ഇടംകാൽ ഫ്രീയാക്കാം, ക്ലച്ചിന്റെ പേടിയും വേണ്ട! 7-സീറ്റർ ഓട്ടോമാറ്റിക് എസ്‌യുവിക്ക് വിലകുറച്ച് മഹീന്ദ്ര
ഓട്ടോമാറ്റിക് കാറുകൾക്ക് ഡിമാന്റ് ഏറിവരുന്ന കാലമാണിത്. റോഡിലെ തിരക്ക് ക്രമാനുഗതമായി കൂടുന്നതും ഓടിക്കാനുള്ള എളുപ്പവും കൂടുതൽ മൈലേജ് കിട്ടുമെന്നതുമാണ് ആളുകളെ ക്ലച്ച്ലെസ് സാങ്കേതികവിദ്യയിലേക്ക് ആകർഷിക്കുന്നത്. ഇതിൽ മെയിൻ ക്ലച്ചിന്റെ ശല്യമില്ലാതെ ഓടിക്കാമല്ലോ എന്നതുതന്നെയാണ്. കയറ്റത്തും മറ്റും നിർത്തേണ്ടിവന്നാൽ ഹാഫ്ക്ലച്ച് താങ്ങിയെടുക്കുന്ന പരിപാടിയൊന്നും ഓട്ടോമാറ്റിക്കിൽ ആവശ്യമില്ലല്ലോ. പക്ഷേ മാനുവൽ വേരിയന്റുകളേക്കാൾ കൂടുതൽ പണം മുടക്കേണ്ടതായുണ്ട്. ഇത് പലർക്കും ഒരു തലവേദനയായി വന്നിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന തങ്ങളുടെ എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റിന്റെ വില കുത്തനെ കുറച്ച് മാതൃകയായിരിക്കുകയാണ് മഹീന്ദ്ര.
സ്കോർപിയോ N എസ്‌യുവികളുടെ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഇനി മുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്നത്. പുതിയ ക്ലച്ച്ലെസ് മോഡലുകളെ കമ്പനി അവതരിപ്പിച്ചതോടെയാണ് വിലയിൽ കുറവ് സംഭവിച്ചിരിക്കുന്നത്. മഹീന്ദ്ര സ്കോർപിയോ N ഓട്ടോമാറ്റിക് പതിപ്പ് നിലവിൽ Z6, Z8, Z8L എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. Z4 വേരിയന്റിലേക്ക് കൂടിയാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്‌തിരിക്കുന്നത്.

സ്കോർപിയോ N Z4 മാനുവൽ വേരിയന്റിന് 17.39 ലക്ഷം രൂപയും പുതിയ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പുകൾക്ക് 17.86 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. 7 സീറ്റർ കോൺഫിഗറേഷനിൽ മാത്രം വിൽക്കുന്ന സ്കോർപിയോ N Z4 മറ്റ് ഫീച്ചറുകളാലും സമ്പന്നമായ വാഹനമാണ് കേട്ടോ. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, പ്ലാസ്റ്റിക് കവറുള്ള 17 ഇഞ്ച് വീലുകൾ, റിയർ സ്‌പോയിലർ എന്നിവയാണ് ഇതിൽ കിട്ടുന്ന ചില പ്രധാന സവിശേഷതകൾ.
8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, രണ്ടാം നിര എസി വെന്റുകൾ, ഫാബ്രിക് അപ്ഹോൾസ്റ്ററി തുടങ്ങിയ ഫീച്ചറുകളാലും സ്കോർപിയോ N Z4 ഓട്ടോമാറ്റിക് വേരിയന്റുകൾ സമ്പന്നമാണ്. ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ ഹോൾഡ്, ഡിസെന്റ് കൺട്രോളുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇതിലുണ്ട്.

സ്കോർപിയോ N Z4 ട്രിമ്മിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്‌സിനൊപ്പെ 203 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഓട്ടോമാറ്റിക്കിൽ 203 bhp പവറും 380Nm ടോർക്കുമാണ് എസ്‌യുവി നിർമിക്കുന്നത്.
അതേസമയം ഡീസൽ എഞ്ചിൻ രണ്ട് ഗിയർബോക്സുകളിലും 132 bhp കരുത്തിൽ 300 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കും. Z4 സ്റ്റാൻഡേർഡായി RWD ലേഔട്ടിലാണ് വാഗ്ദാനം ചെയ്യുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. എന്നിരുന്നാലും ഓപ്ഷണൽ Z4 (E) ഡീസൽ വേരിയന്റിൽ 4WD സിസ്റ്റം ആളുകൾക്ക് ലഭിക്കും. 2025 മെയ് മാസത്തിൽ 14,401 യൂണിറ്റുകളുടെ വിൽപ്പന സ്കോർപിയോ N, ക്ലാസിക് മോഡലുകൾക്ക് നേടാനായിരുന്നു.

മഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 13.99 ലക്ഷം രൂപ മുതൽ 25.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകൾ മാത്രമുള്ള സ്കോർപിയോ ക്ലാസിക്കിന് 13.77 ലക്ഷം മുതൽ 17.72 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇത്തരത്തിൽ ചില വേരിയന്റ് പരിഷ്ക്കാരങ്ങളുമായി സ്കോർപിയോ N ജനപ്രീതി നേടിയെടുക്കുന്നുണ്ട്.
അടുത്തിടെ സ്കോർപിയോ N നിരയിലേക്ക് കാർബൺ എഡിഷൻ എന്നൊരു വ്യത്യസ്‌ത വേരിയന്റിനേയും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ സ്കോർപിയോയുടെ ബ്ലാക്ക് എഡിഷനായി ഇതിനെ കരുതാം. പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന സ്പെഷ്യൽ എഡിഷന് അന്യായ റോഡ് പ്രസൻസാണ് നൽകാനാവുക. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ കാണുന്ന ക്രോമിന്റെ ഉപയോഗം നന്നേ കുറച്ചാണ് എസ്‌യുവി പണിതീർത്തിരിക്കുന്നത്.


Click it and Unblock the Notifications








