557 KM റേഞ്ചുള്ള ബേസ് മോഡലിന്റെ താക്കോലും ഉടൻ കൈമാറും, 18.90 ലക്ഷം വില വരുന്ന BE 6 ഇവി ബുക്ക് ചെയ്‌തിരുന്നോ?
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ (Electric Vehicle Segment) തരംഗം തീർത്ത് മുന്നേറുകയാണ് മഹീന്ദ്ര BE 6, XEV 9e എന്നീ രണ്ട് ഇവികൾ. ഇന്ത്യൻ ടെസ്‌ലയെന്ന വിളിപ്പേരുമായി ലോക പ്രശസ്‌തമായി മാറിയ ഇരുവരും മഹീന്ദ്രയുടെ നിർമാണ മികവിനെയാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. കൂട്ടത്തിൽ ഏറ്റവും ഫാൻസ് BE 6 എന്ന അഡാറ് മോഡലിനാണ്. ലുക്കും പെർഫോമൻസും തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം. കൂട്ടത്തിൽ ഒതുക്കമുള്ള രൂപവും കൂടിയാവുന്നതോടെ സംഗതി കളറാവുകയും ചെയ്‌തു. പിന്നാലെ ആള് കൂടാൻ ഇതിലും വലിയ കാരണങ്ങൾ വേറെ വേണോ.
പായ്ക്ക് വൺ, പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു, പായ്ക്ക് ത്രീ സെലക്ട്, പായ്ക്ക് ത്രീ എന്നീ അഞ്ച് വകഭേദങ്ങളിലാണ് BE 6 വാഗ്ദാനം ചെയ്യുന്നത്. 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. നേരത്തെ ടോപ്പ് എൻഡ് വേരിയന്റുകളുടെ മാത്രം ഡെലിവറി ആരംഭിച്ച കമ്പനി ഇപ്പോഴിതാ ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് മോഡലിന്റെ വിതരണവും ആരംഭിക്കാൻ ഒരുങ്ങുകയാണ്.

അതിന്റെ ഭാഗമായി മഹീന്ദ്ര BE 6 പായ്ക്ക് വൺ വേരിയന്റ് ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. വാഹനത്തിനെ അടുത്ത് കാണിക്കുന്ന ഒരു യൂട്യൂബ് വീഡിയോയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ ഫീച്ചറുകളെല്ലാം ഈ വീഡിയോയിലൂടെ വ്യക്തമാവുന്നുമുണ്ട്. മുൻവശത്ത് ഡ്യുവൽ-പോഡ് എൽഇഡി ഹെഡ്‌ലാമ്പുകളും ഹുഡിലായി ഇലുമിനേറ്റഡ് BE ലോഗോയും ഇതിലുണ്ട്.
എന്നാൽ ടോപ്പ് വേരിയന്റുകളിൽ കാണപ്പെടുന്ന സി-ആകൃതിയിലുള്ള സിഗ്നേച്ചർ എൽഇഡി ഡിആർഎല്ലുകൾ, ഫോഗ് ലാമ്പുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവ ഇതിൽ നിന്നും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഫോഗ് ലാമ്പുകൾ വേണ്ടവർക്ക് ഡീലർഷിപ്പുകൾ വഴി ഇത് ഘടിപ്പിക്കാനുള്ള അവസരം മഹീന്ദ്ര ആൻഡ് മഹീന്ദ്ര നൽകുന്നുണ്ട്. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ എയറോഡൈനാമിക്കായിട്ടുള്ള ബ്ലാക്ക് കവറുള്ള 18 ഇഞ്ച് സ്റ്റീൽ വീലുകളാണ് പായ്ക്ക് വൺ വേരിയന്റിൽ ഒരുക്കിയിരിക്കുന്നത്.
ഫ്ലഷ്-ടൈപ്പ് ഫ്രണ്ട് ഡോർ ഹാൻഡിലുകൾ മാനുവലായി പ്രവർത്തിപ്പിക്കാൻ മാത്രമേ സാധിക്കൂ. അതേസമയം വൃത്തിയുള്ള രൂപഭാവത്തിനായി റിയർ ഹാൻഡിലുകൾ സി-പില്ലറിന് സമീപം ഭംഗിയായി സംയോജിപ്പിച്ചിട്ടുമുണ്ട്. താഴത്തെ ഭാഗത്തും വീൽ ആർച്ചുകളിലും ഗ്ലോസ്-കറുത്ത ബോഡി ക്ലാഡിംഗാണ് കൊടുത്തിരിക്കുന്നത്. ഉയർന്ന ട്രിമ്മുകളിൽ കാണുന്ന ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച് അലോയ് വീലുകളും ബേസ് മോഡലിൽ നിന്നും ഒഴിവാക്കിയെന്ന് സാരം.
പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ ഒഴിവാക്കിയാണ് BE 6 പായ്ക്ക് വൺ വിപണിയിലെത്തുന്നത്. മഹീന്ദ്ര ഇൻഫിനിറ്റി ലോഗോ, BE 6 ബാഡ്ജ്, സെന്റർ കട്ടൗട്ടുള്ള റൂഫ് സ്‌പോയിലർ, അധിക ലിപ് സ്‌പോയിലർ എന്നിവയാണ് കാറിലെ മറ്റ് സവിശേഷതകൾ. ആഡംബര ഫീച്ചറുകളൊന്നും ഇല്ലാതെ തന്നെ സങ്കീർണമായ ഡിസൈൻ വാഗ്ദാനം ചെയ്തുകൊണ്ട് BE 6 പായ്ക്ക് വൺ പതിപ്പിന്റെ അകത്തളം ആകർഷകമാക്കുന്നുണ്ട്.
ലെതറെറ്റിന് പകരം തുണികൊണ്ടുള്ള അപ്ഹോൾസ്റ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയ്ക്കായി ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയെല്ലാമാണ് മഹീന്ദ്ര BE 6 പായ്ക്ക് വൺ വേരിയന്റിലെ പ്രധാന ഫീച്ചറുകൾ.
വെന്റിലേറ്റഡ് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ഡ്യുവൽ-സോൺ ഓട്ടോ എസി, 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, NFC കീ പോലുള്ള ആഡംബര ഫീച്ചറുകൾ ബേസ് മോഡലിൽ നിന്നും ഒഴിവാക്കിയിട്ടുള്ള പ്രധാന ഫീച്ചറുകളാണ്. സെന്റർ കൺസോളിൽ ഒരു റോട്ടറി ഡയൽ കൺട്രോളർ, ത്രസ്റ്റ്-ലിവർ-സ്റ്റൈൽ ഗിയർ സെലക്ടർ, ഡെഡിക്കേറ്റഡ് കീ ഹോൾഡർ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റിൽ കാണാനാവുക.
6 എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയാണ് മോഡലിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ. മഹീന്ദ്ര BE 6 പായ്ക്ക് വൺ വേരിയന്റിന് 59 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 231 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 557 കിലോമീറ്ററാണ് ബേസ് വേരിയന്റിൽ വാഗ്ദാനം റേഞ്ച്.


Click it and Unblock the Notifications








