ്പനി പറയുന്നത്. ലംബോർഗിനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ റിവൽറ്റോയുടെ മാതൃക പിന്തുടർന്ന് മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ച 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ടെമെറാരിയോയുടെ ഹൃദയം. V8 എഞ്ചിൻ മാത്രം 789 bhp കരുത്തിൽ പരമാവധി 730 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്നു.

അതേസമയം ഇലക്ട്രിക് മോട്ടോറുകൾ 295 bhp പവറിൽ 2,150 Nm ടോർക്കും കൂടി നൽകുന്നുണ്ട്. അങ്ങനെ കാറിന്റെ സംയോജിത പവർ കണക്കുകൾ 907 bhp ആയി മാറുന്നു. ഇത് സൂപ്പർകാറിനെ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ വെറും 2.7 സെക്കൻഡിനുള്ളിൽ കുതിക്കാൻ അനുവദിക്കുന്ന ഒന്നാണ്. 8-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
അതേസമയം ലംബോർഗിനി ടെമെറാരിയോയുടെ പരമാവധി വേഗത 343 കിലോമീറ്ററായും ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കൾ നിജപ്പെടുത്തിയിട്ടുണ്ട്. 7 kW AC ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ കഴിയുന്ന 3.8 kWh ബാറ്ററിയാണ് കാറിലെ PHEV സിസ്റ്റത്തെ പിന്തുണയ്ക്കുന്നത്. യാത്രയ്ക്കിടയിലും ബാറ്ററി റീചാർജ് ചെയ്യുന്നതിന് റീജനറേറ്റീവ് ബ്രേക്കിംഗും സഹായിക്കുന്നു.


Click it and Unblock the Notifications








