മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവി വാങ്ങിയവരാണോ? 5 വർഷം വരെ ഫ്രീ സർവീസ് കിട്ടാൻ ഒരുവഴിയുണ്ട്... നോക്കുന്നോ
എല്ലാവർക്കും ഇഷ്‌ടമുള്ള വാഹന നിർമാതാക്കളായി വളർന്നുവന്നിരിക്കുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ന്യുജെൻ മോഡലുകളിലൂടെ സ്വീകാര്യത നേടിയെടുത്ത കമ്പനി വിൽപ്പന കണക്കുകളിലും ഹ്യുണ്ടായി, ടാറ്റ പോലുളള വമ്പൻമാരെ കീഴടക്കി രണ്ടാം സ്ഥാനം വരെ കൈക്കലാക്കിയിരുന്നു. ഇലക്ട്രിക് വിഭാഗത്തിൽ മഹീന്ദ്രയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ XEV 9e, BE 6 ഇവികൾ നിർണായക പങ്കാണ് ഇപ്പോൾ വഹിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ബുക്കിംഗ് ആരംഭിച്ച മോഡലുകൾക്ക് ആദ്യ ദിവസം തന്നെ 8,472 കോടി രൂപയുടെ റെക്കോർഡ് ബുക്കിംഗുകൾ ലഭിച്ചിരുന്നു.
ഇന്ത്യൻ ടെസ്‌ലകൾ എന്ന് വിളിപ്പേരുള്ള ഇരുവരും വെറും 5 മാസത്തിനുള്ളിൽ 20,000 യൂണിറ്റിലധികം വിൽപ്പനയും നേടിയെടുത്ത് മുന്നേറുകയാണ്. വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി നിലവിലുള്ള BE 6, XEV 9e ഉടമകൾക്കായി മഹീന്ദ്ര ഇപ്പോൾ ഒരു പ്രത്യേക റഫറൽ പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ്. വാഹനം ഉപയോഗിക്കുന്നവർ മറ്റുള്ളവർക്ക് ഇവികൾ വാങ്ങാൻ നിർദ്ദേശിക്കുകയും അവർ വാങ്ങുകയും ചെയ്‌താൽ ആനുകൂല്യങ്ങൾ ലഭ്യമാകും.

20,000-ത്തിലധികം ഉടമകളുടെ ഒരു വലിയ കമ്മ്യൂണിറ്റിയുള്ളതിനാൽ റഫറൽ പ്രോഗ്രാമിന് കാര്യമായ ലീഡുകൾ സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിശ്വാസം. BE 6 ഇവി, XEV 9e ഇവി ഉടമകൾക്ക് 3 വിജയകരമായ റഫറലുകൾ വരെ ആനുകൂല്യങ്ങൾ നൽകും. ജനറൽ സർവീസ് ആനുകൂല്യങ്ങളും എൻറിച്ച്മെന്റ് പാക്കേജുകളുമാണ് റിവാർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവികൾ വാങ്ങാൻ നിർദ്ദേശിക്കുകയും ആദ്യത്തെ ഉപഭോക്താവ് BE 6 അല്ലെങ്കിൽ XEV 9e വാങ്ങുകയും ചെയ്‌താൽ ഉപയോക്താക്കൾക്ക് 3 വർഷം വരെ അല്ലെങ്കിൽ 30,000 കിലോമീറ്റർ വരെ സൗജന്യ ജനറൽ സർവീസ് (പാർട്ട്‌സ് ആൻഡ് ലേബർ) ലഭിക്കും. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ലഭ്യമാവുക എന്നത് പ്രത്യേകം ഓർമിക്കേണ്ട കാര്യമാണ്. ആദ്യ റഫറൽ പരിവർത്തനത്തോടെ ഉപയോക്താക്കൾക്ക് 1 സൗജന്യ ഇന്റീരിയർ, എക്സ്റ്റീരിയർ എൻറിച്ച്മെന്റ് പാക്കേജും അൺലോക്കാവും.

രണ്ടാമത്തെ റഫറലിൽ വിജയിക്കുന്ന BE 6, XEV 9e ഉടമകൾക്ക് 4 വർഷം വരെ അല്ലെങ്കിൽ 40,000 കിലോമീറ്റർ വരെ സൗജന്യ ജനറൽ സർവീസ് (പാർട്ട്‌സ് ആൻഡ് ലേബർ) ലഭിക്കും. ഇതും ഏതാണ് ആദ്യം വരുന്നത് അതിനെ അടിസ്ഥാനമാക്കിയായിരിക്കും ലഭ്യമാവുക. അവർക്ക് 2 സൗജന്യ ഇന്റീരിയർ, എക്സ്റ്റീരിയർ എൻറിച്ച്മെന്റ് പാക്കേജുകളും ലഭിക്കും. മൂന്നാമത്തെ റഫറലിലൂടെ BE 6, XEV 9e ഉടമകൾക്ക് 5 വർഷം വരെയോ 50,000 കിലോമീറ്റർ വരെയോ സൗജന്യ ജനറൽ സർവീസ് (പാർട്ട്‌സ് ആൻഡ് ലേബർ) ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
അവർക്ക് 3 സൗജന്യ ഇന്റീരിയർ, എക്സ്റ്റീരിയർ എൻറിച്ച്മെന്റ് പാക്കേജുകളിലേക്കും പ്രവേശനം ലഭിക്കും. ഈ ആനുകൂല്യങ്ങൾ റണ്ണിംഗ് റിപ്പയറുകൾക്കും അൺഷെഡ്യൂൾഡ് വിസിറ്റുകൾക്കും ലഭ്യമാവില്ലെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന ഏതെങ്കിലും അത്യാവശ്യമല്ലാത്ത സർവീസും ഈ റഫറൽ സ്കീമിന് കീഴിൽ വരുന്നില്ല. BE 6, XEV 9e എന്നിവയ്‌ക്കുള്ള ഈ റഫറൽ പ്രോഗ്രാം പരിമിതമായ കാലയളവിലേക്ക് മാത്രമുള്ളതാണ്.

സ്‌പോർട്ടി സ്റ്റൈലിംഗ്, നൂതനമായ ഫീച്ചറുകൾ, സമഗ്രമായ സേഫ്റ്റി ഫീച്ചറുകൾ എന്നിവയാൽ വ്യത്യസ്‌തമായ ഇലക്ട്രിക് എസ്‌യുവികളാണ് മഹീന്ദ്ര BE 6, XEV 9e ഇവികൾ. അടുത്തിടെ പുറത്തിറക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ വെറും 135 സെക്കൻഡിനുള്ളിൽ 999 യൂണിറ്റുകളുടെ ബുക്കിംഗ് സ്വന്തമാക്കി റെക്കോർഡിട്ടിരുന്നു. 27.79 ലക്ഷം രൂപയാണ് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
79 kWh ബാറ്ററി പായ്ക്കുള്ള ടോപ്പ് എൻഡ് പായ്ക്ക് 3 അടിസ്ഥാനമാക്കി പണിതിറക്കിയിരിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യാനാവും. ഐക്കണിക് DC സൂപ്പർഹീറോയ്ക്ക് ആദരവ് അർപ്പിക്കുന്ന നിരവധി ഡിസൈൻ ഹൈലൈറ്റുകൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. സാറ്റിൻ ബ്ലാക്ക് കളർ ഓപ്ഷനിലാണ് BE 6 ബാറ്റ്മാൻ എഡിഷൻ വാങ്ങാനാവുക.
ഡോറുകളിൽ ബാറ്റ്മാൻ ഡീക്കലുകൾ, പുതിയ 20 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഫെൻഡറുകളിൽ ബാറ്റ്മാൻ ലോഗോകൾ, ആൽക്കെമി ഗോൾഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകൾ, സസ്പെൻഷൻ പാർട്‌സുകൾ എന്നിവയാണി ഇതിലെ ഹൈലൈറ്റുകൾ. ബാറ്റ് ചിഹ്നമുള്ള ഡോർ പ്രൊജക്ഷൻ ലാമ്പുകൾ, ഹബ്ക്യാപ്പുകളിൽ ബാറ്റ് എംബ്ലങ്ങൾ, റിയർ വിൻഡ്‌സ്ക്രീൻ, റിയർ ബമ്പർ എന്നിവ ഉപയോഗിച്ചാണ് എക്സ്റ്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. എന്തായാലും പുതിയ റഫറൽ പ്രോഗ്രാമും വിജയം കാണുമെന്നാണ് അനുമാനം.


Click it and Unblock the Notifications








