നെക്സോൺ ഇവിക്കും വിൻഡ്‌സർ ഇവിക്കും വിശ്രമിക്കാം, 682 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറിയും തുടങ്ങി
മഹീന്ദ്രയുടെ XEV 9e ഇവിയുടെ ഡെലിവിറി ആരംഭിച്ചത് രാജ്യമൊട്ടാകെ ആഘോഷമായിരിക്കുകയാണ്. സെലിബ്രിറ്റികളെല്ലാം ബുക്ക് ചെയ്‌തിരുന്ന വാഹനം ആളുകളുടെ കൈയിലെത്തിയതോടെ കമ്പനിയുടെ ഇമേജും വർധിച്ചു. ഇതിനിടയിലാതാ BE 6 ഇലക്‌ട്രിക് എസ്‌യുവിയുടെ (BE 6 Electric SUV) ഡെലിവറിയും തുടങ്ങി കൈയടി നേടുകയാണ് ഇന്ത്യൻ വാഹന നിർമാതാക്കൾ. വിദേശികളുടെ വരെ കണ്ണുടക്കിയ ഇവികൾ ഇന്ത്യൻ നിരത്തുകളിൽ ഇനിയൊരു വർണാഭമായ കാഴ്ച്ചയായിരിക്കും. BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ഡെലിവറി വീഡിയോ സൈബറിടത്തും വലിയ ഹിറ്റായിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഡീലർഷിപ്പിലെ വീഡിയോയാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.
ഉത്തരാഖണ്ഡിലെ രുദ്രാപൂരിലുള്ള മഹീന്ദ്ര ഡീലർഷിപ്പായ കുമാർ ഓട്ടോവീൽസിലാണ് BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ഡെലിവറി നടന്നിരിക്കുന്നതെന്നാണ് വിവരം. ഈ ചെറിയ വീഡിയോയിൽ, ഉടമയും കുടുംബാംഗങ്ങളും ചേർന്ന് ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി എടുക്കുന്നത് കാണാം. എവറസ്റ്റ് വൈറ്റ് കളർ ഓപ്ഷനിൽ ഒരുങ്ങിയിരിക്കുന്ന വാഹനം നല്ല ക്ലാസിക് ലുക്കാണ് സമ്മാനിക്കുന്നത് കേട്ടോ.

BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ഏറ്റവും മികച്ച പായ്ക്ക് 3 വേരിയന്റാണിതെന്നാണ് വിവരം. ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്നുവരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്.
മഹീന്ദ്ര BE6 ഇവിയുടെ പാക്ക് ത്രീ വേരിയന്റിന് മാത്രമേ 79 kWh ബാറ്ററി പായ്ക്ക് ഉള്ളൂ, ബാക്കിയുള്ള വേരിയന്റുകൾക്ക് 59 kWh ബാറ്ററി ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ചെറിയ ശേഷിയുള്ള മോഡലുകൾ സിംഗിൾ ചാർജിൽ 556 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ഉയർന്ന ശേഷിയുള്ളവ ഫുൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ചാണ് നൽകുകയെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.

ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.
മഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് എസ്‌യുവികളും ഫീച്ചറുകളുടെ കാര്യത്തിൽ വളരെ മികച്ചതാണ്. ഈ എസ്‌യുവികളുടെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പാക്ക് ത്രീ വേരിയന്റുകൾ ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ പോലുള്ള സവിശേഷതകളാൽ സമ്പന്നവുമാണ് കേട്ടോ.. ഈ രണ്ട് സ്‌ക്രീനുകളും 12.3 ഇഞ്ച് യൂണിറ്റുകളാണെന്നതും ശ്രദ്ധേയമാണ്. മധ്യഭാഗത്തുള്ളത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വലതുവശത്തുള്ളത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററുമാണ് വരുന്നത്.

മഹീന്ദ്ര BE 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റും ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നത് പലരുടേയും ഞെട്ടിക്കുന്ന കാര്യമാണ്. ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോൺ അലക്‌സ ഇന്റഗ്രേഷനും വാഹനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്.
എആർ റഹ്മാന്‍ രൂപകൽപ്പന ചെയ്‌ത പ്രീ-സെറ്റ് തീമുകളും ശബ്‌ദങ്ങളും വാഗ്ദാനം ചെയ്യുന്ന ലൈവ് യുവർമൂഡ് സിസ്റ്റം എന്നിവയാണ് മഹീന്ദ്ര BE6 ഇവിയിലെ മറ്റ് സവിശേഷതകൾ. ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്. ADAS ലെവൽ 2+, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ഏഴ് എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ.


Click it and Unblock the Notifications








