വീട്ടുകാരുമായി ഒന്നിച്ച് കല്യാണത്തിന് പോവാം, മഹീന്ദ്രയുടെ 8-സീറ്റർ ഡീസൽ എംപിവിക്ക് 3 ലക്ഷം രൂപയുടെ കിഴിവ്
കൊവിഡിന് ശേഷം ഇന്ത്യൻ വാഹന വിപണിയിൽ 7 സീറ്റർ എംപിവികൾക്കും എസ്‌യുവികൾക്കുമെല്ലാം ഡിമാന്റ് ഏറിവരുന്ന കാഴ്ച്ച നാം കണ്ടതാണ്. കൊവിഡ് കാലത്തോടെ വലിയ കുടുംബങ്ങളെല്ലാം ഒന്നിച്ച് യാത്ര ചെയ്യാനായി ഇത്തരം മൂന്നുവരി വാഹനങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഒരു ടൊയോട്ട ഇന്നോവ അല്ലെങ്കിൽ മാരുതി എർട്ടിഗ മാത്രം ഉണ്ടായിരുന്ന ഈ വിഭാഗത്തിൽ ഇപ്പോൾ മോഡേൺ വണ്ടികളുടെ ആറാട്ടാണ്. ഇക്കൂടെ അധികമാരും ശ്രദ്ധിക്കാതെ പോയ മിടുക്കനായിരുന്നു മഹീന്ദ്രയുടെ മറാസോ. ഇന്നോവ ചൂടപ്പം പോലെ വിറ്റഴിയുന്നത് കണ്ട് അതേപോലെ തന്നെയൊരു എംപിവി വേണമെന്ന് ആഗ്രഹിച്ച കമ്പനി രൂപംകൊടുത്ത മോഡൽ എല്ലാം തികഞ്ഞൊരു മിടുക്കൻ തന്നെയായിരുന്നു.
എന്നാൽ എന്തുകൊണ്ടോ മഹീന്ദ്ര മറാസോയ്ക്ക് വിജയം കൊയ്യാനായില്ല. താരതമ്യേന വില കുറഞ്ഞ മാരുതി എർട്ടിഗയുടെ സ്വീകാര്യതയും ഇന്നോവയുടെ പ്രതാപവുമാവാം മോഡലിന് വിനയായത്. ഇന്നും ഇതിനൊരു കൃത്യമായ ഉത്തരം കണ്ടെത്താൻ വണ്ടിഭ്രാന്തൻമാർക്ക് പോലും സാധിച്ചിട്ടില്ല. നല്ല ഡീസൽ എഞ്ചിനും സ്പേസും യാത്രാസുഖവും എല്ലാമുണ്ടായിരുന്നെങ്കിലും മറാസോയ്ക്ക് ആളുകളെ പ്രീതിപ്പെടുത്താനായില്ല.

ടാക്‌സിയോടാൻ പലരും വാങ്ങിയെങ്കിലും ഒരു ഫാമിലി എംപിവിയാവാൻ മറോസായ്ക്ക് കഴിഞ്ഞില്ല. എങ്കിലും ചില മാറ്റങ്ങളെല്ലാം വരുത്തി ഇന്നും വാഹനം വിപണനത്തിന് എത്തിക്കുന്നുണ്ട് കമ്പനി. ഉത്സവ സീസൺ ആയതോടെ അഡാറ് ഓഫറുകൾ കൂടിയിട്ട് വണ്ടി വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2025 സെപ്റ്റംബർ മാസം മറാസോ വാങ്ങാനെത്തുന്നവർക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
സ്റ്റോക്ക് ലഭ്യത, സ്ഥലം, സംസ്ഥാനം എന്നിവയെ അനുസരിച്ച് ഓഫറിൽ വ്യത്യാസമുണ്ടായേക്കാം. അതിനാൽ കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. നിലവിൽ മഹീന്ദ്ര എംപിവിയുടെ എക്സ്ഷോറൂം വില 14.05 ലക്ഷം രൂപ മുതൽ 16.37 ലക്ഷം രൂപ വരെയാണ് വരുന്നത്. 7 അല്ലെങ്കിൽ 8 സീറ്റർ ഓപ്ഷനുകളോടെയും മോഡൽ സ്വന്തമാക്കാനാവും.

ലാഡർ-ഫ്രെയിം ഷാസി, ട്രാൻസ്‌വേഴ്‌സായി ഘടിപ്പിച്ച എഞ്ചിൻ, ഫ്രണ്ട് വീൽ ഡ്രൈവ് എന്നിവയുടെ സംയോജനം വരുന്ന അപൂർവം ചില മൾട്ടി പർപ്പസ് വാഹനത്തിൽ ഒന്നാണ് മറാസോ എന്നതും വേറിട്ടുനിർത്തുന്ന കാര്യമാണ്. സെഗ്‌മെൻ്റിൽ വിപ്ലവകരമായി കണക്കാക്കുന്ന സങ്കീർണമായ ഫോർഗ്‌ഡ് അലുമിനിയം സസ്പെൻഷൻ ഘടകങ്ങൾ പോലും മറാസോയിൽ ഉണ്ട് കേട്ടോ. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഉഗ്രനൊരു ഫാമിലി കാറായി മറാസോയെ പരിഗണിക്കാവുന്നതാണ്.
121 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മറാസോയുടെ ഹൃദയം. അതായത് നിലവിൽ ഥാർ RWD മോഡലിലും ഇതേ എഞ്ചിനാണ് ഉപോഗിക്കുന്നതെന്ന് ചുരുക്കം. ഇത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വരുന്നത്. ഓട്ടോമാറ്റിക് എംപിവിയിൽ ലഭ്യമല്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. പ്രത്യേകിച്ച് ഒരു ഫാമിലി കാറായി പരിഗണിക്കുന്നവർ നിരാശപ്പെടുന്ന പ്രധാനപ്പെട്ട കാര്യമാണിത്.

വീട്ടിലെ ലേഡീസിന് ഒന്ന് ഓടിക്കണമെന്ന് തോന്നിയാൽ പെട്ടുപോവും. അല്ലെങ്കിൽ മാനുവൽ ഗിയർബോക്‌സുള്ള കാറുകൾ ധൈര്യമായി ഓടിക്കുന്നവരാവണമെന്ന് മാത്രം. ഷാർക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് മഹീന്ദ്ര എംപിവിയുടെ ഏറ്റവും വലിയ എക്സ്റ്റീരിയർ ഹൈലൈറ്റ്. കാഴ്ച്ചയിലെ വലിപ്പം അകത്തും കിട്ടുന്നതിനാൽ 8 പേർക്ക് നെഞ്ചുംവിരിച്ച് എത്ര ദൂരം വേണമെങ്കിലും സുഖകരമായി പോവാം.
അതുപോലെ തന്നെ നല്ല റൈഡ് ക്വാളിറ്റി, ഡിഫ്യൂസും ഡയറക്ട് ഫംഗ്‌ഷനുകളുമുള്ള റിയർ എസി വെൻ്റുകൾ, രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ അല്ലെങ്കിൽ ബെഞ്ച് സീറ്റ് ഓപ്ഷൻ, റിയർ സൺ ബ്ലൈൻ്റുകൾ, മൂന്ന് നിരകളിലും മാന്യമായ സ്പേസും എംപിവിക്കുണ്ടെന്നത് ധൈര്യമായി പണം മുടക്കാനുള്ള കാര്യങ്ങളാണ്. ഇന്നോവയ്ക്കും എർട്ടിഗയ്ക്കും പുറമെ ഇപ്പോൾ കിയ കാരെൻസ് പോലുള്ള വമ്പൻമാരും മറാസോയ്ക്ക് നിലവിൽ വെല്ലുവിളിയാണ്.


Click it and Unblock the Notifications








