പെട്രോളില്ലാതെ ചുറ്റിനടക്കാൻ ഇനി എളുപ്പം, 682 KM റേഞ്ചുള്ള ഇവിക്ക് 2.50 ലക്ഷത്തിൻ്റെ ഓഫറിട്ട് കമ്പനി
ബോൺ ഇലക്‌ട്രിക് എസ്‌യുവികളിലൂടെ വിസ്‌മയം തീർത്ത് കുതിച്ചുപായുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇവി സെഗ്മെൻ്റിൽ ടാറ്റ മോട്ടോർസും എംജി മോട്ടോറും ഓടിമുന്നിൽ കയറിയപ്പോൾ മഹീന്ദ്രയ്ക്ക് വൈദ്യുത കാറുകളുടെ മത്സരയോട്ടത്തിൽ കാഴ്ച്ചക്കാരാകുവാൻ മാത്രമേ സാധിക്കൂവെന്ന് വിധിയെഴുതിയവരുണ്ട്. എന്നാൽ BE 6, XEV 9e രണ്ട് കിടിലൻ മോഡലുകൾക്ക് രൂപംകൊടുത്തതോടെ ബ്രാൻഡിൻ്റെ തലവര തന്നെ മാറിയെന്ന് പറയാം. പിന്നാലെ പുതിയ XEV 9s കൂടിയെത്തിയതോടെ സെവൻ സീറ്റർ ഇവി വിഭാഗത്തിലും മുന്നിലെത്താൻ മഹീന്ദ്രയ്ക്കായി. ഇപ്പോഴിതാ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായി കിടിലൻ ഇയർ എൻഡ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇതിൽ BE 6 ഇവി വാങ്ങാനിരിക്കുന്നവർക്ക് ഡിസംബർ മാസത്തിൽ കിടിലൻ ആനുകൂല്യങ്ങളോടെ വാഹനം സ്വന്തമാക്കാനാവും. 2.50 ലക്ഷം വരെയുള്ള ഇയർ എൻഡ് ഓഫറുകളാണ് ഇലക്‌ട്രിക് എസ്‌യുവിയിൽ അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയൻ്റുകളെ അനുസരിച്ച് ഓഫറിൽ മാറ്റങ്ങളുണ്ടാവുമെന്നതും ശ്രദ്ധിക്കേണേ. കൺസ്യൂമർ പദ്ധതികൾ, ലോയൽറ്റി അല്ലെങ്കിൽ എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, സൗജന്യ PPF, എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജുകൾ എന്നിവയുടെ രൂപത്തിലാണ് ഓഫർ ലഭ്യമാവുക.

19.40 ലക്ഷം മുതൽ 27.40 ലക്ഷം വരെയാണ് മഹീന്ദ്ര BE 6 ഇലക്‌ട്രിക് എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇവയ്ക്ക് സിംഗിൾ ചാർജിൽ യഥാക്രമം 556 കിലോമീറ്റർ, 682 കിലോമീറ്റർ എന്നിങ്ങനെയാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. ചാർജ് ചെയ്യുന്ന കാര്യത്തിലും മിടുമിടുക്കനായതിനാൽ ഇക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.
AC ചാർജർ (11kW) ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളിൽ BE 6 ഇവി പൂർണമായും ചാർജ് ചെയ്യാൻ കഴിയും. ഇനി DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ (140/175kW) വെറും 20 മിനിറ്റിനുള്ളിൽ ഇത് 20 ശതമാനത്തിൽ നിന്നം 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും മഹീന്ദ്ര പറയുന്നു. ആജീവനാന്ത ബാറ്ററി വാറണ്ടിയുള്ളതിനാൽ ഇക്കാര്യത്തിലും പേടി കൂടാതെ എസ്‌യുവി വാങ്ങിയിടാം. പെർഫോമൻസ് കണക്കികളിലും വേന്ദ്രനാണ് ആശാൻ.

ഇവിയുടെ ലോവർ വേരിയന്റുകളിൽ 228 bhp പവറിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് വരുന്നത്. ഫീച്ചറുകളാലും സമ്പന്നമാണ് BE 6 ഇവിയെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ... ടോപ്പ് വേരിയൻ്റുകളിൽ 12.3 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകളും വാഹനത്തിലുണ്ട്.
മഹീന്ദ്ര BE 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജുമാണ് വാഗ്ദാനം ചെയ്യുന്നത്. വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റും ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നത് പലരുടേയും ഞെട്ടിക്കുന്ന കാര്യമാണ്. ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോൺ അലക്‌സ ഇന്റഗ്രേഷനും വാഹനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്.

എആർ റഹ്മാന്‍ രൂപകൽപ്പന ചെയ്‌ത പ്രീ-സെറ്റ് തീമുകളും ശബ്‌ദങ്ങളും വാഗ്ദാനം ചെയ്യുന്ന ലൈവ് യുവർമൂഡ് സിസ്റ്റം എന്നിവയാണ് മഹീന്ദ്ര BE6 ഇവിയിലെ മറ്റ് സവിശേഷതകൾ. ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്. ADAS ലെവൽ 2+, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ഏഴ് എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ.
ഇക്കഴിഞ്ഞ ദിവസം BE 6 ഇവിയുടെ ഫോർമുല ഇ എഡിഷൻ ഇന്ത്യക്കാർക്കായി സമ്മാനിച്ചിരുന്നു. വെറും 999 യൂണിറ്റുകളിൽ പുറത്തിറക്കുന്ന സ്പെഷ്യൽ ലിമിറ്റഡ് എഡിഷൻ വാഹനം FE2, FE3 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയൻ്റുകളിലാണ് വിപണനത്തിന് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. 2026 ഫെബ്രുവരി 14-നായിരിക്കും മോഡലിൻ്റെ ഡെലിവറി തുടങ്ങുക.


Click it and Unblock the Notifications








