മലയാളത്തിലേക്ക് ആദ്യം വാങ്ങുന്നത് ആരായിരിക്കും? സിനിമക്കാരുടെ ഇഷ്ടവാഹനത്തിനായുള്ള ബുക്കിംഗ് വീണ്ടും തുടങ്ങി
ഇന്ത്യയിലെ സിനിമാക്കാർക്കിടയിൽ ഏറെ പ്രശസ്‌തമായ മൾട്ടി പർപ്പസ് വാഹനമാണ് ടൊയോട്ട വെൽഫയർ. കാരവാനിലേത് പോലുള്ള സകല സുഖസൌകര്യങ്ങളും കിട്ടുന്ന ഈ വാഹനം മലയാളത്തിന്റെ സ്വന്തം മോഹൻലാലും സുരേഷ് ഗോപിയുമെല്ലാം സ്വന്തമാക്കിയിട്ടുള്ള പ്രമുഖരാണ്. വെൽഫയറിന്റെ അത്യാഡംബരമായ മോഡലാണ് ലെക്‌സസ് LM 350h. ടൊയോട്ടയുടെ എംപിവിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കൂടുതൽ ആഡംബരമാണ് ലെക്‌സസിന്റെ മോഡലെന്ന് ചുരുക്കി പറയാം. ബോളിവുഡിൽ മിക്കവരും ഇതിനോടകം ഈ കാരവാൻ പോലത്തെ കാർ സ്വന്തമാക്കിയിട്ടുള്ളവരാണ്. രാജ്യത്തിനായി അനുവദിച്ച് എല്ലാ യൂണിറ്റുകളും വിറ്റഴിഞ്ഞതിന് ശേഷം വാഹനത്തിനായുള്ള ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു ജാപ്പനീസ് ബ്രാൻഡ്.
സിനിമക്കാരുടെ ഇഷ്ടവാഹനത്തിനായുള്ള ബുക്കിംഗ് വീണ്ടും തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് ലെക്‌സസ് ഇപ്പോൾ. 2024 മാർച്ചിലാണ് ഏറ്റവും പുതിയ LM 350h ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് വലിയ സ്വീകാര്യത ലഭിച്ച എംപിവിയുടെ വിതരണവും ലെക്‌സസ് വേഗം ആരംഭിച്ചു. വിതരണ വെല്ലുവിളികൾക്കിടയിലും നിലവിലുള്ള ഓർഡറുകൾ നിറവേറ്റുന്നതിനായി 2024 സെപ്റ്റംബറിൽ ആഡംബര എംപിവിക്കായുള്ള ബുക്കിംഗ് താത്ക്കാലികമായി കമ്പനി നിർത്തിവെക്കുകയായിരുന്നു.

ഇതിന് ശേഷം 8 മാസത്തിനപ്പുറമാണ് ലെക്‌സസ് LM 350h ആഡംബര എംപിക്കായുള്ള ബുക്കിംഗ് കമ്പനി പുനരാരംഭിക്കുന്നത്. 2 കോടി മുതൽ 2.25 കോടി രൂപ വരെയായിരുന്നു കാറിനായി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് സീറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ടാം നിരയുള്ള വളരെ സുഖപ്രദമായ ക്യാബിനാണ് ഈ ആഡംബര ഓഫർ വാഗ്ദാനം ചെയ്യുന്നത്.
ജാപ്പനീസ് വാഹന നിർമാതാക്കളുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ടൊയോട്ട ലെക്‌സസ് LM 350h കാഴ്ച്ചയിലായാലും കിടിലമാണ്. വലിയ സ്പിൻഡിൽ ഗ്രിൽ, ഷാർപ്പ്-സ്റ്റൈൽഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ലംബമായി അടുക്കിയിരിക്കുന്ന ഫോഗ് ലാമ്പുകൾ, പിൻഭാഗത്ത് ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ്, ബോക്‌സി ബോഡി സ്റ്റൈൽ എന്നിവയെല്ലാമാണ് എംപിവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ.

ഇന്റീരിയറാണ് ലെക്‌സസ് LM 350h എംപിവിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 4 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനിൽ വിപണത്തിന് എത്തുന്ന ലക്ഷ്വറി മൂവർ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എയർക്രാഫ്റ്റ്-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, 23-സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റം, തലയിണ-സ്റ്റൈൽ ഹെഡ്‌റെസ്റ്റുകൾ, ഒരു റഫ്രിജറേറ്റർ, 48 ഇഞ്ച് ടെലിവിഷൻ എന്നിവ പോലുള്ള കിടിലൻ സൌകര്യങ്ങളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
കഴിഞ്ഞില്ല, ഇതുകൂടാതെ ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഒരു അംബർല ഹോൾഡർ എന്നിവയും ലെക്‌സസിന്റെ ആഡംബര എംപിവിയുടെ ഭാഗമാണ്. അഡാപ്റ്റീവ് സസ്പെൻഷനോടെയാണ് വരുന്നത് എന്നതിനാൽ യാത്രകളെല്ലാം അങ്ങേയറ്റത്തെ സുഖകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

യാത്രക്കാരുടെ ശരീരത്തിനനുസരിച്ച് ക്യാബിൻ ടെംപ്രേച്ചർ ക്രമീകരിക്കുന്ന പുതിയ സെൻസർ അധിഷ്ഠിത ക്ലൈമറ്റ് കൺട്രോൾ ഫീച്ചറും ലെക്‌സസ് LM 350h മോഡലിലുണ്ട്. നോയ്‌സ്-റിഡക്ഷൻ ടയറുകൾ, ആക്റ്റീവ് നോയ്‌സ് കൺട്രോൾ, ഡിജിറ്റൽ റിയർവ്യൂ മിറർ എന്നിവ ഉപയോഗിച്ച് സുഗമമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിൽ ലെക്സസ് പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ലെക്സസ് സേഫ്റ്റി സിസ്റ്റം+ 3 ADAS സ്യൂട്ടും ഈ മൾട്ടി പർപ്പസ് വാഹനത്തിൽ കോർത്തിണക്കിയിട്ടുണ്ട്.
246 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് LM 350h മോഡലിന്റെ ഹൃദയം. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഉയർന്ന കാര്യക്ഷമതയ്ക്കായി ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററിയും പ്രവർത്തിക്കുന്നുണ്ട്. അതേസമയം ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും കാറിനെ വേറെ ലെവലാക്കുന്ന സംഗതികളാണ്.


Click it and Unblock the Notifications








