അരമണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാം, പ്രവർത്തനം ആരംഭിച്ച് മഹീന്ദ്രയുടെ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക്
ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റയോടും എംജിയോടും പടപൊരുതുന്നവരാണ് ഇന്ത്യക്കാരുടെ സ്വന്തം ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഏതൊക്കെ മോഡലുകൾ പുറത്തിറക്കിയിട്ടും ഇവി സെഗ്മെൻ്റിൽ ബ്രേക്ക്ത്രൂ ലഭിക്കാതിരുന്ന കമ്പനി BE 6, XEV 9e എന്നീ ബോൺ ഇലക്‌ട്രിക് എസ്‌യുവികൾ അവതരിപ്പിച്ചതോടെ തലവര മാറി. എന്ത് അക്രമത്തിനും റെഡിയായിട്ട് പിറന്ന വൈദ്യുത കാറുകൾ ലോകോത്തര നിലവാരം പുലർത്തിയതോടെ ഇന്ത്യൻ ടെസ്‌ലകൾ എന്ന വിളിപ്പേരും വീണു. കഴിഞ്ഞ വർഷം വിപണിയിലെത്തിയ രണ്ട് ഇ-എസ്‌യുവികളും ഇതിനോടകം 30,000 യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ചിട്ടുണ്ട്.
ഉപഭോക്താക്കളെ നിരാശരാക്കാൻ ഒരിക്കലും തയാറാവാത്തവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇവി വാങ്ങുന്നവർക്ക് എപ്പോഴും ആശങ്കയുള്ള കാര്യമാണ് ചാർജിംഗ്. ഒരപ ലോംഗ് ട്രിപ്പ് പോവണമെന്ന് വിചാരിച്ചാൽ ചാർജ് തീർന്ന് വഴിയിൽ കിടക്കുമോയെന്ന പേടിയാണ് ഏവരേയും പിന്നോട്ട് വലിക്കുന്ന കാര്യം. എന്നാൽ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവികൾ വാങ്ങുന്നവർക്ക് ഇനിയാ പേടി വേണ്ട കേട്ടോ.

കാരണം 180kW വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 250 ഇവി ചാർജിംഗ് സ്റ്റേഷനുകൾ രാജ്യവ്യാപകമായി സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ചാർജ് ഇൻ (Charge_IN) എന്ന് വിളിക്കപ്പെടുന്ന ഈ അൾട്രാ-ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ രണ്ടെണ്ണം ഇതിനകം തന്നെ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. 2027 അവസാനത്തോടെ മഹീന്ദ്ര മൊത്തത്തിലുള്ള ചാർജിംഗ് നെറ്റ്‌വർക്ക് 1,000-ത്തിലധികം ടച്ച്‌പോയിൻ്റുകളിലേക്ക് വികസിപ്പിക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
മഹീന്ദ്രയുടെ ആദ്യ ചാർജ് ഇൻ സ്റ്റേഷനുകൾ ബെംഗളൂരുവിലെ NH75 ലെ ഹോസ്‌കോട്ടിലും ഡൽഹിക്കടുത്തുള്ള NH44 ലെ മുർത്താലിലുമാണ് നിലവിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഒരേസമയം നാല് ഇലക്ട്രിക് വാഹനങ്ങൾ വരെ ചാർജ് ചെയ്യാൻ കഴിയുന്ന രണ്ട് 180kW അൾട്രാ-ഫാസ്റ്റ് ചാർജറുകളാണ് ഈ ചാർജിംഗ് സ്റ്റേഷനുകളിൽ സജ്ജീകരിച്ചിരിക്കുന്നതും. 248 ചാർജ് ഇൻ സ്റ്റേഷനുകൾ കൂടി വരാനിരിക്കുന്നുണ്ടെന്നും അവ രാജ്യത്തെ പ്രധാന ഹൈവേകളിലായിരിക്കും സ്ഥാപിക്കുകയെന്നും മഹീന്ദ്ര പറയുന്നു.

അതായത് ലോംഗ് ട്രിപ്പിന് പോവുന്നവർക്ക് ആശങ്കകളൊന്നുമില്ലാതെ ഇലക്‌ട്രിക് വാഹനങ്ങൾ കൂടെക്കൂട്ടാനാവുമെന്ന് ചുരുക്കം. റസ്റ്റോറൻ്റുകൾ, കഫേകൾ തുടങ്ങിയ വഴിയോര സൗകര്യങ്ങൾക്കൊപ്പമായിരിക്കും ഓരോ സ്റ്റേഷനും പ്രവർത്തിക്കുക എന്നതും യാത്രക്കാർക്ക് കൂടുതൽ സൌകര്യം നൽകും. അതിനാൽ ഇവി റീചാർജ് ചെയ്യുമ്പോൾ യാത്രക്കാർക്ക് വെറുതെ ഇരുന്ന് ബോറടിക്കേണ്ടി വരില്ല.
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളായ BE 6, XEV 9e വരാനിരിക്കുന്ന XEV 9S എന്നിവയുടെ ഉടമകൾക്ക് ചാർജ് ഇൻ സ്റ്റേഷനുകളിലൂടെ വെറും 20 മിനിറ്റിനുള്ളിൽ അവരുടെ എസ്‌യുവികൾ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതായത് അരമണിക്കൂറുണ്ടെങ്കിൽ പൂർണമായും ചാർജ് ചെയ്‌ത് യാത്ര തുടരാനാവുമെന്ന് സാരം. മഹീന്ദ്രയുടെ മീഫോർയൂ (Me4U) ആപ്പ് ഉപയോഗിച്ച് ചാർജ് ഇൻ സ്റ്റേഷനുകൾ കണ്ടെത്താനും ചാർജ് ചെയ്യാനും, പണമടയ്ക്കാനും കഴിയും.

അതേസമയം മറ്റ് ബ്രാൻഡുകളുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകൾക്ക് ചാർജ് ഇൻ ബൈ മഹീന്ദ്ര (Charge_IN by Mahindra) ആപ്പ് വഴി ചാർജിംഗ് നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ കഴിയും. BE 6, XEV 9e എന്നിവയുടെ വലിയ വിജയത്തിന് ശേഷം പുത്തനൊരു ഇലക്‌ട്രിക് വാഹനം കൂടി ഇന്ത്യക്കാർക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടീസർ വീഡിയോകളിലൂടെ ഹൈപ്പുയർത്തി വെച്ചിരിക്കുന്ന XEV 9S സെവൻ സീറ്റർ ഇലക്ട്രിക് എസ്‌യുവിയാണ് അടുത്തതായി രംഗപ്രവേശം ചെയ്യുന്നത്.
നവംബർ 26-ന് അതായത് നാളെയാണ് മഹീന്ദ്ര XEV 9S ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. ബോൺ ഇലക്ട്രിക് INGLO സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ ആദ്യത്തെ ഫുള്ളി ഇലക്ട്രിക് ത്രീ-റോ എസ്‌യുവിയായിരിക്കും XEV 9S. . XEV 9e, BE 6 എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന അതേ 59kWh, 79kWh LFP ബാറ്ററി പായ്ക്കുകൾ തന്നെയാവും പുതിയ XEV 9S ഇവിയിലും ഉപയോഗിക്കുകയെന്നാണ് അനുമാനം.


Click it and Unblock the Notifications








