ഇടിപ്പരീക്ഷയിൽ വീണ്ടും തോറ്റ് മെയ്‌ഡ് ഇൻ ഇന്ത്യ ബലേനോ, ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിൽ കിട്ടിയത് 2-സ്റ്റാർ
സേഫ്റ്റിയുടെ കാര്യത്തിൽ മോശമാണെന്ന ചീത്തപ്പേര് മാറ്റിവരികയാണ് മാരുതി സുസുക്കി. ഡിസയർ, വിക്ടോറിസ്, ഇ വിറ്റാര തുടങ്ങിയ വമ്പൻമാരെല്ലാം ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയപ്പോൾ ഫ്രോങ്ക്‌സ്, ബലേനോ എന്നിവ ഭാരത് NCAP ഇടിപ്പരീക്ഷയിൽ 4-സ്റ്റാർ റേറ്റിംഗാണ് നേടിയത്. അങ്ങനെ പപ്പടമാണെന്ന കെട്ടുകഥകളെല്ലാം മാരുതി ഒഴിവാക്കി വരികയാണ്. എന്നാൽ ഇതിനിടയിൽ ഇന്ത്യയിൽ ബലം പരീക്ഷിച്ച് ബലവാനാണെന്ന് തെളിയിച്ച ബലേനോ പ്രീമിയം ഹാച്ച്ബാക്ക് (Suzuki Baleno Premium Hatchback) ലാറ്റിൻ ന്യൂകാർ അസെസ്മെൻ്റ് പ്രോഗ്രാമിൽ (Latin NCAP) പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്.
ലാറ്റിൻ അമേരിക്കയ്ക്കും കരീബിയനുമുള്ള പുതിയ കാർ അസസ്‌മെന്റ് പ്രോഗ്രാമായ ലാറ്റിൻ NCAP ടെസ്റ്റിൽ 2-സ്റ്റാർ റേറ്റിംഗാണ് മെയ്‌ഡ് ഇൻ ഇന്ത്യ സുസുക്കി ബലേനോ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ പഴയ മോഡൽ പരീക്ഷിക്കപ്പെട്ടപ്പോൾ 1-സ്റ്റാർ റേറ്റിംഗാണ് ഹാച്ച്ബാക്കിന് ലഭിച്ചത്. സ്കോർ മെച്ചപ്പെടുത്താനായെങ്കിലും ഇപ്പോഴും കാര്യമായ രീതിയിൽ സുരക്ഷ വർധിപ്പിക്കാനാവാത്തത് സുസുക്കിയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയായേക്കാം.

ഇന്ത്യയിൽ നിർമിച്ച ബലേനോ 35 പോയിൻ്റുകളിൽ 31.75 പോയിൻ്റുകളാണ് നേടിയിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 79.38 ശതമാനം റേറ്റിംഗ് നേടിയപ്പോൾ കുട്ടികളുടെ സുരക്ഷയിൽ 49 പോയിൻ്റിൽ 32.08 പോയിൻ്റും കരസ്ഥമാക്കി 65.46 ശതമാനം റേറ്റിംഗ് നേടി. കാൽനടയാത്രക്കാരുടെ സംരക്ഷണത്തിലും റോഡ് ഉപയോക്താക്കളുടെ വിഭാഗത്തിലും ഹാച്ച്ബാക്ക് 36-ൽ 23.17 പോയിൻ്റുകൾ നേടി 48.28 ശതമാനം റേറ്റിംഗ് നേടി.
സേഫ്റ്റി അസിസ്റ്റ് ടെസ്റ്റ് 25 പോയിൻ്റുകളുമായി 58.14 ശതമാനം റേറ്റിംഗും സുസുക്കി ബലേനോ കാണിച്ചു. ഫ്രണ്ടൽ ഇംപാക്ട്, സൈഡ് ഇംപാക്ട്, സൈഡ് പോൾ ഇംപാക്ട്, വിപ്ലാഷ്, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയിൽ കാറിനെ വിലയിരുത്തി. കാർ സ്റ്റാൻഡേർഡായി സൈഡ് ഹെഡ് പ്രൊട്ടക്ഷൻ നൽകാത്തതിനാൽ പോൾ സൈഡ് ഇംപാക്ട് ടെസ്റ്റ് നടത്തിയില്ലെന്നും പറയുന്നു.

ഇന്ത്യയുടെ സ്വന്തം ഇടിപ്പരീക്ഷയായ ഭാരത് NCAP ടെസ്റ്റിൽ ഹാച്ച്ഹാക്ക് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ലാറ്റിൻ NCAP പരീക്ഷിച്ച ബലേനോ ഇന്ത്യയിൽ നിർമിക്കുന്നതാണെങ്കിലും സുരക്ഷാ റേറ്റിംഗ് ഇന്ത്യയിലെ ബലേനോയ്ക്ക് നേരിട്ട് ബാധകമാകണമെന്നില്ല. കാരണം ഉപകരണ നിലവാരവും സുരക്ഷാ സവിശേഷതകളും വിപണി അനുസരിച്ച് വ്യത്യാസപ്പെടാം. അതിനാൽ ഇവിടെ കാറിന് മികച്ച സ്കോർ തന്നെ തുടരും.
മാരുതി സുസുക്കി ബലേനോയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട് എന്നീ ആധുനിക ഫീച്ചറുകളുടെ പിൻബലവും മാരുതിയുടെ ഫാമിലി കാറിനുണ്ട്.
ഇതുകൂടാതെ സുസുക്കി കണക്റ്റഡ് കാർ ടെക്, ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും മാരുതി സുസുക്കി ബലേനോയിലുണ്ട്.
നല്ല റിഫൈൻമെൻ്റും മൈലേജുമുള്ള 1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് മാരുതി ബലേനോയ്ക്ക് തുടിപ്പേകാനായി എത്തുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന മോഡലിന് 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ഹാച്ച്ബാക്കിലുണ്ട്.


Click it and Unblock the Notifications








