കൂട്ടിയിടിക്കാതെ വണ്ടിനോക്കിക്കോളും, ഇന്നോവ വാങ്ങുന്ന പൈസ പോലുമാവില്ല! സ്കോർപിയോയിൽ ADAS
മഹീന്ദ്രയ്ക്ക് മുഖംസമ്മാനിച്ച സ്കോർപിയോ (Mahindra Scorpio N) വിപണിയിൽ ആറാടുകയാണ്. രണ്ട് തലമുറ ആവർത്തനങ്ങളിലായി ലക്ഷക്കണക്കിന് സ്കോർപിയോകളാണ് ഇന്ന് നമ്മുടെ നിരത്തുകളിൽ വാഴുന്നത്. കാലത്തിനൊത്ത് മാറാൻ എസ്‌യുവിക്ക് സാധിക്കുന്നതിനാലാണ് ഇന്നും ചൂടപ്പം പോലെ വിറ്റഴിയുന്നതിന് കാരണം. ഇപ്പോഴിതാ ലെവൽ 2 ADAS സേഫ്റ്റി ഫീച്ചറുകൾ കോർത്തിണക്കി സ്കോർപിയോ N വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. Z8L വേരിയന്റിൽ പുറത്തിറക്കിയ എസ്‌യുവിക്ക് 21.35 ലക്ഷം മുതൽ 25.42 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഇതോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള ഒരു പുതിയ Z8T വേരിയന്റും സ്കോർപിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സ്കോർപിയോ N മോഡലിന്റെ Z8L വേരിയന്റിന് താഴെയായിരിക്കും ഇടംപിടിക്കുക. 20.29 ലക്ഷം മുതൽ 24.36 ലക്ഷം വരെയാണ് പുതുവേരിയന്റിനായി ചെലവഴിക്കേണ്ടി വരിക. ADAS ടെക്കുള്ള മഹീന്ദ്ര സ്കോർപിയോ N Z8L മോഡൽ 6 സീറ്റർ, 7 സീറ്റർ വേരിയന്റുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ തിരഞ്ഞെടുക്കാം.

2WD അല്ലെങ്കിൽ 4x4 പതിപ്പുകളിൽ വേർഷനിലും അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലഭ്യമാവും. ഫോർവേഡ് കൊളീഷൻ വാണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ് ഗോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് തുടങ്ങിയ എക്സ്ക്ലൂസീവ് സവിശേഷതകളും സ്കോർപിയോ-എൻ ADAS-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെ പത്തിലധികം ഫീച്ചറുകളാണ് എസ്‌യുവിയുടെ ലെവൽ 2 ADAS സ്യൂട്ടിൽ ലഭ്യമാവുക. പുതുതായി പുറത്തിറക്കിയ സ്കോർപിയോ N Z8T, Z8 ശ്രേണിയുടെ മിഡിൽ വേരിയന്റുകളായാണ് വരുന്നത്. 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാക്കിയിട്ടുണ്ടെന്നത് കൂടുതൽ ആളുകളെ ആകർഷിക്കാൻ മഹീന്ദ്രയെ സഹായിക്കും.

ADAS കൂടാതെ 12-സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ-ഡിമ്മിംഗ് IRVM-കൾ തുടങ്ങിയ പ്രീമിയം സവിശേഷതകൾ പുതിയ വേരിയന്റിൽ ഉൾപ്പെടുന്നു. 18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളാണ് സ്കോർപിയോ N Z8T വേരിയന്റിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർഡ് ഡ്രൈവർ സീറ്റ് തുടങ്ങിയ മികച്ച സുഖസൗകര്യങ്ങളും മോഡലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുകളിൽ പറഞ്ഞതുപോലെ സ്കോർപിയോ N എസ്‌യുവി രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ 200 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളകാണ്. 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ വ്യത്യസ്ത പവർ ഔട്ട്‌പുട്ട് കണക്കുകളുള്ള രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് എത്തുന്നത്.

ഇതിൽ ബേസ് മോഡലുകളിൽ എംഹോക്ക് എഞ്ചിൻ 130 bhp കരുത്തിൽ 300 Nm ടോർക്ക് നൽകുമ്പോൾ ഉയർന്ന വേരിയന്റുകളിൽ എഞ്ചിൻ കരുത്ത് 172 bhp പവറിൽ 400 Nm ടോർക്കായി മാറുന്നു. 4XPLOR ടെറൈൻ മാനേജ്‌മെന്റ് സിസ്റ്റമുള്ള 4x4 വേരിയന്റുകളും എസ്‌യുവി നിരയിലുള്ളതിനാൽ അത്യാവിശ്യം ഓഫ്-റോഡിംഗിലൊക്കെ വാഹനം കൊണ്ടുപോവാനാവും. എന്നാൽ ഇവ ഡീസൽ മോഡലുകളിൽ മാത്രമായാണ് പരിമിതപ്പെടുത്തിയിട്ടുണ്ട്.
പെട്രോളിൽ 4x4 സംവിധാനം ലഭ്യമല്ലെന്ന് സാരം. പകരം പെട്രോൾ വേണ്ടവർ 2WD സെറ്റപ്പ് വെച്ച് തൃപ്ത്തിപ്പെടേണ്ടി വരും. Z2, Z4, Z6, Z8S, Z8, Z8L എന്നീ അഞ്ച് പ്രൈമറി വേരിയന്റുകളിലാണ് മഹീന്ദ്ര സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. സ്കോർപിയോ N ശ്രേണിക്ക് വിലയുടെ കാര്യത്തിലേക്ക് വന്നാൽ 13.99 ലക്ഷം രൂപ മുതൽ 25.15 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് എക്സ്ഷോറൂം വിലയും വരുന്നത്.


Click it and Unblock the Notifications








