ആദ്യം വാങ്ങുന്ന 999 പേർക്ക് വമ്പൻ സമ്മാനങ്ങൾ, BE 6 ഫോർമുല-ഇ എഡിഷനുമായി മഹീന്ദ്ര; വില 23.69 ലക്ഷം മുതൽ
ടാറ്റയെയും എംജിയെയും തകർത്ത് തരിപ്പണമാക്കി ഇലക്‌ട്രിക് വാഹന വിപണിയെ ഉള്ളംകൈയിലാക്കുവാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra). BE 6, XEV 9e ബോൺ ഇലക്ട്രിക് എസ്‌യുവികളിലൂടെ കഴിവ് തെളിയിച്ച ബ്രാൻഡ് ഇപ്പോഴിതാ BE 6 ഫോർമുല-E എഡിഷൻ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഫോർമുല-ഇ കാറോട്ട മത്സരത്തിൽ സേഫ്റ്റി കാറായി BE 6 സാന്നിധ്യമറിയിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ഫുള്ളി-ലോഡഡ് ആയിട്ടുള്ള FE2, FE3 എന്നീ രണ്ട് വേരിയൻ്റിലാണ് പുതിയ മോഡൽ വാങ്ങാനാവുക.
എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് വേരിയൻ്റുകൾക്ക് സമാനമായ ശൈലി തന്നെയാണ് പിന്തുടർന്നിരിക്കുന്നതിലും ചില നവീകരണങ്ങൾ ഇവിയുടെ സ്പെഷ്യൽ എഡിഷനിൽ കാണാനാവും. അതായത് പുതിയ BE 6 ഫോർമുല-ഇ എഡിഷനിൽ പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്രഷ്ഡ് അലുമിനിയത്തിൽ പൂർത്തിയാക്കിയ പുതിയ റിയർ ഫോക്സ് സ്കിഡ് പ്ലേറ്റ്, ബൂട്ട് ലിഡിൽ സംയോജിപ്പിച്ച പുതിയ സ്പോയിലർ എന്നിവയെല്ലാം കാണാനാവും.

ഇതുകൂടാതെ ഇവിയുടെ ലോവർ-സ്പെക്ക് വേരിയൻ്റുകളിൽ നിന്ന് കടമെടുത്ത ഒരു ചെറിയ സെറ്റ് എൽഇഡി ഡിആർഎല്ലുകളും ടെയിൽ ലൈറ്റുകളും പുതിയ BE 6 ഫോർമുല-ഇ എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‌ലാമ്പുകൾ, പുതിയ നിറം, സ്റ്റിക്കർ വർക്കുകൾ, ഹുഡ് സ്ട്രൈപ്പുകൾ, ടാംഗോ റെഡ്, ഫയർസ്റ്റോം ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് കളർവേകൾ, വീൽ സ്ട്രൈപ്പുകൾ, ഓറഞ്ച് ടോ ഹുക്ക്, ഫോർമുല-ഇ റിയർ ബാഡ്ജ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ, റണ്ണിംഗ് ബോർഡിൽ ഓറഞ്ച് ഇൻസേർട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സ്റ്റീരിയറിലേത് പോലെ തന്നെ 2025 മഹീന്ദ്ര BE 6 ഫോർമുല-ഇ എഡിഷൻ്റെ ഇൻ്റീരിയറിലും കാര്യമായ അപ്ഡേഷനുകൾ കാണാം. ട്രാൻസ്പരൻ്റ് ഡോർ പാനൽ, ഫോർമുല-ഇ ലോഗോ, ഡോറുകളിലെ കാർബൺ ഫൈബർ ആക്‌സൻ്റുകൾ, സീറ്റ് ബാക്കിലെ ഫോർമുല-ഇ മോട്ടിഫ്, വീലിൽ ഓറഞ്ച് ഇൻസേർട്ടുകൾ, ഓറഞ്ച് സെൻ്റർ കൺസോൾ ബട്ടണുകൾ, ഓറഞ്ച് ഡോർ ഹാൻഡിലുകൾ എന്നിവയാണ് അകത്തളത്തിൽ കൊണ്ടുവന്നിരിക്കുന്ന നവീകരണങ്ങൾ.

ഫീച്ചറുകളുടെ കാര്യത്തിൽ BE 6 ഫോർമുല-ഇ എഡിഷനിൽ ടോപ്പ്-സ്പെക്ക് പാക്ക് ത്രീ വേരിയൻ്റിലുള്ളതെല്ലാം ലഭിക്കും. രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ പോലുള്ള കിറ്റ്, കൂൾഡ് ആംറെസ്റ്റ് കൺസോൾ, 360-ഡിഗ്രി ക്യാമറ, ADAS ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആംബിയൻ്റ് ലൈറ്റിംഗ്, ഹാർമൺ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹയർ-സ്പെക്ക് BE 6 ഫോർമുല എഡിഷൻ FE3-യിൽ അഡാപ്റ്റീവ് സസ്പെൻഷനും കിട്ടുന്നതാണ്.
സ്പെഷ്യൽ എഡിഷൻ BE 6 ഫോർമുല-ഇയിൽ സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന (RWD) 79kWh ബാറ്ററി പായ്ക്കാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇതിന് 282 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. സിംഗിൾ ചാർജിൽ 683 കിലോമീറ്റർ റേഞ്ചാണ് ഇലക്‌ട്രിക് എസ്‌യുവിയിൽ കമ്പനി അവകാശപ്പെടുന്നത്.

BE 6 ഫോർമുല-ഇയുടെ FE2, FE3 എന്നീ വേരിയൻ്റുകൾക്ക് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ ഈ സ്പെഷ്യൽ എഡിഷൻ വാങ്ങുന്ന ആദ്യ 999 ഉപഭോക്താക്കൾക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചില സമ്മാനങ്ങളും ഒരുക്കിവെച്ചിട്ടുണ്ട് കേട്ടോ. മഹീന്ദ്ര പ്രൂവിംഗ് ട്രാക്കിൽ ട്രാക്ക് ഡേ എക്‌സ്പീരിയൻസ്, മഹീന്ദ്ര റേസിംഗ് മെമ്മോറബിലിയകളുള്ള കളക്ടേഴ്‌സ് ബോക്സ്, എന്നിവയാണ് ആ സമ്മാനങ്ങൾ.
അതോടൊപ്പം സൈഡ് ഡോർ ഡീക്കലായി വരുന്ന 0 മുതൽ 99 വരെയുള്ള പ്രത്യേക നമ്പറുകൾ, ലണ്ടൻ ഇ-പ്രിക്സിനുള്ള മഹീന്ദ്ര റേസ്‌കാറിൽ ഉപഭോക്താവിന്റെ പേരും ആദ്യത്തെ 999 ഉടമകൾക്ക് ലഭിക്കുന്നതാണ്. കൂടാതെ വാഹനം വാങ്ങുന്ന മൂന്ന് ഭാഗ്യശാലികൾക്ക് ലണ്ടൻ ഇ-പ്രിക്സിനുള്ള ടിക്കറ്റുകളും പാഡോക്ക് ആക്‌സസും മഹീന്ദ്ര റേസിംഗ് ടീമുമായും MADE ടീമുമായും കൂടിക്കാഴ്ചയും പ്രത്യേക റൂഫ് ഡീക്കലും നേടാൻ അവസരമുണ്ടാവും.
BE 6 ഫോർമുല-ഇ ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ബുക്കിംഗ് 2026 ജനുവരി 14 നും ഡെലിവറി 2026 ഫെബ്രുവരി 14 നും ആരംഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. എന്തായാലും ബാറ്റ്മാൻ എഡിഷന് ലഭിച്ചത് പോലെയുള്ള വലിയ വരവേൽപ്പ് പുതിയ സ്പെഷ്യൽ എഡിഷനും ലഭിക്കുമെന്നാണ് കമ്പനിയുടെ അനുമാനം. മാന്യമായ വിലയും നല്ല ഫീച്ചറുകളും സ്പെഷ്യലാക്കുന്ന മറ്റ് കാര്യങ്ങളുമുള്ളതിനാൽ വാഹനം വേറെ ലെവൽ തന്നെയാണെന്ന് പറയാം.


Click it and Unblock the Notifications








