അഡാറ് ലുക്കിൽ ബൊലേറോയുടെ ബോൾഡ് എഡിഷൻ, കുറഞ്ഞ വിലയ്ക്ക് ഇതുപോലെരു 7-സീറ്റർ എസ്‌യുവി വേറെയില്ല
സ്കോർപിയോ കഴിഞ്ഞാൽ അല്ലെങ്കിൽ അതിനൊപ്പം ജനപ്രിയമായ മഹീന്ദ്രയുടെ വാഹനമാണ് ബൊലേറോ. 2000 മുതൽ ഇന്ത്യക്കാരുടെ കൂടെക്കൂടിയ വണ്ടിക്ക് നമ്മുടെ രാജ്യത്തെ ഗ്രാമീണ, നഗര വിപണികളിലും ഒരേപോലെ കഴിവു തെളിയിക്കാനായിട്ടുണ്ടെന്ന് വേണം പറയാൻ. ഒരു യഥാർഥ വർക്ക്ഹോഴ്‌സായാണ് ബൊലേറോയെ പലരും കാണുന്നത് തന്നെ. യൂട്ടിലിറ്റി വാഹനമായും അതുപോലെ തന്നെ ഫാമിലി കാറായും ഒരുപോലെ ഉപയോഗിക്കാനാവുന്ന പ്രായോഗികതയാണ് മോഡലിന്റെ പ്രധാന ഹൈലൈറ്റും. സ്കോർപിയോയ്ക്ക് ശേഷം മഹീന്ദ്ര നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള വാഹനമായി മാറാൻ ബൊലേറോയ്ക്ക് ഇതിൽപരം കാരണങ്ങൾ വേറെ വേണ്ടല്ലോ.
ബൊലേറോയുടെ (Mahindra Bolero) പ്രശസ്‌തി കാരണം പരാജയപ്പെട്ടുപോയ TUV300 എസ്‌യുവിയെ വരെ ബൊലേറോ നിയോയാക്കി പുറത്തിറക്കിയതും ചരിത്രമാണ്. ഇതിന് ശേഷം കൂടുതൽ ആളുകൾ കോംപാക്‌ട് എസ്‌യുവിയെ തേടിയെത്തിയെന്നതാണ് യാഥാർഥ്യവും. ഇപ്പോഴിതാ ബൊലേറോ ശ്രേണിയിലേക്ക് പുതിയ ബോൾഡ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

എസ്‌യുവികളുടെടോപ്പ് എൻഡ് വേരിയന്റുകളെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ബോൾഡ് എഡിഷൻ മോഡലുകൾ സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് കൂടുതൽ കോസ്മെറ്റിക് മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. അതായത് കാഴ്ച്ചയിലെ സ്റ്റൈൽ മാറ്റി നിർത്തിയാൽ മെക്കാനിക്കലായി പരിഷ്ക്കാരങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചുരുക്കം. എന്നിരുന്നാലും ബൊലേറോയിൽ എന്തെങ്കിലും പ്രത്യേകതകൾ വേണമെന്ന് വാശിപിടിക്കുന്നവർക്ക് നല്ലൊരു തെരഞ്ഞെടുപ്പായിരിക്കും ഇത്.
പുതുക്കിയ സൗന്ദര്യശാസ്ത്രത്തിലൂടെ ബൊലേറോ നിരയുടെ ആകര്‍ഷണം വർധിപ്പിക്കുകയാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. ബോള്‍ഡ് എഡിഷൻ ഈടിനും പ്രായോഗികതയ്ക്കും പ്രാധാന്യം നല്‍കുന്നത് തുടരുന്നുമുണ്ട്. ഇതോടൊപ്പം അകത്തും പുറത്തും കൂടുതല്‍ സ്റ്റൈൽ സമ്മാനിക്കാനുമാവുമ്പോൾ കൊടുക്കുന്ന പൈസ മുതലാവുകയും ചെയ്യും. ബൊലേറോയുടെയും ബൊലേറോ നിയോയുടെയും ഡിസൈൻ എങ്ങനെയാണെന്ന് പറഞ്ഞുതരാം.

ബൊലേറോ, ബൊലേറോ നിയോ ബോൾഡ് എഡിഷനുകളുടെ ഫ്രണ്ട് ഗ്രിൽ, ഫോഗ് ലാമ്പ് സറൗണ്ടുകൾ, സ്പെയർ വീൽ കവർ, റിയർ എയർ വെന്റുകൾ തുടങ്ങിയ പ്രധാന എക്സ്റ്റീരിയർ ഭാഗങ്ങളിലെല്ലാം ഡാർക്ക് ക്രോം ഡീറ്റെയിലിംഗ് ചേർത്തിരിക്കുന്നതാണ് ഇതിൽ പ്രധാനം. രണ്ട് വാഹനങ്ങളിലും ടെയിൽഗേറ്റിലും റിയർ ഫെൻഡറുകളിലും 'ബോൾഡ് എഡിഷൻ' ബാഡ്ജിംഗും കാണാമേ. അങ്ങനെ മൊത്തത്തിൽ അഴകാവാൻ ഇരുവർക്കുമായിട്ടുണ്ട്.
ബൊലേറോ, ബൊലേറോ നിയോ ബോൾഡ് എഡിഷനുകളുടെ ഇന്റീരിയറിലേക്കും സമാനമായ നവീകരണങ്ങൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര നടപ്പിലാക്കിയിട്ടുണ്ട്. ഡാഷ്‌ബോർഡ് ഡിസൈൻ മാറ്റമില്ലാതെ തുടരുകയാണെങ്കിലും അകത്തളം ഇപ്പോൾ പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ബോൾഡ് എഡിഷനുകളുടെ (Bold Edition) സീറ്റുകൾക്ക് ബ്ലാക്ക് അപ്ഹോൾസ്റ്ററിയിൽ അവതരിപ്പിച്ചിരിക്കുന്നതും മനോഹരമായിട്ടുണ്ടെന്ന് പറയാം.

ലെതറെറ്റ് പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, കൂടുതൽ സുഖസൗകര്യങ്ങൾക്കായി പുതിയ നെക്ക് പില്ലോകളും സീറ്റ് ബെൽറ്റ് കവറുകളും മഹീന്ദ്ര ബൊലേറോ നിയോ ബോൾഡ് എഡിഷനിൽ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ സ്റ്റാൻഡേർഡ് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ അൽപ്പം കൂടുതൽ ആഡംബരപൂർണമാണ് പുതിയ മോഡലുകളെന്ന് വേണം പറയാൻ. മുകളിൽ പറഞ്ഞതുപോലെ എസ്‌യുവികൾക്ക് മെക്കാനിക്കലായി മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
വിശ്വസനീയമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനോടെയാണ് ബോലേറോ ബോൾഡ് എഡിഷനും വിപണിയിലെത്തുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 74.9 bhp കരുത്തിൽ പരമാവധി 210 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ജനകീയമായെങ്കിലും ബൊലേറോയിൽ ഇതുവരെ ഈയൊരു സംവിധാനം മഹീന്ദ്ര വാഗ്‌ദാനം ചെയ്യാൻ തയാറായിട്ടില്ല. വാങ്ങുന്നവർ ഇതൊന്നും വണ്ടിയിൽ ആഗ്രഹിക്കുന്നില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.
ബൊലേറോ നിയോ ബോൾഡ് എഡിഷന് 98.5 bhp കരുത്തിൽ പരമാവധി 260 Nm torque നൽകുന്ന 1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് ഹൃദയം, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നതും. ഇതിലും ഓട്ടോമാറ്റിക് ഓപ്ഷൻ അവതരിപ്പിച്ചിട്ടില്ലെന്നത് രസകരമായി തോന്നിയേക്കാം. ഒപ്പം ബൊലേറോ ശ്രേണിയിൽ പെട്രോൾ എഞ്ചിന്റെ സാന്നധ്യവുമില്ല കേട്ടോ.


Click it and Unblock the Notifications








