ടാറ്റയ്ക്കും ഹ്യുണ്ടായിക്കും കാര്യങ്ങൾ എളുപ്പമാക്കും, വിൽപ്പന കത്തിക്കയറുമ്പോൾ ഇതുവേണ്ടിയിരുന്നില്ല മഹീന്ദ്രേ
ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് എന്നീ ശക്തൻമാരെ പിന്നിലാക്കി വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന പദവി കൈപ്പിടിയിൽ ഭദ്രമാക്കിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എസ്‌യുവികൾ മാത്രം വിൽക്കുന്നൊരു കമ്പനിക്ക് എങ്ങനെ ഈയൊരു കാര്യം ഇത്ര അനായാസം കൈവരിക്കാനായതെന്ന അത്ഭുതത്തിലാണ് പലരും. നല്ല ഒന്നാന്തരം സേഫ്റ്റിയും മേഡേൺ ഫീച്ചറുകളും യൂറോപ്യൻ കാറുകളെ പോലും നാണിപ്പിക്കുന്ന ഡിസൈനും എല്ലാം കോർത്തിണക്കി വണ്ടിയിറക്കിയാൽ വില നോക്കാതെ ഇന്ത്യക്കാർ വാങ്ങുമെന്ന് മഹീന്ദ്ര കാണിച്ചുതന്നു. കൂട്ടത്തിൽ സ്കോർപിയോയുടേയും ബൊലേറോയുടേയും ഥാറിന്റേയുമെല്ലാം ജനപ്രീതി കൂടിയായപ്പോൾ സംഗതി കളറായെന്ന് വേണം പറയാൻ.
2025 ജൂൺ മാസത്തെ വിൽപ്പന കണക്കുകളിൽ നേട്ടമുണ്ടാക്കിയ ചുരുക്കം ചില വാഹന നിർമാതാക്കളിൽ ഒരാൾ കൂടിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സാക്ഷാൽ മാരുതിക്ക് വരെ കച്ചോടത്തിൽ അടിപതറിയപ്പോൾ ഹീന്ദ്ര ശക്തമായ മുന്നേറ്റം തുടർന്നത് ശ്രദ്ധേയമായി. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ജൂണിൽ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ മഹീന്ദ്ര വാർഷിക കണക്കുകളി 18 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഇന്ത്യൻ എസ്‌യുവി ബ്രാൻഡ് 2025 ജൂണിൽ 47,306 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 40,022 യൂണിറ്റായിരുന്നു. XUV 3XO, ഥാർ റോക്സ്, ബോൺ ഇലക്ട്രിക് എസ്‌യുവികളായ XEV 9e, BE 6 എന്നിവയുടെ വരവാണ് അടുത്തിടെയായി വിൽപ്പന ഇത്രത്തോളം പിടിച്ചുനിർത്താൻ സഹായിച്ചത്. സ്കോർപിയോ, XUV700, ബൊലേറോ തുടങ്ങിയ ബെസ്റ്റ് സെല്ലർ വണ്ടികൾക്ക് പുറമെ ഈ മോഡലുകൾ കൂടി എത്തിയതോടെ ആളുകൾ ഷോറൂമുകളിലേക്ക് ഒഴുകിയെത്തി.
വൈവിധ്യമാർന്ന എസ്‌യുവി ശ്രേണിയും വളരുന്ന ഇവി നിരയും പ്രയോജനപ്പെടുത്തി 2026 സാമ്പത്തിക വർഷത്തിൽ 15-20 ശതമാനം വളർച്ചയാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. എന്നാൽ മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ പദ്ധതിയിട്ടിരുന്നവരെ നിരാശപ്പെടുത്തുന്നൊരു തീരുമാനം കമ്പനിയിൽ നിന്നും ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. എന്താണന്നല്ലേ, മോഡൽ നിരയിൽ വില പരിഷ്ക്കാരം നടത്താൻ മഹീന്ദ്ര ആലോചിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്.

ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് തങ്ങളുടെ മുഴുവൻ വാഹന നിരയിലും വില വർധനവ് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുന്നതായി മഹീന്ദ്ര വെളിപ്പെടുത്തിയത്. പണപ്പെരുപ്പവും വിപണിയിലെ മറ്റ് വെല്ലുവിളികളും കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു. എന്നാൽ എടുത്തുചാടിയൊരു തീരുമാനം ബ്രാൻഡിൽ നിന്നുമുണ്ടാവില്ല.
സാമ്പത്തിക സാഹചര്യങ്ങളും ഉയർന്നുവരുന്ന ഇൻപുട്ട് ചെലവുകളും ശ്രദ്ധാപൂർവ്വം വിലയിരുത്തിയതിനുശേഷം മാത്രമേ വില പരിഷ്ക്കരിക്കുന്നതിനുള്ള ഏതൊരു തീരുമാനവും എടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിതരണ ശൃംഖലയിലെ വെല്ലുവിളികളെ നേരിടാനുള്ള പദ്ധതികളും മഹീന്ദ്ര തയാറാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹന നിർമാണത്തിന് ആവശ്യമായ റെയർ എർത്ത് എലമെന്റ്‌സിന്റെ ശക്തമായ ഇൻവെന്ററി കമ്പനിക്കാവശ്യമായുണ്ട്.

ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കാരണം ആഗോളതലത്തിൽ റെയർ എർത്ത് എലമെന്റ്‌സിന്റെ ക്ഷാമം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നതിനും ബദൽ വിതരണക്കാരെയും ഘടകങ്ങളെയും കമ്പനി സജീവമായി പരിഗണിക്കുന്നുമുണ്ട്. XEV 9e, BE 6 എന്നിവയ്‌ക്കായി മഹീന്ദ്ര തങ്ങളുടെ ഏറ്റവും മികച്ച വേരിയന്റായ പായ്ക്ക് 3 മോഡലിന്റെ 4,000 യൂണിറ്റുകൾ പ്രതിമാസം നിർമ്മിച്ച് വിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഉത്സവ സീസണിന് മുമ്പ് താങ്ങാനാവുന്ന വിലയിൽ പായ്ക്ക് 1, പായ്ക്ക് 2 വേരിയന്റുകൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്തായാലും വില വർധനവ് അധികം വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇനി എസ്‌യുവികൾ വാങ്ങാനിരിക്കുന്നവർക്ക് അതൊരു വലിയ തലവേദന ആയേക്കും. അതിന് മുമ്പ് ഷോറൂമിൽ പോയി വാഹനം ഇപ്പോഴേ ബുക്ക് ചെയ്‌തിടാനും സാധിക്കുമേ.


Click it and Unblock the Notifications








