ഇന്ത്യക്കാരുടെ സ്വന്തം ടെസ്‌ലക്ക് 1 വയസ്, ഇലക്‌ട്രിക് എസ്‌യുവികൾക്ക് 1.55 ലക്ഷം രൂപയുടെ ഓഫറുമായി മഹീന്ദ്ര
ഇന്ത്യക്കാരുടെയും വിദേശികളുടെയും മനസ് ഒരുപോലെ കീഴടക്കിയ മിടുക്കൻമാരാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ ബോൺ ഇലക്‌ട്രിക് എസ്‍യുവികളായ BE 6, XE 9e മോഡലുകൾ. ഇന്ത്യൻ ടെസ്‌ലയെന്ന വിളിപ്പേരുമായി ഇവരുവരും കുതിക്കുകയുമാണ്. ഇതിന് മുമ്പ് വൈദ്യുത വാഹന രംഗത്ത് XUV400 പോലുള്ള പല ഇവികളും മഹീന്ദ്ര പരീക്ഷിച്ച് നോക്കിയിരുന്നെങ്കിലും വൻ ഫ്ലോപ്പാവുകയായിരുന്നു. എന്നാൽ ഈ രണ്ട് വണ്ടികളും വലിയ വിജയമായിത്തീരുകയായിരുന്നു. അവതരണ സമയത്ത് BE 6, XE 9e ഇവികളിൽ കമ്പനി കാണിച്ച അഭ്യാസ പ്രകടന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അടുത്തിടെ ഇവികളുടെ വിൽപ്പന 30,000 യൂണിറ്റ് പിന്നിട്ടുവെന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 2024 നവംബറിൽ വിപണിയിലെത്തിച്ച മോഡലുകളുടെ വില പ്രഖ്യാപിക്കുന്നത് 2025 ഫെബ്രുവരി മാസത്തോടെയായിരുന്നു. പിന്നീട് മാർച്ച് മാസത്തിലാണ് മോഡലുകൾക്കായുള്ള ഡെലിവറികൾ കമ്പനി ആരംഭിക്കുന്നത്. ഇപ്പോഴിതാ BE 6, XE 9e ഇവികൾ അവതരിപ്പിച്ചതിൻ്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് മഹീന്ദ്ര.

രണ്ട് ഇലക്‌ട്രിക് എസ്‌യുവികൾക്കും 1.55 ലക്ഷം രൂപ വരെ വിലവരുന്ന പ്രത്യേക വാർഷിക ആനുകൂല്യങ്ങളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ആക്സസറി പായ്ക്കുകൾ, കോർപ്പറേറ്റ് ബോണസ്, സൗജന്യ ഹോം ചാർജർ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കമ്പനി ഈ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, BE 6, XE 9e വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് അല്ലെങ്കിൽ ലോയൽറ്റി ബോണസും സൗജന്യ പബ്ലിക് ചാർജിംഗ് ക്രെഡിറ്റുകളും ലഭിക്കും.
2025 ഡിസംബർ 20-ന് മുമ്പ് ഡെലിവർ ചെയ്യുന്ന ആദ്യത്തെ 5,000 ഇലക്‌ട്രിക് എസ്‌യുവികൾക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ ബാധകമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കേട്ടോ. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ രണ്ട് എസ്‌യുവികളേയും വേറിട്ടുനിൽക്കാൻ സഹായിക്കുന്നത് അതിന്റെ ഡിസൈൻ തന്നെയാണെന്ന് പറയാം. രണ്ടിലും ഒരു കൂപ്പെ എസ്‌യുവി ഡിസൈനാണ് മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്.

എക്സ്റ്റീരിയർ മാത്രമല്ല, ഇൻ്റീരിയറിലേക്ക് കയറിലായാലും ആരും അമ്പരന്ന് പോവുന്ന തരത്തിലാണ് മഹീന്ദ്രയുടെ ഇന്ത്യൻ ടെസ്‌ലകൾ ഒരുങ്ങിയിരിക്കുന്നത്. സ്‌പോർട്ടി സ്റ്റൈലിംഗ്, നൂതനമായ ഫീച്ചറുകൾ, സമഗ്രമായ സേഫ്റ്റി ഫീച്ചറുകൾ എന്നിവയാൽ സമ്പന്നമായതിനാലാവാം ഇലക്ട്രിക് എസ്‌യുവികൾ ഇത്ര വലിയ ഹിറ്റായതെന്നാണ് അനുമാനം. BE 6 ഇവിക്ക് നിലവിൽ 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
അതേസമയം XEV 9e പ്രീമിയം മോഡലാണെങ്കിൽ 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരിക. XEV 9e ഇവിയിൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ട് വാഗ്ദാനം ചെയ്യുമ്പോൾ BE 6 ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണമാണ് ഉപയോഗിക്കുന്നത്. AR-അധിഷ്ഠിത ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക്, ഇലുമിനേറ്റഡ് ഗ്ലാസ് റൂഫ് തുടങ്ങിയ ഗംഭീര ഫീച്ചറുകളാൽ മഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് എസ്‌യുവികളും സമ്പന്നമാണ്.

ഇതുകൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ബിൽറ്റ്-ഇൻ സെൽഫി ക്യാമറ, ശക്തമായ 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള നിരവധി സവിശേഷതകളും രണ്ട് മോഡലുകളുടേയും ഭാഗമാണ്. സേഫ്റ്റിയിലേക്ക് വന്നാൽ 7 എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയും മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് എസ്‌യുവികളിലുണ്ട്.
രണ്ട് മോഡലുകളും ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. 59 kWh, 79 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇലക്ട്രിക് എസ്‌യുവികൾ വരുന്നത്. ചെറിയ ബാറ്ററി ഉപയോഗിക്കുന്ന BE 6 ഇവിക്ക് ഒറ്റ ചാർജിൽ 535 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. മറുവശത്ത് ഇലക്ട്രിക് എസ്‌യുവിയുടെ വലിയ ബാറ്ററി പായ്ക്കിന് 682 കിലോമീറ്റർ വരെ റേഞ്ചും ലഭിക്കും. XEV 9e ഇവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ തെരഞ്ഞെടുക്കുന്ന ബാറ്ററി സജ്ജീകരണത്തെ ആശ്രയിച്ച് യഥാക്രമം 542 കിലോമീറ്ററും 656 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിക്കും.


Click it and Unblock the Notifications








