നാട്ടിൽ പുല്ലുവില, വിദേശികളുടെ പൊന്നോമനയായി മെയ്‌ഡ് ഇൻ ഇന്ത്യ ജിംനി; അവിടെ ഥാറില്ലേയെന്ന് ചോദിക്കരുത്
മഹീന്ദ്ര ഥാർ അടച്ചിവാണിരുന്ന ഇന്ത്യയിലെ ലൈഫ് സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവി സെഗ്മെന്റ് കൈക്കലാക്കാൻ എത്തിയ അവതാരപ്പിറവിയായിരുന്നു മാരുതി സുസുക്കി ജിംനി. ജിപ്‌സിയുടെ പകരക്കാരനായി വന്ന മോഡൽ വിപണിയിൽ എത്തുമ്പോൾ ആരാധകർക്കും പ്രതീക്ഷകൾ വാനോളമായിരുന്നു. വിദേശ രാജ്യങ്ങളിൽ വിപ്ലവം രചിച്ച സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ത്യയിൽ പുറത്തിറക്കാൻ പലരും മാരുതിയോട് കെഞ്ചിയിരുന്നു. അങ്ങനെ 3-ഡോർ ആയിരുന്ന മോഡലിനെ 5-ഡോർ പതിപ്പാക്കി രാജ്യത്തിന് കമ്പനി സമ്മാനിച്ചു. എന്നാൽ കമ്പനി പ്രതീക്ഷിച്ച വരവേൽപ്പ് ജിംനിക്ക് ലഭിച്ചില്ല. ഥാറിനേക്കാൾ വില കൂടുതലായതും റോഡ് പ്രസൻസില്ലാതെ പോയതും മാരുതിയുടെ ഓഫ്-റോഡറിന് തിരിച്ചടിയായി.
പക്ഷേ ഇന്ത്യയിൽ പൊട്ടിപ്പാളീസായെങ്കിലും അങ്ങനെ നിർത്തിപ്പോവാൻ മാരുതി സുസുക്കി തയാറായില്ല. മെയ്‌ഡ് ഇൻ ഇന്ത്യ ജിംനികൾ വിദേശികൾക്ക് വിൽക്കാൻ കമ്പനി തീരുമാനിച്ചു. ഒരു പക്ഷേ കമ്പനി അടുത്തിടെ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായി ഇത് മാറുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. ആഗോളതലത്തിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ജിംനി 5-ഡോർ.

ഒരു വർഷം മുമ്പ് കമ്പനിയുടെ ഇന്ത്യൻ പ്ലാന്റുകളിൽ നിന്ന് പുറത്തിറങ്ങിയ ഓഫ് റോഡറിന്റെ കയറ്റുമതി 1 ലക്ഷം യൂണിറ്റുകൾ കവിഞ്ഞിരിക്കുകയാണെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി. ജപ്പാൻ, മെക്സിക്കോ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലി തുടങ്ങിയ വിപണികൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്കാണ് ഇപ്പോൾ മെയ്‌ഡ് ഇൻ ഇന്ത്യ ജിംനി 5-ഡോർ കയറ്റുമതി ചെയ്യുന്നത്.
സുസുക്കിയുടെ ആഗോള കയറ്റുമതി അടിത്തറ എന്ന നിലയിൽ ഇന്ത്യ സുപ്രധാനമായി മാറിയിട്ടുണ്ട്. ഫ്രോങ്ക്‌സിന് ശേഷം മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന രണ്ടാമത്തെ മോഡലാണ് ജിംനി 5-ഡോർ. പരമ്പരാഗത ചെറുകാർ വിഭാഗങ്ങളിൽ ലോകമെമ്പാടും കമ്പനിയുടെ സ്ഥാനം ഈ രണ്ട് മോഡലുകളും കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം മാരുതി സുസുക്കി 2 ലക്ഷത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്തു. ഇത് വാർഷിക കണക്കിൽ ഏകദേശം 40 ശതമാനം വർധിച്ച് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന അർദ്ധ വാർഷിക കയറ്റുമതി കണക്കുകളായി മാറുകയും ചെയ്യുന്നു. ഇന്ത്യയുടെ പാസഞ്ചർ വാഹന കയറ്റുമതിയുടെ ഏകദേശം 46 ശതമാനവും ഇപ്പോൾ കമ്പനിയാണ് വഹിക്കുന്നത്.
2023-ൽ പുറത്തിറക്കിയ ഇന്ത്യയിൽ നിർമfച്ച 5-ഡോർ പതിപ്പ് പ്രായോഗികതയിൽ വിദേശികളെ വരെ ഞെട്ടിച്ചു. ഈ വർഷം ആദ്യം ജിംനി നോമാഡ് എന്ന പേരിൽ ജപ്പാനിൽ എത്തിയപ്പോൾ വലിയ വിജയമാണ് കൈവരിച്ചത്. ദിവസങ്ങൾക്കുള്ളിൽ വാഹനത്തിനായുള്ള ബുക്കിംഗ് 50,000 യൂണിറ്റുകൾ കവിഞ്ഞിരുന്നു. ലാഡർ-ഫ്രെയിം ഷാസിയിൽ നിർമിച്ച എസ്‌യുവിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും ലഭിക്കുന്നുണ്ട്.

1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും. ഇനി റോഡിലൂടെയാണ് കൂടുതൽ യാത്രയെങ്കിലും സാരമില്ല. വലിപ്പക്കുറവായതിനാൽ ചെറിയ പാർക്കിംഗിൽ പോലും കക്ഷി ഒതുങ്ങിക്കോളും.
വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണ് എസ്‌യുവിക്കുള്ളത്. പ്രധാന എതിരാളിയായ മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ റോഡ് പ്രസൻസില്ലാത്തതെല്ലാമാണ് ജിംനിയുടെ പോരായ്‌മയായി പലരും പറയുന്ന കാര്യം. എന്നിരുന്നാലും വിദേശികൾക്ക് ജിംനിയുടെ ഒതുക്കമുള്ള രൂപം വല്ലാണ്ട് ഇഷ്ടപ്പെട്ടിരിക്കണം. അല്ലെങ്കിൽ വിദേശത്ത് ഇത്രയധികം കച്ചോടം ലഭിക്കാൻ സാധ്യതയില്ലല്ലോ.


Click it and Unblock the Notifications








