999 പേർക്ക് മാത്രം വാങ്ങാവുന്ന സ്പെഷ്യൽ എസ്‌യുവി, ബുക്കിംഗും ഡെലിവറിയും എപ്പോഴെന്ന് നോക്കിവെക്കാം
ഇലക്ട്രിക് വാഹന വിപണിയിലും തങ്ങൾക്ക് തിളങ്ങാമനാവുമെന്ന് ബോൺ ഇലക്‌ട്രിക് മോഡലുകളിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇതേ പ്ലാറ്റ്ഫോമിലെ തങ്ങളുടെ മൂന്നാമത്തെ എസ്‌യുവി പുറത്തിറക്കിയതോടൊപ്പം വിപണിയിൽ ട്രെൻഡായ BE 6 ഇവിയുടെ ഫോർമുല ഇ എഡിഷനും കമ്പനി വിപണനത്തിന് എത്തിച്ചിരുന്നു. ഇതിൻ്റെ വെറും 999 യൂണിറ്റുകൾ മാത്രം നിർമിക്കുന്നതിനാൽ വാങ്ങിയാൽ ഒരു അപൂർവ ഇവി വാങ്ങിയ ഫീൽ ലഭിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. FE2, FE3 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയൻ്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന മോഡലിന് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.
പരിമിതമായ എണ്ണത്തിൽ മാത്രം പുറത്തിറക്കുന്നതിനാൽ വാങ്ങാൻ പ്ലാനുണ്ടേൽ ആദ്യം തന്നെ ബുക്ക് ചെയ്‌തിടുന്നതാവും നല്ലത്. സ്പെഷ്യൽ എഡിഷനായതിനാൽ തന്നെ ബുക്ക് ചെയ്‌ത് കൈയിൽ കിട്ടാൻ താമസുമുണ്ടാവുമോയെന്ന ചോദ്യം പലരുടേയും മനസിൽ ഉടലെടുത്തേക്കാം. അതിനെല്ലാമുള്ള ഉത്തരം ഈ ലേഖനത്തിലൂടെ വ്യക്തമാക്കി തരാം. വാങ്ങാൻ താത്പര്യമുള്ളവർ പ്രധാനമായും മൂന്ന് പ്രധാന തീയതികളാണ് ഓർത്തുവെക്കേണ്ടത്.

2025 ഡിസംബർ മധ്യത്തോടെ വാങ്ങുന്നവർക്ക് ഓൺലൈൻ 'ആഡ് ടു കാർട്ട്' ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. പൂർണ റിസർവേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവർക്ക് ഇഷ്ടപ്പെട്ട കോൺഫിഗറേഷൻ തെരഞ്ഞെടുക്കാനുള്ള അവസരമാണിത്. ഒരു മാസത്തിനുശേഷം 2026 ജനുവരി 14-ന് മാത്രമേ മഹീന്ദ്ര ഔപചാരിക ബുക്കിംഗുകൾ ആരംഭിക്കൂ. എന്നിരുന്നാലും ഈ പ്രക്രിയയുമായി ബന്ധപ്പെട്ട ടോക്കൺ തുകയോ റീഫണ്ട് നയമോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തുടർന്ന് ഒരുമാസക്കിന് ശേഷം 2026 ഫെബ്രുവരി 14-ന് ഡെലിവറികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫോർമുല ഇ പാഡോക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച വാഹനത്തിന് വ്യത്യസ്ത കളർ ഓപ്ഷനുകളുണ്ടാവുന്നതാണ്. ഇതിൽ FIA റഫറൻസുകളും ബോണറ്റിലും വശങ്ങളിലും ഫെൻഡറുകളിലും സ്‌പോർട്ടി ബോഡി ഗ്രാഫിക്സും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. R20 അലോയ് വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, സിഗ്നേച്ചർ ഡിആർഎല്ലുകൾ, വൃത്താകൃതിയിലുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ BE 6 ഇവിക്ക് കൂടുതൽ മാറ്റേകാനായി കൊടുത്തിരിക്കുകയാണ്.

മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെ 210 kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 79 kWh ബാറ്ററി പായ്ക്കിലാണ് മഹീന്ദ്ര BE 6 ഇവിയുടെ ഫോർമുല ഇ എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വാഹനത്തിന് 282 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. അഡാപ്റ്റീവ് സസ്‌പെൻഷൻ, ബൂസ്റ്റ് മോഡ്, വേരിയബിൾ-റേഷ്യോ സ്റ്റിയറിംഗ് സിസ്റ്റം, മൾട്ടി-സ്റ്റെപ്പ് റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ അഡാറ് ഫീച്ചറുകളും ഇവിക്കൊപ്പം ലഭ്യമാവും.
10 മീറ്റർ ടേണിംഗ് സർക്കിളുള്ള ഇലക്ട്രിക് എസ്‌യുവി ദൈനംദിന ഉപയോഗത്തിന് അടിപൊളിയാണ്. അതേസമയം വാഹനത്തിലെ 79 kWh ബാറ്ററിക്ക് 180 kW DC ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ടുള്ളതിനാൽ ഏകദേശം 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും. ഫോർമുല ഇ എഡിഷൻ്റെ ഇൻ്റീരിയറിലും ചെറിയ പരിഷ്ക്കാരങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ടെന്നതും സ്വാഗതാർഹമായ കാര്യമാണ്.

മോട്ടോർസ്പോർട്ട് തീമിനൊപ്പം മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇൻ്റർഫേസ്, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡോൾബി അറ്റ്‌മോസ് ഓഡിയോ, ഇന്റഗ്രേറ്റഡ് OTT ആപ്പുകൾ, അലക്‌സ എന്നിവയുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് അകത്ത് ലഭിക്കുക. FE3 വേരിയൻ്റിന് അധിക ഫോർമുല ഇ തീം ആനിമേഷനുകളും പുതിയ ഇൻ്റീരിയർ ടച്ചുകളും ലഭിക്കുന്നുണ്ട്. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറകളും ഇതിലുണ്ട്.
കഴിഞ്ഞില്ല, ഇതുകൂടാതെ ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, റിയർ വെൻ്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, ലൈറ്റിംഗും ഡ്രെയിനേജും സജ്ജീകരിച്ച ഫ്രങ്ക് എന്നിവയും ഇലക്‌ട്രിക് എസ്‌യുവിയുടെ ഭാഗമാണ്. ഇതുകൂടാതെ രണ്ട് പതിപ്പുകളിലും ലെവൽ 2 ADAS, ആറ് എയർബാഗുകൾ, പൂർണ 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ബ്രേക്ക്-ബൈ-വയർ, ലൈവ് റീഡിംഗുകളുള്ള TPMS തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications








