ഇടിയല്ല, ഇടിവെട്ട്! ക്രാഷ് ടെസ്റ്റിൽ ഉരുക്കുവണ്ടിയായി ഹോണ്ട എലിവേറ്റ്, തൂക്കിയത് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ്
ഏറെ നാളത്തെ ഇന്ത്യക്കാരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഹോണ്ട പുറത്തിറക്കിയ എസ്‌യുവിയായിരുന്നു എലിവേറ്റ് (Honda Elevate). ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിൽ കാലുകുത്താൻ എത്തുമ്പോൾ അങ്ങനെ ചുമ്മാതെ വന്ന് പോവാൻ ഒക്കില്ലെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് കൃത്യമായി അറിയാമായിരുന്നു. എന്തായാലും അന്തസായി പണികഴിപ്പിച്ച് പുറത്തിറക്കിയ എലിവേറ്റിനെ നാട്ടുകാർ നെഞ്ചിലേറ്റി. സിറ്റിയിലുണ്ടായിരുന്ന ഹൈബ്രിഡ് എഞ്ചിൻ കൂടി ഉപയോഗിച്ചായിരുന്നേൽ സീൻ മാറിയാനേ. എന്തായാലും അതിന് ഹോണ്ടയ്ക്ക് തോന്നാതിരുന്നതിൽ ഹ്യുണ്ടായിക്ക് ആശ്വസിക്കാം. അല്ലെങ്കിൽ ക്രെറ്റയ്ക്ക് പണികിട്ടിയാനേ.
ഇപ്പോഴിതാ ഇടിപ്പരീക്ഷയിലും കട്ടയ്ക്ക് പിടിച്ചുനിന്നിരിക്കുകയാണ് നമ്മുടെ സ്വന്തം എലിവേറ്റ്. ജപ്പാനിൽ WR-V എന്ന പേരിൽ വിൽക്കുന്ന മെയ്‌ഡ് ഇൻ ഇന്ത്യ ഹോണ്ട എലിവേറ്റ് ജപ്പാൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (JNCAP) ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. ഗ്ലോബൽ NCAP അല്ലെങ്കിൽ ഭാരത് NCAP ഇടിപ്പരീക്ഷയിൽ ഇതുവരെ വിലയിരുത്തിയിട്ടില്ലെങ്കിലും ഈയൊരു നേട്ടം കമ്പനിക്ക് അഭിമാനിക്കാവുന്നതാണ്.

ഇന്ത്യയിലെ ഹോണ്ടയുടെ തപുകര പ്ലാന്റിൽ നിർമിക്കുന്ന എലിവേറ്റ് ജപ്പാൻ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ജാപ്പനീസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഹോണ്ട വാഹനം കൂടിയാണിത്. JNCAP പരിശോധനകളിൽ എലിവേറ്റ് മൊത്തത്തിൽ 90 ശതമാനം സ്കോർ നേടിയതായാണ് റിപ്പോർട്ടുകൾ. അതായത് ഇടിക്കൂട്ടിലെ 193.8 പോയിന്റിൽ 176.23 പോയിന്റും കരസ്ഥമാക്കി A ഗ്രേഡ് വാങ്ങിയിട്ടുണ്ടെന്ന് ചുരുക്കം.
പ്രിവെന്റീവ് സേഫ്റ്റി പെർഫോമൻസിൽ 95 ശതമാനം സ്കോർ (82.22/85.8) നേടിയപ്പോൾ കൊളിഷൻ സേഫ്റ്റി പെർഫോമൻസിൽ 86 ശതമാനം സ്കോറും (86.01/100) എലിവേറ്റ് കരസ്ഥമാക്കി. കൂടാതെ യാത്രക്കാർക്കായുള്ള സംരക്ഷണത്തിന് 57.73 പോയിന്റും കാൽനടയാത്രക്കാരുടെ സംരക്ഷണത്തിന് 28.28 പോയിന്റും നേടിയാണ് ക്രാഷ് ടെസ്റ്റിൽ നിന്നും ഹോണ്ട എലിവേറ്റ് മടങ്ങിയത്.

ഫുൾ-ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റിൽ എലിവേറ്റ് ഡ്രൈവർക്ക് 96 ശതമാനവും റിയർ പാസഞ്ചറിന് 88 ശതമാനവും വിജയിച്ചു. ഓഫ്‌സെറ്റ് ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റിൽ ഡ്രൈവർക്ക് 86.9 ശതമാനവും റിയർ പാസഞ്ചറിന് 100 ശതമാനവും സ്കോർ ലഭിച്ചു. സൈഡ് കൊളീഷൻ സേഫ്റ്റി ടെസ്റ്റിലും പരമാവധി പോയിന്റുകൾ നേടിയെടുക്കാനും എസ്‌യുവിക്കായിട്ടുണ്ട്. ഹോണ്ട സെൻസിംഗ് സജ്ജീകരിച്ചിരിക്കുന്ന ടോപ്പ് വേരിയന്റുകളാണ് പരീക്ഷണത്തിന് എത്തിയത്.
ഹോണ്ട സെൻസിംഗ് അടിസ്ഥാനപരമായി ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ആണ്. കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ലെയ്ൻ വാച്ച് ക്യാമറ തുടങ്ങിയ സവിശേഷതകളാണ് ഇതിൽ കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈയൊരു ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നതിനാലാണ് ക്രാഷ് ടെസ്റ്റിൽ എലിവേറ്റിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാൻ കാരണമായിരിക്കുന്നത്.

പുറത്തിറങ്ങി 18 മാസത്തിനുള്ളിൽ ഹോണ്ട എലിവേറ്റ് 1 ലക്ഷം യൂണിറ്റ് വിൽപ്പനയും ആഗോളതലത്തിൽ നേടിയിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ ജപ്പാൻ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 47,653 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് എലിവേറ്റ് 1 ലക്ഷം വിൽപ്പനയെന്ന് നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. 2023 സെപ്റ്റംബറിലാണ് എലിവേറ്റ് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്.
11 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ വണ്ടി സെഗ്മെന്റിൽ ഇത്രവേഗം ക്ലച്ചുപിടിക്കുമെന്ന് പല എതിരാളികളും കരുതിയിരുന്നില്ല. ഇനി ഉഗ്രൻ സേഫ്റ്റി കൂടിയുണ്ടെന്നത് തെളിഞ്ഞിരിക്കുന്നതിനാൽ എലിവേറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടും. SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ കച്ചോടത്തിനിറങ്ങുന്ന എലിവേറ്റിന് നിലവിൽ 11.91 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ജനപ്രിയമായ സിറ്റി മിഡ്-സൈസ് സെഡാന് തുടിപ്പേകുന്ന അതേ 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp പവറും 4,300 ആർപിഎമ്മിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.


Click it and Unblock the Notifications








