ഇന്നോവ വേണമെന്ന് വാശി പിടിക്കുന്നവർ പോലും ഈ ഗ്ലാമറിൽ വീഴും, കറുപ്പണിഞ്ഞ് എസ്‌യുവികളിലെ ബിഗ് ഡാഡി
ഇന്ത്യയിൽ ഏറ്റവും ഫാൻസുള്ള സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര സ്കോർപിയോ. എസ്‌യുവികളിലെ ബിഗ് ഡാഡി എന്ന വിശേഷണമുള്ള നമ്മുടെ ഐക്കണിക് വാഹനം പലരുടേയും ഡ്രീം കാറുകളിൽ ഒന്നാണ്. പ്രത്യേകിച്ച് ഏറ്റവും പുതിയ N മോഡൽ. അന്യായ ലുക്കും അഡാറ് ഫീച്ചറുകളും ഒടുക്കത്തെ സേഫ്റ്റിയുമെല്ലാമായി വരുന്ന സ്കോർപിയോ N മോഹിക്കാത്ത വണ്ടിപ്രേമികളുണ്ടാവില്ലല്ലോ. എല്ലാ മാസവും പതിനായിരക്കണക്കിന് സ്കോർപിയോകൾ നിരത്തിലിറങ്ങുന്ന നാട് കൂടിയാണ് നമ്മുടെ ഇന്ത്യ. ഇപ്പോഴിതാ പുതുതലമുറ ആവർത്തനമായ N പതിപ്പ് 2 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയും പിന്നിട്ട് കുതിക്കുകയാണ്.
ഈ അസുലഭ നിമിഷം ആഘോഷിക്കുവാനായി സ്കോർപിയോ N എസ്‌യുവിയുടെ കാർബൺ എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. 19.19 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡലിന് Z8, Z8L എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സ്വന്തമാക്കാനാവും. രണ്ടാമത്തെ ടോപ്പ് മോഡലിന് 24.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ശരിക്കും പറഞ്ഞാൽ സ്കോർപിയോയുടെ ബ്ലാക്ക് എഡിഷൻ മോഡൽ എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാനാവും. പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന വാഹനത്തിന് അന്യായ ലുക്കാണെന്ന് പറയാതെ വയ്യ. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ കാണുന്ന ക്രോമിന്റെ ഉപയോഗം നന്നേ കുറച്ചാണ് എസ്‌യുവിയുടെ വരവ്. ക്രോം ഡോർ ഹാൻഡിലുകളും വിൻഡോ സൈഡ് മോൾഡിംഗിനുമെല്ലാം ബ്ലാക്ക് ഫിനിഷാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇതോടൊപ്പം 18 ഇഞ്ച് അലോയ് വീലുകൾക്കും റൂഫ് റെയിലുകൾക്കും സമാനമായ ഡാർക്ക് തീമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ സ്റ്റെൽത്ത് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷനിൽ മാത്രമാണ് ഏറ്റവും പുതിയ മഹീന്ദ്ര സ്കോർപിയോ N കാർബൺ എഡിഷൻ വാങ്ങാനാവുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത് കേട്ടോ.

ഡാഷ്‌ബോർഡ്, ലെതറെറ്റ് സീറ്റുകൾ എന്നിവയെല്ലാം കറുപ്പിൽ ഒരുങ്ങിയിരിക്കുന്നത് കാണാൻ വല്ലാത്തൊരു ചേലാണെന്ന് നിസംശയം പറയാനാവും. റൂഫ് ലൈനറും ഡോർ ട്രിമ്മുകളും വരെ കറുപ്പിച്ചുകൊണ്ടാണ് വരുന്നത്. 7-സീറ്റർ ഓപ്ഷനിലാണ് സ്കോർപിയോ N കാർബൺ എഡിഷൻ വിപണിയിലെത്തുന്നത് എന്നതും പ്രായോഗികമായ കാര്യമാണ്. പിന്നെ എസ്‌യുവിയുടെ ഫീച്ചർ നിര എത്രത്തോളം സമ്പന്നമാണെന്ന് പറയേണ്ടതില്ലല്ലോ.
8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ഡ്യുവൽ സോൺ എസി, 12 സ്പീക്കറുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം അതേപടി നിലനിർത്തിയിട്ടുള്ളതിനാൽ ഫീച്ചറുകളും സമാനമാണെന്ന് വേണം പറയാൻ. 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡലിൽ നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL) എന്നീ സേഫ്റ്റി ഫീച്ചറുകളും സ്റ്റാൻഡേർഡായി ലഭിക്കും.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഏറ്റവും പുതിയ മഹീന്ദ്ര സ്കോർപിയോ N കാർബൺ എഡിഷനുകൾക്കും തുടിപ്പേകുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 197 bhp പവറിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വേണ്ടതെങ്കിൽ 173 bhp പവറിൽ 400 Nm torque വരെ ലഭിക്കുമെന്നും മഹീന്ദ്ര പറയുന്നു.
6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിക്കൊപ്പം വരുന്നത്. സ്കോർപിയോ N സ്റ്റാൻഡേർഡായി റിയർ-വീൽ ഡ്രൈവുമായി വരുമ്പോൾ ടോപ്പ് എൻഡ് ഡീസൽ മോഡലിൽ ഫോർ-വീൽ-ഡ്രൈവ് ഓപ്ഷനും ലഭിക്കും. ഇന്ത്യയിൽ ടാറ്റ സഫാരി, എംജി ഹെക്‌ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ പോലെയുള്ള വമ്പൻമാരുമായിട്ടാണ് സ്കോർപിയോയുടെ പ്രധാന മത്സരം.


Click it and Unblock the Notifications








